ഫെബ്രുവരിയില്‍ ആയിരുന്നു റോബിന്‍റേയും ആരതിയുടേയും വിവാഹം.
ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ ഭാഷകളിലുള്ള ഈ ഷോ മലയാളത്തിലും ഉണ്ട്. ഇതുവരെ ആറ് സീസണുകളാണ് ബിഗ് ബോസിന്റേതായി മലയാളത്തിൽ കഴിഞ്ഞത്. അടുത്ത സീസൺ വരാൻ പോകുന്നു എന്ന അഭ്യൂഹങ്ങളും ഉണ്ട്. ഷോയിലൂടെ പ്രേക്ഷക പ്രീയം നേടിയ ഒരുപിടി മത്സരാർത്ഥികളുണ്ട്. അതിലൊരാളാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. സീസൺ 4ലെ മത്സരാർത്ഥിയായിരുന്ന റോബിന് പകുതിയിൽ വച്ച് ഷോ അവസാനിപ്പിക്കേണ്ടി വന്നുവെങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു.
ബിഗ് ബോസ് കാരണമാണ് തന്റെ ജീവിത സഖിയായ ആരതി പൊടിയെ റോബിൻ രാധാകൃഷ്ണന് ലഭിക്കുന്നതും. നടിയും ബിസിനസുകാരിയുമായ ആരതിയും മലയാളികൾക്ക് ഏറെ സുപരിചിതയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇരുവരും വേർപിരിഞ്ഞെന്ന തരത്തിൽ ഒരു യുട്യൂബ് ചാനലിൽ വാർത്ത വന്നിരുന്നു. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ ഇപ്പോൾ.
"ഞങ്ങൾ വിവാഹമോചിതരായെന്നോ ? കല്യാണം കഴിഞ്ഞതല്ലേ ഉള്ളൂടെയ്. അതിന് മുൻപെ പിരിക്കാൻ നോക്കുന്നോ. വേറെ ഏതോ വീഡിയോയിൽ ഞങ്ങളുടെ ഫോട്ടോ ഉപയോഗിച്ചതാണ്. കഴിഞ്ഞ മൂന്ന് വർഷം എനിക്ക് എല്ലാ പിന്തുണയും നൽകി എന്റെ വൈഫ് ഒപ്പം ഉണ്ട്. നിരവധി ഘട്ടങ്ങളിൽ ഭീഷണികളും പ്രശ്നങ്ങളുമൊക്കെ സംഭവിച്ചപ്പോഴും എന്റെ ശക്തിയായി അവൾ കൂടെ നിന്നു. എന്നെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഒരുപാട് നന്ദി", എന്നാണ് റോബിൻ രാധാകൃഷ്ണൻ പറഞ്ഞത്.
2025 ഫെബ്രുവരി 16ന് ആയിരുന്നു ആരതി പൊടിയുടേയും റോബിന്റെയും വിവാഹം. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. ശേഷം ഫങ്ഷനും നടന്നിരുന്നു. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.


