മറ്റുള്ളവരെ ഉപദ്രവിക്കാതെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുമ്പോഴും, തൻ്റെ പേരിൽ മകൻ ബർണാഡ് ആരുടെ മുന്നിലും തലകുനിക്കാൻ ഇടവരരുതെന്ന് നിർബന്ധമുണ്ടെന്ന് മഞ്ജു പത്രോസ്.
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു മലയാളികൾക്ക് പരിചിതയാകുന്നത്. ഷോയ്ക്ക് ശേഷം അഭിനയത്തിലേക്ക് കടന്ന താരം ഇതിനകം നിരവധി സീരിയലുകളും സിനിമകളും ചെയ്തു കഴിഞ്ഞു. സോഷ്യൽ മീഡിയയിലും സജീവമായ മഞ്ജുവിന് ബ്ലാക്കീസ് എന്ന പേരിലൊരു യൂട്യൂബ് ചാനലുമുണ്ട്. ഇപ്പോഴിതാ തന്റെ പേരിൽ നാളെ ഒരാളുടെ മുന്നിലും മകൻ ബര്‍ണാഡ് തലകുനിക്കേണ്ടി വരരുതെന്ന നിർബന്ധം തനിക്കുണ്ടെന്ന് പറയുകയാണ് മഞ്ജു പത്രോസ്.
"മറ്റുള്ളവരുടെ ഇഷ്ടത്തിന് അനുസരിച്ച് നമുക്ക് ഒരുപാട് കാലമൊന്നും ജീവിക്കാന്‍ പറ്റില്ല. അവസാനം നമുക്ക് ഭ്രാന്ത് പിടിച്ച്, കിളി പാറി പോകും. നമ്മുടെ മനസിന് തൃപ്തി തരുന്നത് എന്താണോ അത് ചെയ്യുക. മറ്റുള്ളവരെ ഉപദ്രവിക്കാതെ. എനിക്ക് ഒരു മകനുണ്ട്. അവന് എന്‍റെ പേരില്‍ നാളെ ഒരാളുടെ മുന്നിലും തലകുനിക്കേണ്ടി വരരുത്. ആ നിര്‍ബന്ധ ബുദ്ധി എനിക്കുണ്ട്. എന്‍റെ എല്ലാ സന്തോഷങ്ങളെയും കെടുത്തിയിട്ടല്ല ഞാന്‍ അത് ചെയ്യുന്നത്. എനിക്ക് സന്തോഷിക്കാന്‍ വേറെ നൂറ് വഴികളുണ്ട്. എന്നെ സ്നേഹിച്ച് ജീവിക്കുന്നതാണ് എനിക്കിഷ്ടം", എന്നായിരുന്നു മഞ്ജു പത്രോസിന്റെ വാക്കുകൾ. ഒരു യൂട്യൂബ് ചാനലിനോട് ആയിരുന്നു മഞ്ജുവിന്റെ പ്രതികരണം.
പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. 'എനിക്കൊരു മകനുണ്ട്, എൻ്റെ പേരിൽ നാളെ ഒരാളുടെ മുന്നിലും അവൻ തല കുനിക്കരുത്' എന്ന വാക്കുകളാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഏറ്റെടുത്തിരിക്കുന്നത്. പ്രശംസിച്ച് കൊണ്ടുള്ള കമന്‍റുകളാണ് ഏറെയും. ഇതാകണം അമ്മ എന്ന് കമന്‍റിടുന്നവരും ധാരാളമാണ്. വൈറലാകാൻ വേണ്ടി ശ്രമിക്കുന്ന പലരുടെ ഇതൊക്കെ കേൾക്കണമെന്നാണ് പലരും കമന്റ് ചെയ്യുന്നത്.



