"തീരെ നിവൃത്തി ഇല്ലാതെ വന്നപ്പോഴാണ് ശരണ്യയ്ക്കായി സോഷ്യൽ മീഡിയയിലെത്തിയത്"

അഭിനയവും സാമൂഹ്യപ്രവര്‍ത്തനവുമൊക്കെയായി സജീവമായ താരമാണ് സീമ ജി നായര്‍. അന്തരിച്ച നടി ശരണ്യയുടെ ചികിത്സക്കുള്ള ധനസഹായത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചതോടെയാണ് സീമ ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായത്. എന്നാൽ അതിനു മുൻപും താൻ ഇങ്ങനെയുളള പ്രവർത്തനങ്ങൾ ചെയ്യുമായിരുന്നു എന്നും അതൊന്നും പുറത്തു പറഞ്ഞിരുന്നില്ല എന്നും അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ സീമ പറയുന്നു. ശരണ്യയെ സംരക്ഷിച്ചതു പോലെ തന്നെ കാൻസർ ബാധിതനായ മറ്റൊരാളെ ‍‍താനിപ്പോൾ സംരക്ഷിച്ചു പോരുന്നുണ്ടെന്നും അതാരാണെന്ന് ഇപ്പോൾ പുറത്തു പറയാൻ പറ്റില്ലെന്നും താരം കൂട്ടിച്ചേർത്തു.

''തീരെ നിവൃത്തി ഇല്ലാതെ വന്നപ്പോഴാണ് ശരണ്യയ്ക്കായി സോഷ്യൽ മീഡിയയിലെത്തിയത്. ഒരുപാട് ഓപ്പറേഷനുകൾ ശരണ്യയ്ക്ക് ചെയ്തിരുന്നു. ഓരോ ഓപ്പറേഷനു വേണ്ടിയും പണം കണ്ടെത്തുകയെന്നത് വലിയ പ്രയാസമായിരുന്നു. അന്നു ഞാൻ സിനിമാ താരങ്ങളുടെ സംഘടനയായ ആത്മയുടെ വൈസ് പ്രസിഡന്റായിരുന്നു. ശരണ്യയും ആത്മയിലെ അംഗമായിരുന്നു. നല്ല പൈസ ഉള്ള വീട്ടിലെ കുട്ടിയാണ് എന്നാണ് ഞാൻ ശരണ്യയെപ്പറ്റി വിചാരിച്ചിരുന്നത്. അവിടെ ചെന്നപ്പോഴാണ് ആ വീടിന്റെ യഥാർത്ഥ അവസ്ഥ എന്താണെന്ന് ഞാൻ മനസിലാക്കുന്നത്'', ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സീമ ജി നായർ പറഞ്ഞു.

''ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ച് സോഷ്യല്‍ വര്‍ക്കറായതല്ല ഞാൻ. ഒരു കൈ കൊണ്ട് കൊടുക്കുന്നത് മറുകൈ അറിയരുത് എന്ന് നിർബദ്ധമായിരുന്നു. നിവൃത്തി ഇല്ലാതായപ്പോഴാണ് ശരണ്യയെ കുറിച്ച് ആദ്യ പോസ്റ്റ് ഇടുന്നത്. വീഡിയോ ഇടുന്നതില്‍ താനും ശരണ്യയുടെ അമ്മയും തമ്മില്‍ തര്‍ക്കമുണ്ടായിട്ടുണ്ട്. പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വന്ന് അവളെ കൊണ്ട് കൈ നീട്ടിക്കുന്നത് ചേച്ചിക്ക് സഹിക്കില്ല. ശരണ്യയ്ക്കും അത് ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ അവളെ വിട്ടുകൊടുക്കാന്‍ പറ്റില്ലല്ലോ. ശരണ്യയെ സംരക്ഷിച്ചതു പോലെ തന്നെ ക്യാൻസർ ബാധിതനായ മറ്റൊരാളെ ‍‍ഞാനിപ്പോൾ സംരക്ഷിക്കുന്നുണ്ട്. അതാരാണെന്ന് ഇപ്പോൾ പറയാനാകില്ല, അഭിനയ രംഗത്തു തന്നെ ഉള്ള ഒരാളാണ്'', സീമ കൂട്ടിച്ചേർ‌ത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക