കന്യാകുമാരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന നടൻ വിജയ്, 'ഫ്ലവർ ബോൾ' എറിഞ്ഞതിനെ തുടർന്ന് പെട്ടെന്ന് കാറിലേക്ക് മടങ്ങി. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
സോഷ്യൽ മീഡിയയിൽ എങ്ങും നടനും ടിവികെ അധ്യക്ഷനുമായ വിജയ് ആണ്. കഴിഞ്ഞ ദിവസം കന്യാകുമാരിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വിജയ്. ഒരു സ്ഥലത്തെത്തിയപ്പോഴേക്കും വണ്ടിയിൽ നിന്നുമിറങ്ങി സൈക്കിൾ ചവിട്ടിയാണ് അദ്ദേഹം ആരാധകരേയും അണികളേയും അഭിസംബോധന ചെയ്തത്. ഇതിനിടയിൽ ഒരാൾ 'ഫ്ലവർ ബോൾ' എറിയുന്നത് കാണാം. ഇത് കണ്ടതും അതിവേഗത്തിൽ വിജയ് തിരികെ തന്റെ വാഹനത്തിൽ കയറുകയായിരുന്നു. ഇതാണിപ്പോൾ ട്രോളുകൾക്ക് വഴിവച്ചിരിക്കുന്നത്.
'ഫ്ലവർ ബോൾ' എറിഞ്ഞ് കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് വിജയ് വാഹത്തിലേക്ക് കയറിയത്. പിന്നാലെ സൈക്കിളുമെടുത്ത് ബോഡിഗാർഡ്സും പോയി. ഫ്ലവർ ബോൾ, ബോംബ് ആണെന്ന് കരുതി വിജയ് പേടിച്ചോടി എന്ന തരത്തിലാണ് ട്രോളുകളിലും സോഷ്യൽ മീഡിയയിലും ഈ വീഡിയോ പ്രചരിക്കുന്നത്. 'സിനിമയിൽ ബോംബും തോക്കുമായി നിൽക്കുന്ന വില്ലൻമാരെ ധീരതയോടെ നേരിട്ട് ഗ്രാമങ്ങളെ രക്ഷിക്കുന്ന ആളാണ് വിജയ്. പ്രസംഗങ്ങളിലും ധീരതയാണ്. പക്ഷേ റിയൽ ലൈഫിൽ സൈക്കിൾ റാലിക്കിടെ ഒരു പൂമാല വന്നു വീണപ്പോ ഓടെടാ ഓട്ടം', എന്ന് പറഞ്ഞാണ് ട്രോളുകൾ.
ചട്ടമ്പി നാടിലെ സുരാജ് വെഞ്ഞാറമൂടിന്റെ ഡയലോഗും വിജയിയുടെ വീഡിയോയും ഉൾപ്പെടുത്തിയുള്ള വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 'ഒരു ഗ്രാമം മുഴുവനും രക്ഷിക്കാൻ പോണ പോക്കാണ്, ശരിക്കും പുള്ളി പുറകിലത്തെ വണ്ടിയിൽ ഉള്ളവരെ രക്ഷിക്കാൻ ആണ് സൈക്കിളും വലിച്ചെറിഞ്ഞു ഓടിയതെന്നു എത്ര പേർക്ക് മനസിലായി, ഡേയ് ചെല്ലോം എങ്കടാ ഓടറെൻ, സിനിമയിൽ ജയിംസ് ബോണ്ട്. റിയൽ ലൈഫിൽ വെറും ബോണ്ടൻ, ആ ബോംബ് എറിഞ്ഞ അണ്ണൻ ആണ് താരം, സിനിമയില്‍ കാണിക്കുന്നതിന്റെ പകുതി പോലും ഇല്ലേ', എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം, വിജയിയെ വിമർശിക്കുന്നവരും സപ്പോർട്ട് ചെയ്യുന്നവരും ഉണ്ട്. 'മര്യാദയ്ക്ക് വണ്ടിയിൽ പോയ്ക്കൂടായിരുന്നു. ആ ബാക്കിൽ കൂടെ ഓടുന്നവരെ കാണുമ്പോൾ പാവം തോന്നുണ്ട്. എന്തിനാണ് ഈ സൈക്കിൾ പ്രഹസം', എന്നാണ് വിമർശിച്ച് കൊണ്ട് ചിലർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. 'അത് യഥാർത്ഥ ബോംബ് ആയിരുന്നേൽ എന്താകും.. ഇപ്പോഴത്തെ തമിഴ്നാട് രാഷ്ട്രീയ അവസ്ഥയിൽ ഒന്നും പറയാനാകില്ല', എന്നാണ് വിജയിയെ പിന്തുണയ്ക്കുന്നവർ കമന്റ് ചെയ്യുന്നത്. എന്തായാലും വിജയിയുടെ ഈ 'സൈക്കിൾ, ഫ്ലവർ ബോൾ ഓട്ടം' എങ്ങും കാട്ടുതീ പോലെ വൈറലായി കഴിഞ്ഞു.



