നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്ത്, സമൂഹ മാധ്യമത്തിൽ ബോഡി ഷെയ്മിങ്ങ് നടത്തിയയാൾക്ക് നൽകിയ മറുപടി ശ്രദ്ധേയമായി.

സമൂഹ മാധ്യമത്തിലൂടെ ബോഡി ഷെയ്മിങ്ങ് നടത്തിയ ആൾക്ക് മറുപടി നൽകി നടി മഞ്ജു പിള്ളയുടെയും ഛായാഗ്രാഹകൻ സുജിത്ത് വാസുദേവിന്റെയും മകൾ ദയ സുജിത്ത്. നിന്നെ കാണാൻ ആണത്തം കൂടുതലാണെന്നും ജിമ്മില്‍ പോയാല്‍ പൂര്‍ണമായും ഒരു ആണായി മാറുമെന്നുമായിരുന്നു സമൂഹ മാധ്യമത്തിലൂടെ ഒരാൾ കമന്റ് ചെയ്തത്. ഇതിനെതിരെയാണ് ദയ രംഗത്തെത്തിയത്. തന്റെ ആണത്തത്തെ ഉൾകൊള്ളാൻ കഴിയുന്നത്ര പൗരുഷം നിനക്ക് ഇല്ലാതെ പോയതിൽ താൻ ഖേദിക്കുന്നുവെന്നും ദയ പറയുന്നു.

"ഒരു പയ്യന്‍ എന്നോട് പറഞ്ഞു, എനിക്ക് ആണത്തം കൂടുതലാണെന്ന്. ജിമ്മില്‍ കൂടി പോയിക്കഴിഞ്ഞാല്‍ നീ പൂര്‍ണമായും ഒരു ആണായി മാറുമെന്ന് അയാള്‍ പറഞ്ഞു. എന്റെ ആണത്തം നിന്നില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതില്‍ ഖേദമുണ്ട്. എന്റെ ആണത്തത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്ര പൗരുഷം നിനക്കില്ലാതെ പോയതില്‍ ഞാന്‍ ഖേദിക്കുന്നു. എന്നേക്കാള്‍ വലിയ ആണ് നീയാണെന്ന് കരുതാന്‍ മാത്രം ആണത്തം നിനക്കില്ലാത്തതില്‍ വിഷമമുണ്ട്." ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ ദയ പറയുന്നു.

View post on Instagram

നിരവധി പേരാണ് ദയയുടെ വീഡിയോയ്ക്ക് താഴെ പിന്തുണയുമായി എത്തുന്നത്. മുൻപും ഇത്തരത്തിൽ അധിക്ഷേപിച്ചവർക്ക് ദയ സോഷ്യൽ മീഡിയയിലൂടെ തന്നെ മറുപടി നൽകിയിട്ടുണ്ട്. നേരത്തെ അച്ഛന്റെയും അമ്മയുടെയും വേർപിരിയലിനെ കുറിച്ച് ദയ പറഞ്ഞ വാക്കുകളും ശ്രദ്ധേയമായിരുന്നു. 'അച്ഛനും അമ്മയും എന്നോട് വന്നിട്ട് അവർ സെപ്പറേറ്റ് ആവുകയാണ്, സന്തോഷത്തോടെയാണ് എന്നു പറഞ്ഞപ്പോൾ ഞാനാണ് അവരെ രണ്ടാളെയും ഏറ്റവുമധികം സപ്പോർട്ട് ചെയ്തത്. ജീവിതത്തിൽ ഇരുവരും ഹാപ്പി അല്ലെങ്കിൽ പിന്നെ എന്തിനാണ് ഫോഴ്സ് ചെയ്ത് അവരെ ഒന്നിപ്പിക്കുന്നത്.' എന്നായിരുന്നു ദയ അന്ന് പറഞ്ഞത്.