തമിഴ് സീരിയല്‍ രംഗത്ത് തിരക്കുള്ള നായികയാണ് നികിതയിപ്പോൾ

ബാലതാരമായി സീരിയല്‍ രംഗത്തേക്ക് എത്തിയ താരമാണ് നികിത രാജേഷ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഓമനത്തിങ്കള്‍ പക്ഷി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് നികിത അഭിനയരംഗത്തെത്തുന്നത്. ഈ സീരിയലിൽ ലെനയുടെ മകളായിട്ടാണ് താരം അഭിനയിച്ചത്. തുടര്‍ന്ന് രഹസ്യം, ദേവീമാഹാത്മ്യം, സസ്‌നേഹം തുടങ്ങി നിരവധി ടെലിവിഷന്‍ സീരിയലുകളിൽ അഭിനയിച്ചു. 'മഞ്ഞുരുകും കാലം' എന്ന സീരിയലിലെ ജാനിക്കുട്ടിയായിട്ടാകും പ്രേക്ഷകരിൽ ഭൂരിഭാഗം പേരും നികിതയെ ഓർമിക്കുന്നുണ്ടാകുക. അതിനും ശേഷം നികിതയെ മലയാളത്തിൽ അധികം കണ്ടിട്ടില്ലെങ്കിലും തമിഴ് സീരിയല്‍ രംഗത്ത് തിരക്കുള്ള നായികയാണ് നികിതയിപ്പോൾ. നികിതയുടെ ഏറ്റവും പുതിയ ചിത്രങ്ങളും സമൂഹമാധ്യമങ്ങളി‍ൽ വൈറലാകുകയാണ്.

കേരളാ സാരിയണിഞ്ഞുള്ള ചിത്രങ്ങളാണ് നികിത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ''മല്ലു പെണ്‍കുട്ടിയായി മാറിയപ്പോള്‍'' എന്ന അടിക്കുറിപ്പോടെയാണ് നികിത ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തിലെയും തമിഴ്നാട്ടിലെയും ആരാധകർ ചിത്രത്തിനു താഴെ നികിതയോടുള്ള സ്നേഹം അറിയിച്ച് കമന്റ് ചെയ്യുന്നുണ്ട്.

View post on Instagram

ദേവീ മാഹാത്മ്യം എന്ന സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുന്ന സമയത്ത് ഒരു അമ്മൂമ്മ തന്റെ കാലില്‍ വീണു നമസ്‌കരിച്ച അനുഭവം നികിത മുൻപ് പങ്കുവെച്ചിരുന്നു. ''അന്ന് തീരെ കുഞ്ഞായിരുന്നു ഞാന്‍. സീരിയലിന്റെ റീച്ചിനെ കുറിച്ചൊന്നും അത്രയ്ക്ക് വലിയ അറിവൊന്നും എനിക്ക് ഇല്ല. ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയയും ഇല്ല. അമ്പലത്തില്‍ തൊഴുത് ഞാന്‍ തിരിഞ്ഞ് നില്‍ക്കുമ്പോള്‍ നല്ല പ്രായമുള്ള ഒരു അമ്മൂമ്മ എന്നെ കൈ കൂപ്പി തൊഴുതു. പിന്നെ കാലില്‍ വീണ് നമസ്‌കരിച്ചു. ദൈവത്തിന്റെ ആളല്ലേ.. എന്റെ പ്രശ്‌നങ്ങളൊക്കെ തീര്‍ത്ത് തരണേ എന്ന് പറഞ്ഞു. എന്ത് ചെയ്യണം എന്ന് അറിയാതെ ഞാന്‍ നിന്ന് പോയി. ഇപ്പോഴും ആ ഒരു അനുഭവം ഓര്‍ക്കുമ്പോള്‍ വല്ലാത്തൊരു ഫീല്‍ ആണ്'', എന്നും നികിത പറഞ്ഞിരുന്നു.

സീരിയലുകള്‍ക്കൊപ്പം തന്നെ സിനിമയിലും നികിത സജീവമായിരുന്നു. കളേഴ്‌സ്, ആകസ്മികം, കന്യാകുമാരി എക്‌സ്പ്രസ് എന്നിവാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.

ALSO READ : 'നമ്മൾ തമ്മിലുള്ള ബോണ്ട് വളരെ സ്പെഷ്യലാണ്'; അനുജത്തിയുടെ കുഞ്ഞിന് പിറന്നാളാശംസയുമായി മൃദുല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം