'ഓട്ടോഗ്രാഫ്' പരമ്പരയിലെ നടി സോണിയ മോഹൻദാസ്, പത്ത് വർഷം മുൻപ് വാഹനാപകടത്തിൽ മരിച്ച സഹതാരം ശരത് കുമാറിന്റെ വീട് സന്ദർശിച്ചു.

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിലൊന്നായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന 'ഓട്ടോഗ്രാഫ്'. രഞ്ജിത്ത് രാജ്, ശാലിൻ സോയ, അംബരീഷ്, ശ്രീക്കുട്ടി, സോണിയ മോഹൻദാസ്, ജിഷിൻ മോഹൻ, ശരത് കുമാർ തുടങ്ങിയവരാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരിൽ പലരും പിൽക്കാലത്ത് അഭിനയരംഗത്ത് സജീവമായെങ്കിലും ശരത്കുമാർ ഇന്നും വേദനിക്കുന്ന ഓർമയാണ്. പത്ത് വർഷം മുമ്പ് ഒരു വാഹനാപകടത്തിലാണ് ശരത് മരിച്ചത്.

ശരത്തിന്റെ കുടുംബത്തെ സന്ദർശിച്ച വീഡിയോ ഇതേ സീരിയലിന്റെ ഭാഗമായ സോണിയ മോഹൻദാസ് കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. വിവാഹത്തോടെ വിദേശത്ത് സെറ്റിലായ സോണിയ അവധിക്ക് നാട്ടിൽ വന്നപ്പോഴാണ് ശരത്തിന്റെ വീട്ടിലെത്തിയത്. ''ഓട്ടോഗ്രാഫ് ഞങ്ങൾക്കൊരു സീരിയൽ ആയിരുന്നില്ല വികാരമായിരുന്നുവെന്ന് പലരും പറയാറുണ്ട്. അതുപോലെ തന്നെയാണ് ഞങ്ങൾ അഞ്ച് പേർക്കും. ഞങ്ങൾക്ക് അതൊരു സീരിയൽ ആയിരുന്നില്ല. അഭിനയിക്കുകയായിരുന്നില്ല, ആ സെറ്റിൽ ഞങ്ങൾ ഓരോ നിമിഷവും ജീവിക്കുകയായിരുന്നു. ഞങ്ങൾ അ‍ഞ്ച് പേരും ആ സീരിയലിൽ കാണുന്നതുപോലെ തന്നെ അത്രയും നല്ല സുഹൃത്തുക്കളായിരുന്നു. ആ അഞ്ച് പേരിൽ ഒരാൾ ഇല്ലാതാവുക എന്ന് പറയുന്നത് ഞങ്ങൾക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്.

ഇത്തവണ നാട്ടിൽ വന്നപ്പോൾ എറണാകുളത്തുള്ള ശരത്തിന്റെ വീട്ടിലേക്ക് പോയി. കഴിഞ്ഞ പ്രാവശ്യം ഞാൻ പോയപ്പോൾ അങ്കിളും ആന്റിയും ശരത്തിന്റെ സഹോദരൻ ശ്രീകുമാറുമെല്ലാം ഉണ്ടായിരുന്നു. ശരത്തിന്റെ അമ്മ നന്നായി ഭക്ഷണം ഉണ്ടാക്കുന്നയാളാണ്. ശരത്ത് ഉണ്ടായിരുന്നപ്പോഴും അമ്മയുടെ ഭക്ഷണത്തെ കുറിച്ച് പറയാറുണ്ടായിരുന്നു. ഞങ്ങൾക്കും അത് രുചിച്ച് നോക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്. ഇത്തവണ ചെന്നപ്പോൾ ആന്റിയുടെ ഭക്ഷണം വല്ലാതെ മിസ് ചെയ്തു. ആന്റിയേയും ശരത്തിനേയും മിസ് ചെയ്തു. കഴിഞ്ഞ വർഷം ഒരു അസുഖം ബാധിച്ചാണ് ആന്റി മരിച്ചത്. ആ വീട്ടിലെ ഓരോ മുറിയിൽ പോകുമ്പോഴും ശരത്തിന്റേയും ആന്റിയുടേയും സമീപ്യം അനുഭവപ്പെടും. കൊച്ചനുജനായി ശരത്ത് എന്നും എന്റെ മനസിലുണ്ടാകും. അവൻ എവിടെയെങ്കിലും ഇരുന്ന് ഇതൊക്കെ കാണുന്നു‌ണ്ടാകും. അങ്ങനെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം'', സോണിയ വീഡിയോയിൽ പറ‍ഞ്ഞു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming