സോഷ്യൽ മീഡിയയിലെ പ്രിയ താരദമ്പതികളായ അഭിലാഷിനും ശ്രീകുട്ടിക്കും (അഭിശ്രീ) ആൺകുഞ്ഞ് പിറന്നു. നിരവധി പേർ ദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തി.
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പരിചിതമായ പേരായിരിക്കും അഭിശ്രീ. മിനിസ്ക്രീൻ താരമായ അഭിലാഷും ഭാര്യ ശ്രീക്കുട്ടിയുമാണ് ഈ പേരിനു പിന്നിലെ താരങ്ങൾ. ഇൻസ്റ്റഗ്രാമിലും യുട്യൂബിലും ഇതേ പേരിൽ തന്നെയാണ് ഇവർ അറിയപ്പെടുന്നതും. ഇത്തവണത്തെ ബിഗ്ബോസിലും അഭിലാഷ് മാറ്റുരച്ചിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ ആദ്യ കൺമണിയെത്തിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അഭിശ്രീ. ആൺകുട്ടിയാണ് ഇരുവർക്കും പിറന്നിരിക്കുന്നത്.
'ഇറ്റ്സ് എ ബോയ്' എന്ന ക്യാപ്ഷനോടെ അഭിലാഷും ശ്രീക്കുട്ടിയും തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. കുഞ്ഞിന്റെ വരവിനു മുൻപെടുത്ത ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. സെലിബ്രിറ്റികളടക്കം നിരവധിയാളുകൾ ഇവരുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഗർഭകാലത്തെ വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് പങ്കുവെയ്ക്കാറുണ്ടായിരുന്നു.
ടിക് ടോക്കിലൂടെ സോഷ്യൽ മീഡിയയിൽ ചുവടുവച്ച ആളാണ് അഭിലാഷ്. ഇന്ന് യുട്യൂബിലും നിരവദി ആരാധകരുണ്ട് ഇദ്ദേഹത്തിന്. ഡാൻസ് ആണ് അഭിശ്രീയുടെ പ്രധാന ഏരിയ. സോഷ്യൽ മീഡിയയാണ് അഭിലാഷിന്റെ പ്രധാന തട്ടകം. എങ്കിലും ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് കൂടുതൽ ശ്രദ്ധേയനാകുന്നത്. കാലിന് സ്വാധീനം ഇല്ലെങ്കിലും അതിനെ ഒരു കുറവായി കാണാതെ മികച്ച രീതിയിൽ ഡാൻസ് അവതരിപ്പിച്ച് മുന്നേറിയ അഭിലാഷ് ഏറെ കയ്യടികൾ നേടിയിരുന്നു.
അഭിലാഷിന്റെ ശാരീരിക പരിമിതികളെയോ പ്രതിസന്ധികളെയോഒന്നും നോക്കാതെ പ്രണയിച്ചയാളാണ് ശ്രീക്കുട്ടി. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ, വീട്ടിലെ എതിർപ്പുകളെല്ലാം തരണം ചെയ്താണ് അഭിലാഷും ശ്രീക്കുട്ടിയും ഇരുവരും ജീവിതത്തിൽ ഒന്നിച്ചത്. ഇതിന്റെ പേരിൽ ട്രോളുകളും വിമർശനങ്ങളും ഇവർക്കെതിരെ വന്നു. അവയൊന്നും കാര്യമാക്കാതെ ശ്രീക്കുട്ടിയും അഭിലാഷും പൊരുതി. ഇന്ന് സോഷ്യൽ മീഡിയയിലെ പ്രിയതാരദമ്പതികളായി മാറി.



