രണ്ടാമതൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ തന്റെ ഇഷ്ടത്തിനല്ല, മറിച്ച് മകളുടെ ഇഷ്ടത്തിനാണ് മുൻഗണന കൊടുത്തതെന്ന് ആര്യ.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായത്. കൊറിയോഗ്രാഫറും ഡി.ജെയുമായ സിബിൻ ബെഞ്ചമിനാണ് വരൻ. സമൂഹമാധ്യമങ്ങളിലൂടെ ആര്യ തന്നെയാണ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്. മകൾ ഖുഷിയുടെ കൈപിടിച്ചാണ് ആര്യ വിവാഹ വേദിയിലേക്കെത്തിയത്. രണ്ടാമതൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ തന്റെ ഇഷ്ടത്തിനല്ല, മറിച്ച് മകളുടെ ഇഷ്ടത്തിനാണ് മുൻഗണന കൊടുത്തതെന്ന് ആര്യ പറയുന്നു.

“വിവാഹത്തിന് മുമ്പ് ഞാൻ സിം​ഗിൾ മദർ ആയിരുന്നല്ലോ. ഞങ്ങൾക്ക് വേണമെങ്കിൽ ലിവ് ഇൻ ടു​ഗെ​ദർ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാമായിരുന്നു. പക്ഷെ ടീനേജറായ മകൾ എനിക്കുണ്ട്. അവൾ സ്കൂളിൽ പോകുന്ന കുട്ടിയാണ്. നാളെ അവളെ ആരും ചോദ്യം ചെയ്യരുത്. നമ്മുടെ സമൂഹം അങ്ങനെയാണ്. അമ്മ കല്യാണം കഴിക്കാതെ ഒരാളൂടെ കൂടെ താമസിക്കുന്നു എന്ന സംസാരം വരരുത്. മകൾക്ക് വേണ്ടിയാണ് ഞങ്ങൾ അങ്ങനെയൊരു തീരുമാനം എടുത്തത്“, എന്ന് ആര്യ പറയുന്നു. ജിഞ്ചർ മീഡിയ എന്റർടെയിൻമെന്റ്സിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആര്യയും സിബിനും.

“ഒരു പങ്കാളി വേണമെന്ന് എനിക്ക് ഭയങ്കര ആ​ഗ്രഹമുണ്ടായിരുന്നു. മോളുള്ളതിനാൽ എന്നെ പോലൊരാൾക്ക് ലിവ് ഇൻ റിലേഷൻ പറ്റില്ല. എനിക്ക് കല്യാണം കഴിച്ച് ഒരു കുടുംബം വേണമായിരുന്നു. അതിന് മാനസികമായി ഞാൻ വളരെ മുമ്പേ തയ്യാറെടുത്തിരുന്നു. എനിക്കത് ആ​ഗ്രഹമാണെങ്കിൽ പോലും എന്റെ മകൾക്ക് കംഫർട്ടബിൾ ആയ ഒരാളെ മാത്രമേ ആ സ്ഥാനത്തേക്ക് എനിക്ക് കൊണ്ട് വരാൻ പറ്റൂ. അവൾ തന്നെയാണ് എന്റെ പ്രയോരിറ്റി. മുമ്പ് ഇങ്ങനെയൊരു അവസ്ഥയിൽ ഞാൻ വന്നിട്ടുണ്ട്. അത് വേണ്ടെന്ന് വെക്കാനുള്ള കാരണം മകൾ കംഫർട്ടബിൾ അല്ലെന്ന് തോന്നിയതാണ്. ഖുശി ഓക്കെ അല്ലായിരുന്നെങ്കിൽ സിബിനുമായുള്ള വിവാ​​ഹം നടക്കില്ലായിരുന്നു“, ആര്യ അഭിമുഖത്തിൽ പറഞ്ഞു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്