റോബിൻ രാധാകൃഷ്ണൻ തന്റെ വളർത്തുനായ ലൂക്കയെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവെച്ചു.

തന്റെ വളർത്തുനായ ലൂക്കയെക്കുറിച്ച് ഹൃദ്യമായ കുറിപ്പുമായി റോബിൻ രാധാകൃഷ്ണൻ. ലൂക്ക എന്നാണ് റോബിന്റെ വളർത്തുനായയുടെ പേര്. ലൂക്ക തനിക്ക് ഒരു വളർത്തുമൃഗം മാത്രമല്ലെന്നും തന്റെ ഹൃദയത്തിന്റെ ഒരു ഭാഗം കൂടിയാണെന്നും റോബിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

''ലൂക്ക എന്റെ വളര്‍ത്തുമൃഗം മാത്രമല്ല, എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം കൂടിയാണ്. എല്ലാ കാര്യങ്ങൾക്കും മാറ്റം സംഭവിക്കുന്ന ഈ ലോകത്ത്, അവന്റെ സ്നേഹം എപ്പോഴും വളരെ ലളിതവും, പരിശുദ്ധവും, യാതൊരു വ്യവസ്ഥകളുമില്ലാത്തതുമായിരുന്നു. വിജയം, പണം, പ്രശസ്തി, അല്ലെങ്കില്‍ ആളുകള്‍ പറയുന്ന കാര്യങ്ങള്‍ എന്നിവയൊന്നും അവന് ഒരു വിഷയമേയല്ല. ലൂക്കയ്ക്ക് ഞാന്‍ അവന്റെ പ്രിയപ്പെട്ട ആളാണ്.. അത് ഈ ലോകത്തിലെ ഏറ്റവും മനോഹരമായ വികാരങ്ങളിലൊന്നാണ്.

എന്റെ സന്തോഷനിമിഷങ്ങളിലും എനിക്ക് പുഞ്ചിരിക്കാന്‍ പോലും തോന്നാത്ത വിഷമഘട്ടങ്ങളിലും അവന്‍ എനിക്കൊപ്പം ഉണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഒരു വാക്ക് പോലും മിണ്ടാതെ തന്നെ അവന്‍ എന്റെ എല്ലാ സങ്കടങ്ങളുടെയും ഭാരം കുറച്ചുതരും. അവന്റെ കണ്ണുകള്‍, അവന്റെ കൊച്ചു കൊച്ചു ശീലങ്ങള്‍, എന്നെ കാണുമ്പോള്‍ അവനുണ്ടാകുന്ന സന്തോഷം... ഈ നിമിഷങ്ങള്‍ ഞാന്‍ എന്നെന്നും എന്റെ മനസില്‍ നിധി പോലെ സൂക്ഷിക്കും. നായ്ക്കള്‍ നമ്മുടെ ജീവിതകാലം മുഴുവന്‍ നമ്മോടൊപ്പം ഉണ്ടാകണമെന്നില്ല, പക്ഷേ അവര്‍ നമ്മുടെ ജീവിതം പൂര്‍ണമാക്കുന്നു. ലൂക്ക, നീ വെറുമൊരു വളര്‍ത്തുനായ മാത്രമല്ല. നീ എന്റെ കുടുംബമാണ്, എന്റെ കുഞ്ഞു കൂട്ടുകാരനാണ്, എന്റെ സന്തോഷമാണ്, എന്റെ ഹൃദയത്തില്‍ എപ്പോഴും സ്‌നേഹത്തോടെ കരുതുന്നയാളാണ്. എന്റെ കുട്ടി. എന്റെ ലൂക്ക. എന്റെ ഫോർ എവർ ലവ്...'', എന്നാണ് ലൂക്കക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് റോബിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

YouTube video player