21-ാം വയസിൽ തനിക്കൊരു പ്രണയം ഉണ്ടായിരുന്നുവെന്നും അന്ന് താനൊരു 'കലിപ്പന്‍റെ കാന്താരി' ആയിരുന്നുവെന്നും മീനാക്ഷി

പ്രശസ്ത സിനിമാ-ടെലിവിഷന്‍ താരമാണ് മീനാക്ഷി രവീന്ദ്രന്‍. നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ചില സിനിമകളിലും പ്രത്യക്ഷപ്പെട്ടു. ടെലിവിഷൻ രംഗത്തെത്തുന്നതിനു മുൻപ് ഒരു എയർഹോസ്റ്റസ് കൂടിയായിരുന്നു താരം. മീനാക്ഷിയുടെ പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.

ഉടൻ പണം 3.0 ലെ സഹ അവതാരകനായിരുന്ന ഡെയ്ൻ ഡേവിസുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള തരം അഭ്യൂഹങ്ങളോടും മീനാക്ഷി പ്രതികരിച്ചു. ''ഞാനും ഡെയ്നും തമ്മിലുളളത് സൗഹൃദം മാത്രമാണ്. ഞങ്ങൾ പ്രണയത്തിലാണോയെന്നാണ് മിക്കവരും ചോദിക്കുന്നത്. അതിനെല്ലൊം ഉത്തരം പറഞ്ഞ് മടുത്തു. നാട്ടുകാരാണ് ഞങ്ങൾ ഒന്നിക്കാൻ വേണ്ടി ആഗ്രഹിക്കുന്നത്. അതു കേൾക്കുന്നത് ഞങ്ങൾക്ക് സന്തോഷമാണെന്ന് പറയുന്ന ആളുകളൊക്കെയുണ്ട്'', മീനാക്ഷി പറഞ്ഞു.

21-ാം വയസിൽ തനിക്കൊരു പ്രണയം ഉണ്ടായിരുന്നു എന്നും അന്ന് താനൊരു കലിപ്പന്റെ കാന്താരി ആയിരുന്നു എന്നും മീനാക്ഷി പറഞ്ഞു. ''അത് നമ്മുടെ കണ്ടീഷനിംഗിന്‍റെ പ്രശ്നമാണ്. അതൊക്കെ ഓക്കെ ആണ് എന്നൊക്കെ ആയിരുന്നല്ലോ ആ പ്രായത്തിൽ വിചാരിച്ചിരുന്നത്. ഇങ്ങനെയല്ല വേണ്ടത് എന്ന് മനസിലായപ്പോൾ ഞാനത് ഒഴിവാക്കി. നമ്മൾ എങ്ങനെയാകണമെന്ന് പങ്കാളിയല്ല തീരുമാനിക്കേണ്ടത്'', മീനാക്ഷി കൂട്ടിച്ചേർത്തു.

വസ്ത്രധാരണത്തിന്റെ പേരിൽ താൻ നേരിട്ട നെഗറ്റീവ് കമന്റുകളെക്കുറിച്ചും മീനാക്ഷി പ്രതികരിച്ചു. ''ഞാൻ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോളായിരുന്നു സംഭവം. അവിടെ എത്തിയപ്പോൾ ഒരുപാട് ഓൺലൈൻ മാധ്യമങ്ങൾ ഉണ്ടായിരുന്നു. എന്റെ വസ്ത്രധാരണ രീതിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നതായി എനിക്കു തോന്നിയില്ല. പക്ഷേ, അവർ ഷൂട്ട് ചെയ്തത് വേറെ രീതിയിലായിരുന്നു. അതിനുശേഷം പല സ്ഥലങ്ങളിൽ പോയപ്പോഴും ഇതായിരുന്നു അവസ്ഥ. പലരും പല ആംഗിളുകളിൽ നിന്നൊക്കെ ഷൂട്ട് ചെയ്ത് മോശമായി പ്രചരിപ്പിക്കും'', മീനാക്ഷി കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം