അവതാരകൻ ജീവയും ഭാര്യ അപർണ തോമസും പതിനൊന്ന് വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചു. സോഷ്യൽ മീഡിയയിലൂടെ ഇരുവരും വേർപിരിയൽ സ്ഥിരീകരിച്ചു. Aparna Thomas- Jeeva Joseph Divorce
അവതാരകൻ ജീവയും ഭാര്യ അപർണ തോമസും 11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം വേർപിരിഞ്ഞു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ജീവ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇനി ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് ഈ തീരുമാനമെന്നും ഇന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിലൂടെ ജീവ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ അപർണ തോമസും പ്രതികരണവുമായി എത്തി.
തങ്ങളുടെ ദാമ്പത്യം അവസാനിച്ചുവെന്നും തുടർന്നുപോകാൻ ആഗ്രഹമില്ലായിരുന്നുവെന്നും ഇന്ന് താൻ മനഃസമാധാനത്തിലും സന്തോഷത്തിലുമാണെന്നും അപർണ കുറിച്ചു. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാനോ ഓരോ കാര്യങ്ങളും തുറന്നുപറയാനോ താൻ ആഗ്രഹിക്കുന്നില്ലെന്നും,. കാരണം ചില കാര്യങ്ങൾ തികച്ചും വ്യക്തിപരമാണെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെ അപർണ വ്യക്തമാക്കി.
"എന്റെ പ്രതികരണത്തിനുവേണ്ടി നിങ്ങളിൽ പലരും കാത്തിരിക്കുകയായിരുന്നു എന്നറിയാം, അതുകൊണ്ട് നേരിട്ട് തന്നെ കാര്യങ്ങൾ പറയുകയാണ്. അതെ, ഞങ്ങളുടെ ദാമ്പത്യം അവസാനിച്ചിരിക്കുന്നു. ഇത് മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല, സത്യസന്ധമായി പറഞ്ഞാൽ ഇനി തുടർന്നുപോകാൻ എനിക്ക് ആഗ്രഹവുമില്ലായിരുന്നു. ഞങ്ങൾ രണ്ടുപേർക്കും ഇതൊരു എളുപ്പമുള്ള തീരുമാനമായിരുന്നില്ല, എങ്കിലും എനിക്കുവേണ്ടി എനിക്ക് ഈ തീരുമാനമെടുക്കേണ്ടതുണ്ടായിരുന്നു. ഇന്ന് പൂർണ്ണഹൃദയത്തോടെ എനിക്ക് പറയാൻ സാധിക്കും, ഞാൻ ഏറെ മനസ്സമാധാനത്തിലാണ്." അപർണ പറയുന്നു.
"ഞാൻ സന്തോഷവതിയാണ്, സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ട്, ഒപ്പം കഴിഞ്ഞ കുറെക്കാലമായി അനുഭവപ്പെടാത്തത്ര സമാധാനവും എനിക്കിപ്പോൾ തോന്നുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാനോ ഓരോ കാര്യങ്ങളും തുറന്നുപറയാനോ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം ചില കാര്യങ്ങൾ തികച്ചും വ്യക്തിപരമാണ്. എനിക്ക് ഇനി സമാധാനത്തോടെ ജീവിക്കണം, മുന്നോട്ട് പോകണം. അതിനാൽ എന്റെ/ഞങ്ങളുടെ സ്വകാര്യതയെ ദയവായി മാനിക്കണമെന്നും അതിനുള്ള അന്തരീക്ഷം നൽകണമെന്നും അഭ്യർത്ഥിക്കുന്നു.അത്രമാത്രമേ എനിക്ക് ചോദിക്കാനുള്ളൂ, നിങ്ങൾ മനസ്സിലാക്കുമെന്ന് കരുതുന്നു." അപർണ കൂട്ടിച്ചേർത്തു.



