സീരിയൽ താരം രേഖ രതീഷ് തനിക്കെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ചു. യൂട്യൂബർമാരുടെ വ്യക്തിഹത്യക്കെതിരെ നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
കലങ്ങളായി മലയാളം സീരിയൽ രംഗത്ത് സജീവമായി നിൽക്കുന്ന നടിയാണ് രേഖ രതീഷ്. മലയാളത്തിലെ പ്രമുഖ ചാനലുകളിൽ സുപ്രധാന കഥാപാത്രങ്ങൾ ചെയ്ത് മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ രേഖയ്ക്ക് അടുത്തിടെ വലിയ തോതിൽ സൈബറാക്രമണം നേരിടേണ്ടി വന്നിരുന്നു. ഒരു കൂട്ടം യുട്യൂബേഴ്സ് തന്നെ തോജോവധം ചെയ്യുകയാണെന്നും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് പോകുന്നതെന്നും പറഞ്ഞ് രേഖ രംഗത്തെത്തുകയും മുഖ്യമന്ത്രിയ്ക്ക് പരാതി നൽകുകയും ചെയ്തു.
ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുയാണ് രേഖ രതീഷ്. തന്നെ പറ്റി പറയുന്ന കാര്യങ്ങൾ പ്രശ്നമല്ല, പക്ഷേ മകനെ ബാധിക്കും എന്ന് തോന്നുമ്പോൾ വിഷമിക്കാറുണ്ടെന്നാണ് രേഖ പറയുന്നത്. ഈ ലോകത്ത് എന്തെല്ലാം കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും പീഡനങ്ങൾക്കെതിരെ ഒരു ചെറുവിരൽ ഉയർത്താൻ പോലും ആരും തയ്യാറാകുന്നില്ലെന്നും അവർ പറയുന്നു. നമ്മളെ കുറ്റപ്പെടുത്താനും കമന്റിടാനുമാണ് എല്ലാവരും ശ്രമിക്കുന്നതെന്ന് പറഞ്ഞ രേഖ, കുറേ ദിവസം കഴിയുമ്പോൾ തന്നെ താനെ അവരത് നിർത്തുമെന്നും പറഞ്ഞു.
"പറയുന്നവര്‍ പറയട്ടെ. എന്നെ പറ്റി പറയുമ്പോള്‍ പ്രശ്നമൊന്നും തോന്നാറില്ല. ഇനി തോന്നുകയും ഇല്ല. പക്ഷേ മകനെ ബാധിക്കും എന്ന് തോന്നുമ്പോൾ വിഷമിക്കാറുണ്ട്. ആ സമയത്ത് മാത്രമാണ് ഞാന്‍ ചിലപ്പോള്‍ പ്രതികരിക്കുന്നത്. പുതുതായി എനിക്കെതിരെ പറയാന്‍ ഒന്നുമില്ല. മുന്‍പ് പറഞ്ഞ കാര്യങ്ങളെ ഇപ്പോഴും അവര്‍ക്ക് പറയാനുള്ളൂ. എന്നെക്കാളും വലിയ വമ്പന്‍ന്മാരുണ്ട്. നമ്മുടെ കുഞ്ഞ് കുഞ്ഞ് കാര്യങ്ങളെടുത്തോണ്ട് നമ്മുടെ പിന്നാലെ വരുന്ന ഓരോ ആള്‍ക്കാരും മനസിലാക്കേണ്ടൊരു കാര്യമുണ്ട്. ഈ ലോകത്ത് എന്തെല്ലാം കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. ഒരു സൈഡില്‍ യുദ്ധം നടക്കുന്നു. മറ്റൊരു സൈഡില്‍ പീഡനങ്ങള്‍ നടക്കുന്നു. ഇതിനെ ചോദ്യം ചെയ്യാന്‍, ഒരു ചെറു വിരല്‍ അനക്കാന്‍ ആരും തയ്യാറല്ല. നമ്മളെ കുറ്റപ്പെടുത്താനും കമന്‍റിടാനുമാണ് അവര്‍ ശ്രമിക്കുന്നത്. കുറേ ദിവസം പറയുമ്പോള്‍ തന്നെത്താനെ നിര്‍ത്തും", എന്നായിരുന്നു രേഖ രതീഷിന്റെ പ്രതികരണം. ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.



