രണ്ടാം വിവാഹത്തെ കുറിച്ച് മഹീന.
ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത ഹാസ്യതാരമാണ് റാഫി. സുമേഷ് എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ താരം അവതരിപ്പിച്ചത്. ചക്കപ്പഴത്തിന്റെ ഭാഗമായശേഷം നിരവധി സിനിമ, സീരിയൽ അവസരങ്ങൾ റാഫിക്ക് ലഭിച്ചിരുന്നു. ഈ സീരിയൽ കണ്ട് ഇഷ്ടപ്പെട്ടാണ് റാഫിയുടെ ജീവിതത്തിലേക്ക് മഹീന മുന്ന എന്നയാൾ കടന്നുവന്നത്. എന്നാൽ പിന്നീട് റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന തന്റെ യൂട്യൂബ് ചാനലിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ റാഫിയുമായുള്ള വിവാഹമോചനം, സെൽഫ് ലവ്, ഡേറ്റിങ് ലൈഫ്, രണ്ടാം വിവാഹം എന്നിവയെക്കുറിച്ചെല്ലാം മനസ് തുറന്നിരിക്കുകയാണ് മഹീന.
യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു താരം.
''മുൻ ഭർത്താവുമായി എന്തുകൊണ്ട് പിരിഞ്ഞെന്ന് ചോദിച്ചാൽ ഞങ്ങൾക്ക് രണ്ടുപേർക്കും ഒരുമിച്ച് ജീവിച്ചു പോകാൻ പറ്റില്ല. റിലേഷൻഷിപ്പിൽ നിന്ന് മാറി ഒരു ഭാര്യയും ഭർത്താവുമായി ജീവിച്ച് തുടങ്ങുമ്പോൾ മാത്രമാണ് നമ്മുടെ ഉള്ളിലുള്ള എല്ലാ കാര്യങ്ങളും പുറത്തോട്ട് വരിക എന്നൊക്കെ ഞാൻ കേട്ടിട്ടുണ്ട്. അത് അനുഭവിച്ചത് എന്റെ ലൈഫിലും സംഭവിച്ചപ്പോഴാണ്. പുറത്ത് നിന്നും നിങ്ങൾ കാണുന്നത് പോലെയല്ല ഉള്ളിലുള്ള നമ്മുടെ ലൈഫ്. അതുകൊണ്ടാണ് ആ ലൈഫ് വേണ്ടെന്ന് ഞാൻ തീരുമാനിച്ചത്. അല്ലാതെ പ്രശസ്തി വന്നപ്പോൾ ഒഴിവാക്കിയതല്ല. പ്രശസ്തി കൊണ്ടു മാത്രം ഒരാൾക്കും ജീവിക്കാൻ പറ്റില്ല.
ഇപ്പോൾ ഞാൻ കമ്മിറ്റഡല്ല. പ്രായം ഇതാണെന്ന് കരുതി എന്തും ചെയ്യാം എന്നൊന്നുമില്ലല്ലോ. ഞാൻ എന്നോട് തന്നെ പറയുന്ന ഒരു കാര്യമുണ്ട്, ആർക്ക് വേണ്ടിയും നമ്മൾ നമ്മളെ ഒരുപാട് അങ്ങ് കൊടുക്കാതിരിക്കുക. പിന്നീട് അവർ നമ്മുടെ ജീവിതത്തിൽ നിന്നും പോയി കഴിഞ്ഞാൽ നമ്മൾ ഒരുപാട് സ്ട്രഗിൾ ചെയ്യും. വീണ്ടും ഞാൻ വിവാഹം കഴിക്കും. ഉടനെയില്ല. കുറച്ചു കഴിഞ്ഞ് നന്നായി ആലോചിച്ച് മാത്രമാകും വിവാഹം'', മഹീന വീഡിയോയിൽ പറഞ്ഞു.
