വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ ടിവികെയുടെ അനുനായികൾ പരാശക്തി സിനിമയുടെ പോസ്റ്ററുകൾ കീറുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

രാഷ്ട്രീയപ്രവേശനത്തിന് ഇറങ്ങും മുൻപ് കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെയാണ് വിജയ് ചിത്രം ജന നായകൻ എത്തുന്നത്. ജനുവരി ഒൻപതിന് പൊങ്കൽ റിലീസായാണ് ചിത്രം റിലീസ് ചെയ്യുന്നത്. അതേസമയം മറ്റൊരു ക്ലാഷ് റിലീസിന് കൂടിയാണ് തമിഴ്നാട് ഇത്തവണ സാക്ഷ്യം വഹിക്കുന്നത്. ശിവകാർത്തികേയൻ നായകനായി, സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തിയും പൊങ്കലിനാണ് എത്തുന്നത്. അതുകൊണ്ട് തന്നെ വിജയ്- ശിവകാർത്തികേയൻ ആരാധകർ തമ്മിൽ സോഷ്യൽ മീഡിയയിലടക്കം വലിയ പോരിനാണ് കളം തുറന്നിരിക്കുന്നത്. എന്നാൽ ജന നായകൻ ഓഡിയോ ലോഞ്ചിനിടെ നടന്ന സംഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ ടിവികെയുടെ അനുനായികൾ പരാശക്തി സിനിമയുടെ പോസ്റ്ററുകൾ കീറുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓഡിയോ ലോഞ്ച് അരങ്ങേറിയ മധുര റിറ്റ്സി സിനിമാസിന് പുറത്തുള്ള പരാശക്തിയുടെ പോസ്റ്ററുകളാണ് ടിവികെ അനുയായികൾ കീറിയെറിഞ്ഞത്. ഈ പ്രവൃത്തി കാണുന്ന മറ്റുള്ളവർ ആഹ്ലാദിക്കുന്നതും മറ്റും വീഡിയോയിൽ കാണാം. എന്തായാലും ക്ലാഷ് റിലീസിൽ ജന നായകനാണോ, പരാശക്തിയാണോ വിജയം കൊയ്യാൻ പോകുന്നതെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്ന പ്രധാന കാര്യം.

അതേസമയം ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരാണ് ജന നായകനിലെ പ്രധാന താരങ്ങൾ. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.

രവി മോഹൻ, അഥർവ, ശ്രീലീല എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പരാശക്തി സംവിധാനം ചെയ്യുന്നത് സുധാ കൊങ്കരയാണ്. 1965ലെ തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ സമരത്തിന്‍റെയും മറ്റും പാശ്ചതലത്തിലുള്ള ഒരു ചിത്രമാണ് പരാശക്തി എന്നാണ് വിവരം. ചിത്രത്തില്‍ രവി മോഹനാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. നായക വേഷത്തില്‍ മാത്രം കണ്ട രവി മോഹന്‍റെ പുതിയ രൂപമായിരിക്കും ചിത്രത്തിലേതെന്നാണ് സൂചന. തെലുങ്ക് നടി ശ്രീലീലയുടെ ആദ്യ തമിഴ് സിനിമ കൂടിയാണ് പരാശക്തി.

നേരത്തെ സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ പ്രധാന വേഷത്തില്‍ കാസ്റ്റ് ചെയ്ത് പ്രഖ്യാപിക്കപ്പെട്ട പുറനാനൂര്‍ എന്ന ചിത്രമാണ് ഇപ്പോള്‍ എസ്കെ 25 ആയത് എന്നാണ് വിവരം. അതേസമയം, ചിത്രത്തില്‍ ബേസില്‍ ജോസഫും പ്രധാന വേഷത്തില്‍ എത്തുന്നുവെന്നാണ് വിവരം. ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുള്ള ബേസിലിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ പ്രചരിച്ചിരുന്നു.

YouTube video player