ഇനി പുതിയ റോൾ, പ്രൊഡക്ഷൻ ഹൗസുമായി ആലീസ് ക്രിസ്റ്റി
നടി ആലീസ് ക്രിസ്റ്റിയും പുതിയ തുടക്കം കുറിച്ചിരിക്കുകയാണ്.

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ആലീസ് ക്രിസ്റ്റി. ജനപ്രീതിയാർജിച്ച നിരവധി സീരിയലുകളിലെയും പിന്നീട് സ്റ്റാർ മാജിക് ഷോയിലൂടെയും ആലീസ് ശ്രദ്ധ നേടിയിട്ടുണ്ട്. യൂട്യൂബ് ചാനലുമായും സജീവമാണ് താരം. സോഷ്യൽ മീഡിയയിലൂടെയും ആലീസ് തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിവാഹത്തിന് മുന്‍പായി ആലീസ് തുടങ്ങിയ യൂട്യൂബ് ചാനലിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോൾ, ആലീസ് മാത്രമല്ല ഭര്‍ത്താവ് സജിനും പ്രേക്ഷകര്‍ക്ക് പരിചിതനാണ്. ജീവിതത്തിലെ പുതിയൊരു തുടക്കത്തെക്കുറിച്ചാണ് ആലീസ് ക്രിസ്റ്റി ഏറ്റവും പുതിയ യൂട്യൂബ് വീഡിയോയിൽ പറയുന്നത്.
ആലീസ് ക്രിസ്റ്റി പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ച വാർത്തയാണ് താരം ആരാധകരോട് പങ്കുവെച്ചത്. ബ്രാൻഡുകൾക്കും സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാർക്കും വേണ്ടി വീഡിയോ പ്രൊഡക്ഷൻ ചെയ്യാനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് ആലീസ് വീഡിയോയിൽ പറയുന്നു. നമുക്കിനി എക്സ്ട്രാ ഓർഡിനറി ആയി എന്തെങ്കിലും ചെയ്യാം എന്നും താരം വീഡിയോയിൽ പറയുന്നു.
സൈഡ് ബിസിനസ് വേണമെന്ന് ആഗ്രഹമുണ്ടെന്ന് ആലീസ് ആലീസ് ക്രിസ്റ്റി മുൻപും പറഞ്ഞിരുന്നു. ഒരു അഭിമുഖത്തിൽ പത്ത് വര്‍ഷത്തിനപ്പുറമുള്ള ജീവിതത്തെക്കുറിച്ചുള്ള പ്ലാന്‍ പങ്കുവെയ്ക്കുകയായിരുന്നു താരം. ''ഒരു ദിവസം യൂട്യൂബും അഭിനയവും ഇല്ലാതായാല്‍ എന്ത് ചെയ്യും എന്ന ആശങ്കയുണ്ട്. പ്രൊഡക്ഷന്‍ ഹൗസ് മനസിലുണ്ട്. ജീവിതത്തില്‍ വലിയ ആഗ്രഹങ്ങളുണ്ടായിരുന്നില്ല. പക്ഷെ ദൈവം ഒരുപാട് തന്നു. ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ഇതുപോലെ തന്നെ മുന്നോട്ടു പോയാല്‍ മതി'', എന്നും ആലീസ് പറഞ്ഞിരുന്നു.
വിവാഹശേഷവും അഭിനയ രംഗത്ത് സജീവമാണ് ആലീസ്. കലാജീവിതത്തിന് മികച്ച പോത്സാഹനമാണ് ഭർത്താവ് സജിൻ തരുന്നതെന്ന് ആലീസ് പറഞ്ഞിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് ആലീസ്. സീരിയലും ടിവി ഷോകളുമെല്ലാമായി തിരക്കായതിനാൽ ഭർത്താവുമൊത്ത് ഇപ്പോൾ എറണാകുളത്താണ് ആലീസ് താമസിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക