"ഞാനും എന്റെ സുഹൃത്തുക്കളും പനമ്പള്ളി നഗറിലുള്ള ഒരു കോഫീ ഷോപ്പിൽ പോയതായിരുന്നു. അവിടെ നിന്നും ഇറങ്ങുന്ന സമയത്ത്.."
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ഏറ്റവും ശക്തയായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡിംപൽ ഭാൽ. ഗ്രാൻഡ് ഫിനാലെയിൽ, സെക്കന്‍റ് റണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടതിനോടൊപ്പം 'എനർജൈസർ ഓഫ് ദി സീസൺ' അവാർഡും ഡിംപല്‍ നേടിയിരുന്നു. അക്രമത്തിന്റെയും ബുള്ളിയിങ്ങിന്റെയും പേരിൽ 2 കെ ജനറേഷനെയാകെ കുറ്റപ്പെടുത്തുന്നതിനെതിരെ രംഗത്തു വന്നിരിക്കുകയാണ് ഡിംപലിപ്പോൾ. 2011 ല്‍ 22-ാം വയസിൽ താൻ നേരിട്ട ഒരു അനുഭവം വിവരിച്ചുകൊണ്ട്, എല്ലാ തലമുറയിലും പ്രശ്നക്കാർ ഉണ്ടെന്ന് ഡിംപൽ പറയുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്.
''ഞാനും എന്റെ സുഹൃത്തുക്കളും പനമ്പള്ളി നഗറിലുള്ള ഒരു കോഫീ ഷോപ്പിൽ പോയതായിരുന്നു. അവിടെ നിന്നും ഇറങ്ങുന്ന സമയത്ത് നാലഞ്ച് ടീനേജ് ബോയ്‌സ് കടയിലേക്ക് കയറിവന്നു. പെട്ടെന്ന് അവരിലൊരാള്‍ എന്റെ ഫ്രണ്ടിന്റെ കാലിനിടയിലേക്ക് ലൈറ്റര്‍ എറിഞ്ഞു. ലൈറ്റർ എറിഞ്ഞാൽ പോട്ടുമല്ലോ.. ആദ്യം ഞങ്ങൾ വിചാരിച്ചു അബദ്ധത്തിൽ എന്തെങ്കിലും പറ്റിയതായിരിക്കും എന്ന്. അപ്പോ വീണ്ടും ഒരു ലൈറ്റർ കൂടി എറിഞ്ഞു. അങ്ങോട്ടേക്ക് മാറി നിന്ന് എറിഞ്ഞ് കളിച്ചോ എന്ന് എന്റെ ഫ്രണ്ട് മാന്യമായി അവരോട് പറഞ്ഞു. നീ ഇവിടെ പത്തുമിനിട്ട് നില്‍ക്ക്. നിനക്ക് ഞങ്ങള്‍ ആരാണെന്ന് കാണിച്ച് തരാം എന്നാണ് അവർ മറുപടി പറഞ്ഞത്.
ആ ഗ്രൂപ്പിലുണ്ടായിരുന്ന ഒരാള്‍ കൈനിറയെ ലൈറ്റേഴ്‌സ് കൊണ്ടുവന്ന് ഞങ്ങളെ എറിയാന്‍ തുടങ്ങി. അതിനിടയില്‍ ഒരു ഗ്യാങ്ങ് എത്തി ഞങ്ങളുടെ കൂടെയുള്ള ബോയ്‌സിനെ തല്ലാനും, ഗേള്‍സിനെ മോശം പറയാനും തുടങ്ങി. അവരിൽ ഒരാളുടെ കാർ തലനാരിഴക്കാണ് എന്റെ കാലിൽ കയറാതെ പോയത്. അതിനിടയില്‍ ഞാന്‍ പോലീസിനെ വിളിച്ചിരുന്നു. എഫ്ഐആര്‍ ഇടാന്‍ അവര്‍ തയ്യാറായിരുന്നില്ല. ആ വണ്ടികളുടെ നമ്പര്‍ കൊടുത്തിട്ടും അവര്‍ ആക്ഷനെടുക്കുന്നുണ്ടായിരുന്നില്ല. ആ കൂട്ടത്തിലുണ്ടായിരുന്നവരില്‍ ഒരാളുടെ പേരന്റ്
ഏതോ ഉന്നതനാണെന്നാണ് അവര്‍ പറഞ്ഞത്. അതിനു ശേഷം എന്റെ മമ്മിയാണ് കേസ് കൊടുക്കാൻ ഞങ്ങളെ സഹായിച്ചത്. രണ്ട് ദിവസം കഴിഞ്ഞാണ് കേസ് രജിസ്റ്റര്‍ ചെയ്തത്'', ഡിംപൽ പറഞ്ഞു.
''ഈ കേസ് ഒഴിവാക്കി തരാമോയെന്ന് ചോദിച്ച് ചിലർ ഞങ്ങളെ സമീപിച്ചിരുന്നു. 25 ലക്ഷം തരാമെന്ന് വരെ പറഞ്ഞിരുന്നു. അന്നെന്റെ പോക്കറ്റില്‍ 2000 രൂപ പോലുമില്ലായിരുന്നു. പഠിക്കാനായി ബാംഗ്ലൂരിലേക്ക് പോവാന്‍ നില്‍ക്കുന്ന സമയമാണ്. എന്നിട്ടും ആ പണം ഞാൻ വാങ്ങിയില്ല. പത്തു വര്‍ഷത്തോളം കേസ് നടക്കുന്നുണ്ടായിരുന്നു. ആരൊക്കെയോ ഞങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലാക്കിയിട്ട് എന്റെ പഠനം കളഞ്ഞ് കോടതിയിൽ ഹാജരാകാൻ ഞാൻ തയ്യാറായിരുന്നില്ല. ആ കുട്ടികൾക്ക് ഇന്ത്യക്ക് പുറത്തേക്ക് പോകാനാകില്ല എന്ന് കോടതി വിധിച്ചിരുന്നു എന്നൊക്കെ ഞാനറിഞ്ഞിരുന്നു.
ഇതിനിടെ, ഒരു കുട്ടിയുടെ അമ്മ എനിക്ക് മെസേജ് അയച്ചു. എന്റെ മോനെ ഒഴിവാക്കണം, അവന്റെ കാറായിരുന്നുവെങ്കിലും അവന്‍ നോക്കി നിന്നിട്ടേയുള്ളൂ. ഇത് കള്ളക്കേസാണ്, ഇതിനുള്ള ശിക്ഷ നിങ്ങള്‍ക്ക് കിട്ടുമെന്നൊക്കെയാണ് അവർ പറഞ്ഞത്. നല്ല പേരന്റ് ആയിരുന്നെങ്കിൽ ചെയ്ത തെറ്റിന്റെ ആഴം അവര്‍ക്ക് മനസിലാക്കി കൊടുക്കുമായിരുന്നു. പേരന്റിങ്ങിലെ പിഴവുകളാണ് കുട്ടികളെ ഇങ്ങനെയൊരു കാര്യം ചെയ്യുന്നതിനായി പ്രേരിപ്പിച്ചത്. കുട്ടികള്‍ക്ക് തെറ്റും ശരിയും പറഞ്ഞ് കൊടുത്ത് വളര്‍ക്കുക. ടു കെ ജനറേഷന്‍സിനെ മാത്രം കുറ്റം പറയുന്നത് കൊണ്ട് കാര്യമില്ല'', ഡിംപല്‍ ഭാൽ കൂട്ടിച്ചേർത്തു.
15 നും 17 നും ഇടയിലുള്ളവരാണ് അന്ന് മോശമായി പെരുമാറിയതെന്നും അന്ന് അവര്‍ മദ്യപിക്കുകയോ ലഹരി ഉപയോഗിക്കുകയോ ചെയ്തിരുന്നില്ലെന്നും ഒപ്പമുള്ള കുറിപ്പില്‍ ഡിംപല്‍ എഴുതിയിട്ടുണ്ട്. മാര്‍ക്കോ സിനിമ അന്ന് ഇറങ്ങിയിരുന്നില്ലെന്നും. യുവത്വത്തെ അക്രമത്തിന്‍റെ പാതയിലേക്ക് നയിക്കുന്നതില്‍ സിനിമകള്‍ക്ക് പങ്കുണ്ടോയെന്ന ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ് ഡിംപലിന്‍റെ പ്രതികരണം.
ALSO READ : നിര്‍മ്മാണം ഹരീഷ് പേരടി; 'ദാസേട്ടന്‍റെ സൈക്കിൾ' 14 ന്
