കുട്ടികളെ കണ്ടന്റ് നോക്കാതെ സിനിമാ തിയേറ്ററിൽ കൊണ്ടുവരുന്നതിനെ വിമർശിച്ച് നടി അശ്വതി ശ്രീകാന്ത്.
കൊച്ചി: പേരന്റിങ്ങിനെക്കുറിച്ചും കുട്ടികളുടെ മാനസികാവസ്ഥയെക്കുറിച്ചുമൊക്കെ ഒരുപാടു വീഡിയോകൾ പങ്കുവെയ്ക്കുന്നയാളാണ് നടിയും അവതാരകയും എഴുത്തുകാരിയുമൊക്കെയായ അശ്വതി ശ്രീകാന്ത്. കണ്ടന്റ് നോക്കാതെ കുട്ടികളെ സിനിമാ തിയേറ്ററിൽ കൊണ്ടുവരുന്നതിനെക്കുറിച്ചാണ് അശ്വതിയുടെ പുതിയ വീഡിയോ. കുട്ടികളുടെ മാനസികാരോഗ്യത്തിനാകണം നമ്മുടെ മുൻഗണനയെന്നും അല്ലാതെ, സിനിമക്കാകരുത് എന്നും താരം പറയുന്നു.
''കുറേ നാളു കൂടി ഇന്ന് തിയേറ്ററിൽ പോയി ഒരു സിനിമ കണ്ടു. സിനിമ ഗംഭീരമാണ്. അതിനെക്കുറിച്ചു പറയാനല്ല ഈ വീഡിയോ. തിയേറ്ററിൽ എത്ര കുട്ടികളാണുള്ളത്? അതു കണ്ട് ഞാൻ ആശ്ചര്യപ്പെട്ടുപോയി. കാരണം, അത് കുറേ വയലൻസ് ഉള്ള, ചോര ചിന്തുന്ന സീനുകൾ ഉള്ള, അഡൾട്ട് കണ്ടന്റ് ഉള്ള ഒരു സിനിമയാണ്.
കുട്ടികളൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും അത് മുതിർന്നവർക്കു വേണ്ടിയുള്ള ഒരു സിനിമയാണ്. ആ സിനിമ കാണാൻ എത്ര കുട്ടികളാണ് എന്നറിയുമോ? അത്തരം രംഗങ്ങളൊക്കെ വരുമ്പോൾ മാതാപിതാക്കളിൽ ചിലർ കുട്ടികളുടെ മുഖം പൊത്തും. ചിലർ മൊബൈൽ ഫോൺ കൊടുത്ത് കുട്ടികളുടെ ശ്രദ്ധ തിരിക്കും. ചില കുട്ടികൾ മാതാപിതാക്കളേക്കാൾ കൗതുകത്തോടെ ഇത്തരം സീനുകൾ വരുമ്പോൾ സ്ക്രീനിലേക്ക് നോക്കിയിരിക്കും. ഇതു കണ്ട് എനിക്ക് ഭയങ്കര വിഷമം തോന്നി.
മാതാപിതാക്കളാണ് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത്. അപകടരമായ ഇത്തരം കാര്യങ്ങൾക്കായി തലച്ചോറാണ് നമ്മുടേത്. നമ്മുടെ നിലനിൽപിന് ഭീഷണിയാകുന്ന എന്തൊക്കെ കാര്യങ്ങൾ ചുറ്റുമുണ്ട് എന്ന് എപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്ന തലച്ചോറാണ് മനുഷ്യന്റേത്. ഇത് യഥാർത്ഥ ലോകത്ത് സംഭവിക്കുന്ന കാര്യമാണോ എന്ന് മുതിർന്നവർക്കു പോലും തോന്നിപ്പോകും.
അതാണല്ലോ സിനിമയുടെ മാജിക്ക്. ഒരു ചെറിയ ഹിപ്നോട്ടിക് സ്റ്റേജിലൂടെയാണ് സിനിമ നമ്മളെ കൊണ്ടുപോകുന്നത് എന്നു വേണമെങ്കിൽ പറയാം. നമ്മൾ പോലും അതിലെ ഇമോഷൻസിനോട് താദാത്മ്യം പ്രാപിക്കാറുണ്ട്. അപ്പോൾ പിന്നെ കുട്ടികളുടെ കാര്യം പറയണോ? കുട്ടികളുടെ തലച്ചോർ വികസിച്ചു കൊണ്ടിരിക്കുന്നതേ ഉള്ളൂ.
ആ സമയത്ത് വയലന്റ് ആയിട്ടുള്ള കണ്ടന്റൊക്കെ കാണിച്ച് എന്തിനാ നമ്മൾ അവരെ ഉത്കണ്ഠയുള്ള കുട്ടികളാക്കുന്നത്? അവർ ഇതൊക്കെ നോർമലൈസ് ചെയ്യാനുള്ള സാധ്യതയുണ്ട്. ഇപ്പോളത്തെ കുട്ടികൾക്ക് ഉത്കണ്ഠ കൂടുതലാണ്. അതിന്റെ പ്രധാനപ്പെട്ടൊരു കാരണം സ്ക്രീൻ ആണ്. കണ്ടന്റ് നോക്കാതെ കുട്ടികളെ തിയേറ്ററിൽ കൊണ്ടുവരുന്ന മാതാപിതാക്കളോടാണ്, കഷ്ടമുണ്ട്. നമ്മുടെ കുട്ടികളാണ്. അവരുടെ മാനസികാരോഗ്യത്തിനാകണം നമ്മുടെ മുൻഗണന, സിനിമക്കല്ല'', അശ്വതി പറഞ്ഞു.


