‘യാത്രയ്ക്കപ്പുറം’ എന്നാണ് ഗായത്രിയുടെ പുതിയ പുസ്‍തകത്തിന്‍റെ ടൈറ്റില്‍
മലയാളികൾക്ക് പ്രിയപ്പെട്ട സിനിമാ-ടെലിവിഷൻ താരങ്ങളിലൊരാളാണ് ഗായത്രി അരുൺ. പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെയാണ് ഗായത്രി അരുണ്‍ പ്രേക്ഷകര്‍ക്ക് പരിചിതയായത്. പിന്നീട് സിനിമകളിലും താരം കഴിവ് തെളിയിച്ചു. ഗായത്രിയുടെ രണ്ടാമത്തെ പുസ്തകമായ യാത്രയ്ക്കപ്പുറം അടുത്തിടെയാണ് പ്രകാശനം ചെയ്യപ്പെട്ടത്. മോഹൻലാലിന് തന്റെ പുതിയ പുസ്തകം നൽകാൻ സാധിച്ചതിന്റെ സന്തോഷമാണ് ഗായത്രി ഏറ്റവുമൊടുവിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ശിവരാത്രി ദിനത്തിൽ തനിക്കു ലഭിച്ച അനുഗ്രഹമാണ് ഇതെന്നും ഗായത്രി കുറിച്ചു.
''അച്ഛനെ കുറിച്ചുള്ള അച്ഛപ്പം കഥകൾ എന്ന എന്റെ ആദ്യ പുസ്തകം അച്ഛൻ ഏറ്റവും ആരാധിക്കുന്ന ആളുടെ കൈകളിലൂടെ തന്നെ പ്രകാശനം ചെയ്യപ്പെട്ടത് വലിയ ഒരു ഭാഗ്യമായി കാണുന്ന എനിക്ക് ഇന്നലെ വീണ്ടും ലഭിച്ചു അത്തരം ഒരു ഭാഗ്യം. ഋതംഭര ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ ശിവരാത്രി പ്രോഗ്രാമായ ‘വേവ്സ് ഓഫ് ബ്ലിസ്’ എന്ന പരിപാടിയിൽ പങ്കെടുക്കാൻ വന്ന ലാലേട്ടന് എന്റെ പുതിയ പുസ്തകം ‘യാത്രയ്ക്കപ്പുറം’ നൽകണം എന്ന് ആഗ്രഹിച്ചിരുന്നു. പരിപാടിയുടെ സംഘാടകരിൽ ഒരാളായ എനിക്ക് ആ തിരക്കിനിടയിൽ സാധിക്കുമോ എന്ന് സംശയിച്ചു എങ്കിലും അവിടെ തന്നെ ഒരുക്കിയ ഡിസി ബുക്സിന്റെ സ്റ്റാളിൽ നിന്നും ഒരെണ്ണം വാങ്ങി കൈയിൽ വച്ചു. പക്ഷേ വരുന്നത് ലാലേട്ടനല്ലേ. ചുറ്റിലും ആളും ബഹളവും. തിരക്കൊക്കെ ഒഴിഞ്ഞ് സദസിൽ ഇരുന്ന സമയം ഞാൻ പതിയെ പുസ്തകം കൈയിൽ കൊടുത്തു. ചിരിയോടെ ‘വായിക്കാം’ എന്ന് പറഞ്ഞ് കൈയിൽ വാങ്ങി വച്ചു. പക്ഷേ ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല. അതൊരു ചെറിയ നിരാശ ഉണ്ടാക്കി. സാരമില്ല ആ കൈകളിൽ കൊടുക്കാൻ കഴിഞ്ഞല്ലോ. അങ്ങനെ പരിപാടി കഴിഞ്ഞ് അദ്ദേഹം തിരിച്ച് ഇറങ്ങാറായി. യാത്രയാക്കാൻ ഒപ്പം ചെന്നപ്പോൾ ദാ കൈയിൽ പുസ്തകം ഇരിക്കുന്നു. കൂടെ ക്യാമറയുമായി വന്ന സുമിൻ വേഗത്തിൽ ഒരു പടം ക്ലിക്ക് ചെയ്തു. അങ്ങനെ ശിവരാത്രി ദിനത്തിൽ ആഗ്രഹിച്ച പോലെ എനിക്ക് ആ ഫോട്ടോയും ലഭിച്ചു. ആ അദൃശ്യ ശക്തിയുടെ അപാര കരുണയും അനുഗ്രഹവും പല രീതിയിൽ അനുഭവിച്ച പുണ്യദിനത്തിൽ ഇതും അതിലൊന്നായി ചേർക്കപ്പെട്ടു'', ഗായത്രി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ALSO READ : പ്രധാന കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; 'കരിമ്പടം' വരുന്നു
