സീരിയൽ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും തങ്ങളുടെ വിവാഹനിശ്ചയം പ്രഖ്യാപിച്ചു. വിവാഹമോചനത്തിനു ശേഷമുള്ള ജീവിതത്തെക്കുറിച്ചും ജീവിതപങ്കാളിയുടെ പ്രാധാന്യത്തെക്കുറിച്ചും ഇരുവരും തുറന്നുപറഞ്ഞു.
കൊച്ചി: കഴിഞ്ഞ കുറേ നാളുകളായി സോഷ്യല്‍ മീഡിയയിലും ഗോസിപ്പ് കോളങ്ങളിലും ഏറ്റവുമധികം ചര്‍ച്ചയായ പേരുകളാണ് സീരിയല്‍ താരങ്ങളായ ജിഷിന്‍ മോഹന്റെയും അമേയ നായരുടേതും. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട്, തങ്ങൾ എൻഗേജ്ഡ് ആയി എന്ന കാര്യം കഴിഞ്ഞ പ്രണയദിനത്തിലാണ് ഇരുവരും അറിയിച്ചത്. ഇരുവരും ഒന്നിച്ചെത്തിയ പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.
ഒരു തവണ വിവാഹമോചനം കഴിഞ്ഞു എന്നു വെച്ച് ജീവിതം അവസാനിക്കുന്നില്ലെന്ന് ജിഷിൻ മോഹൻ അഭിമുഖത്തിൽ പറയുന്നു. ''ആകെപ്പാടെ ചെറിയൊരു ജീവിതമല്ലേ ഉള്ളൂ. അത് സന്തോഷമായിട്ടും സുഖമായിട്ടും ജീവിക്കണ്ടേ. അല്ലാതെ സങ്കടപ്പെട്ട് കഞ്ചാവും മദ്യവും ഉപയോഗിച്ച് ഫ്രസ്ട്രേഷൻ അടിച്ച് ജീവിക്കുന്നതിനേക്കാൾ നല്ലത് സന്തോഷമായിട്ട് ജീവിക്കുന്നതാണ്'', ജിഷിൻ പറഞ്ഞു.
നമ്മുടെ ജീവിതം എന്നു പറയുന്നത് എപ്പോഴും ലൈഫ് പാർട്ണറുടെ കൂടെയായിരിക്കും എന്നായിരുന്നു അമേയയുടെ പ്രതികരണം. ''പലരും മാതാപിതാക്കൾക്കും മക്കൾക്കും വേണ്ടി മാത്രം ജീവിച്ച് അവർക്കൊരു ജീവിതം ഉണ്ടെന്നത് മറക്കുന്നു. മാതാപിതാക്കളും മക്കളുമൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. മുറിച്ചു മാറ്റാനാകാത്ത ബന്ധങ്ങളാണ് അതൊക്കെ. പക്ഷേ നമ്മുടെ ജീവിതം എന്നു പറയുന്നത് പാർട്ണറുടെ കൂടെയുള്ള ജീവിതമാണ്.
ചിലർക്ക് ഒറ്റയ്ക്ക് ജീവിക്കാനായിരിക്കും ഇഷ്ടം. അത് അങ്ങനെ പൊയ്ക്കോട്ടെ. എനിക്കും രണ്ടു മക്കളുണ്ട്. എന്തിനാണ് ഒറ്റയ്ക്ക് ജീവിക്കുന്നതെന്ന് അവർ തന്നെ ചോദിക്കാറുണ്ട്. ജിഷിൻ ചേട്ടന്റെ കുട്ടി ചെറുതായതുകൊണ്ട് ഇപ്പോൾ അത് പറയില്ലായിരിക്കും'', അമേയ പറഞ്ഞു. താൻ പറയുന്ന കാര്യങ്ങൾ ഉൾക്കൊണ്ട് ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ജിഷിൻ ശ്രമിക്കുന്ന കാര്യം മനസിലായെന്നും അതുകൊണ്ടാണ് ഒന്നിച്ചു മുന്നോട്ടു പോകാൻ തീരുമാനിച്ചതെന്നും അമേയ പറഞ്ഞു. വീട്ടുജോലികൾ ചെയ്യാൻ യാതൊരു മടിയും ഇല്ലാത്തയാളാണ് ജിഷിനെന്നും അവിടെ വലിയ നടനാണെന്ന ഭാവമൊന്നും ഇല്ലെന്നും താരം കൂട്ടിച്ചേർത്തു.


