ബിഗ് ബോസ് മലയാളം സീസൺ 4 റണ്ണർ അപ്പായ ബ്ലെസ്ലി തന്റെ ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും തുറന്നു പറയുന്നു.
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 ലെ ഫസ്റ്റ് റണ്ണർ അപ്പായിരുന്നു ബ്ലസ്‍ലി. ബിഗ് ബോസില്‍ മത്സരിക്കാനെത്തിയപ്പോഴാണ് ബ്ലസ്ലിയെക്കുറിച്ച് പലരും കൂടുതലായി മനസിലാക്കിയത്. പാട്ടുകാരനായ ബ്ലസ്ലി യൂട്യൂബ് ചാനലിലും സജീവമായിരുന്നു. ഇപ്പോളിതാ ബിഗ്ബോസ് അനുഭവങ്ങളെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമൊക്കെ മനസു തുറന്നിരിക്കുകയാണ് താരം. ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ബ്ലസ്‍ലി.
ബിഗ്ബോസിനു ശേഷം സിനിമയിൽ നിന്നും അവസരം വന്നിരുന്നു എന്നും ഒരു പരസ്യത്തിൽ അഭിനയിച്ചിരുന്നു എന്നും ബ്ലസ്‍ലി പറഞ്ഞു. ''അതൊരു കോർപറേറ്റ് വേൾഡ് പോലെയാണ് എനിക്കു തോന്നിയത്. ഞാൻ ചെയ്ത പരസ്യം എനിക്ക് ഇഷ്ടപ്പെട്ടില്ല. പക്ഷേ, നമുക്കു തോന്നുന്നതൊന്നും അവിടെ പറയത്തില്ലല്ലോ. അവർ പറയുന്നതു പോലെ ചെയ്യണം. പ്രൊഡ്യൂസറിന്റെയും സ്പോൺസറിന്റെയും ആവശ്യങ്ങളൊക്കെ പരിഗണിച്ചാണ് പരസ്യം ചെയ്യുന്നത്'', സൈന സൗത്ത് പ്ലസിനു നൽകി അഭിമുഖത്തിൽ ബ്ലസ്‍ലി പറഞ്ഞു.
ഹൗസിൽ പോയില്ലായിരുന്നെങ്കിൽ ഇന്ത്യ മുഴുവനോ അല്ലെങ്കിൽ ഏഷ്യ മുഴുവനോ അറിയപ്പെടുന്ന ആളായേനെ താനെന്നും ബ്ലസ്‍ലി പറഞ്ഞു. ''ബിഗ് ബോസ് എന്നത് എന്റെ ജീവിതത്തിലെ ഡൗൺ ഫാൾ ആയിട്ടായാണ് എനിക്കു തോന്നുന്നത്. അവിടെ പോയില്ലായിരുന്നെങ്കിൽ ഇന്ത്യ മുഴുവൻ അല്ലെങ്കിൽ ഏഷ്യ മുഴുവൻ ഞാൻ പ്രശസ്തനായേനെ. ഇപ്പോൾ കേരളത്തിൽ മാത്രമേ ഫേമസ് ആയുള്ളൂ.
ബിഗ് ബോസിൽ പോയില്ലായിരുന്നെങ്കിൽ ആ സമയത്ത്, റഷ്യൻ പ്രസിഡന്റും യുഎസ് പ്രസിഡന്റുമൊക്കെ എന്തായിരിക്കും ചെയ്യുന്നത് എന്നായിരിക്കും ഞാൻ ചിന്തിക്കുക. ബിഗ് ബോസിൽ ആയിരുന്നപ്പോൾ മീൻ കറിയാണോ വെച്ചത്, ബാത്റൂം ആരാ കഴുകിയത് എന്നൊക്കെയാണ് ചിന്തിച്ചിരുന്നത്. ആവശ്യമില്ലാത്ത ലൂപ്പിൽ ഞാൻ പോയി പെട്ട് പോയി. ആളുകൾ എന്നെ സ്നേഹിച്ചത് എനിക്ക് ഇഷ്ടപ്പെട്ടു. എന്നാൽ എനിക്ക് അതിനേക്കാൾ മികച്ചത് ചെയ്യാമായിരുന്നല്ലോ എന്ന് തോന്നി. സാരമില്ല. എനിക്ക് ഇനിയും ചെയ്യാനാകുമല്ലോ'', ബ്ലസ്‍ലി കൂട്ടിച്ചേർത്തു.


