ലാലേട്ടൻ രേണു എന്നു പേരു ചൊല്ലി വിളിക്കുന്നതു തന്നെ വലിയ കാര്യമാണ്. എക്സ് ബിഗ്ബോസ് കണ്ടസ്റ്റന്റ് എന്ന ടൈറ്റിൽ പോലും എനിക്കു ലഭിച്ച വലിയ ബഹുമതിയാണെന്നും രേണു സുധി പറയുന്നു. സുധിയുടെ മരണമാണ് ജീവിതത്തിലെ ഏറ്റവും വലിയ വേദനയെന്നും രേണു. 

ബിഗ്ബോസിന് ശേഷം വീണ്ടും അഭിനയവും മോഡലിങ്ങും പ്രോഗ്രാമുകളുമൊക്കെയായി തിരക്കിലാണ് സമൂഹമാധ്യമങ്ങളിലെ വൈറൽ താരവും അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധി. അടുത്തിടെ രേണു തന്റെ ആദ്യത്തെ ഇന്റർനാഷണൽ ട്രിപ്പും നടത്തിയിരുന്നു. ഒരു റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനു വേണ്ടിയാണ് രേണു ദുബായിലെത്തിയത്. ഇതോടനുബന്ധിച്ച് ദുബായിലെ ഒരു ഓൺലൈൻ ചാനലിന് രേണു നൽകിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.

''ഭർത്താവ് മരിച്ചാൽ സ്ത്രീ ഇതുപോലെ നടക്കണം, ഇതുപോലുള്ള സ്ഥലത്തേ പോകാവൂ, വെള്ള സാരി ഉടുത്തു നടക്കണം എന്നൊക്കെ പറയുന്നവരുണ്ട്. അതൊക്കെ പഴയ കാലം. 2025ലാണ് നമ്മൾ ജീവിക്കുന്നത്. ഇതൊക്കെ പറയുന്നവരുടെ ജീവിതത്തിൽ ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ. നമ്മുടെ ലൈഫ് പാർട്ണർ ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുന്നതു തന്നെയാണ് നമ്മുടെ സന്തോഷം. അവർ ഇല്ലാതാകുമ്പോൾ ആദ്യം നമ്മൾ പകച്ചുപോകും. പിന്നീട് നമ്മൾ മുന്നോട്ടു വരും. എന്നെക്കുറിച്ച് സംസാരിക്കാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചടഞ്ഞുകൂടിയിരുന്നിട്ട് കാര്യമില്ല', എന്ന് രേണു സുധി പറയുന്നു.

'ഇങ്ങോട്ടു വന്ന അവസരങ്ങൾ ഞാൻ സ്വീകരിച്ചിട്ടുണ്ട്. എന്നുവെച്ച് ഞാൻ വലിയ നടിയല്ല, വളർന്നു വരുന്ന ചെറിയൊരു കലാകാരിയാണ്. എനിക്കെതിരെയുള്ള കമന്റുകളെ പൂമാലകളായി ഞാൻ സ്വീകരിക്കുന്നു. പറയുന്നവർ അവരുടെ ഫ്രസ്ട്രേഷൻ തീർക്കട്ടെ. രേണു സുധിയുടെ പേരു പറഞ്ഞാൽ തന്നെ പലർക്കും ഇപ്പോൾ റീച്ച് ആകും. ഇവരെല്ലാമാണ് എന്നെ ബിഗ്ബോസ് വരെയെത്തിച്ചത്. എല്ലാവരോടും നന്ദി മാത്രമാണ്. ഇവർ പറയുന്നതൊന്നും കാര്യമാക്കുന്നില്ല. സുധിച്ചേട്ടൻ മരിച്ചതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന. അതിനപ്പുറമൊരു വേദനയില്ല'', എന്നും രേണു കൂട്ടിച്ചേർത്തു.

ബിഗ്ബോസ് അനുഭവങ്ങളെക്കുറിച്ചും രേണു സുധി അഭിമുഖത്തിൽ സംസാരിച്ചു. ''ലാലേട്ടൻ രേണു എന്നു പേരു ചൊല്ലി വിളിക്കുന്നതു തന്നെ വലിയ കാര്യമാണ്. എക്സ് ബിഗ്ബോസ് കണ്ടസ്റ്റന്റ് എന്ന ടൈറ്റിൽ പോലും എനിക്കു ലഭിച്ച വലിയ ബഹുമതിയാണ്. അവിടെയുള്ള ആരോടും ദേഷ്യമില്ല'', എന്നും രേണു സുധി പറഞ്ഞു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്