നടൻ സാജു നവോദയയും ഭാര്യയും തങ്ങൾക്ക് മക്കളില്ലാത്തതിനെക്കുറിച്ച് തുറന്നുപറയുന്നു. വർഷങ്ങളോളം കുട്ടികൾക്കായി ആഗ്രഹിച്ചിരുന്നെങ്കിലും ഇപ്പോൾ ആ ദുഃഖമില്ലെന്ന് അവർ പറയുന്നു.
കാലങ്ങളായി മലയാള സിനിമകളിലും സീരിയലുകളിലും സ്റ്റേജ് ഷോകളിലും മലയാളികളെ ചിരിപ്പിച്ച് കൊണ്ടിരിക്കുന്ന കലാകാരനാണ് സാജു നവോദയ. ഒരു പക്ഷേ ഈ പേരിനെക്കാൾ പാഷാണം ഷാജി എന്ന് പറഞ്ഞാലാകും ഭൂരിഭാഗം പേർക്കും അദ്ദേഹത്തെ മനസിലാകുക. അത്രത്തോളം ആയിരുന്നു ഈ വേഷത്തിലൂടെ സാജുവിന് ലഭിച്ച അംഗീകാരവും പ്രശസ്തിയും. ഇപ്പോളിതാ മക്കളില്ലാത്തതിനെക്കുറിച്ചും വർഷങ്ങളോളം ആ ആഗ്രഹത്തിനു പിന്നാലെ നടന്നതിനെക്കുറിച്ചുമെല്ലാം സംസാരിക്കുകയാണ് സാജു നവോദയയും ഭാര്യയും.
''ഇപ്പോൾ എല്ലാ കുട്ടിയും ഞങ്ങളുടെ കുട്ടിയാണ്. കുട്ടികളില്ലല്ലോ എന്ന ഫീൽ ഞങ്ങൾക്കുണ്ടായിട്ടില്ല. എന്റെ വീട്ടിൽ നിന്നോ ഇയാളുടെ വീട്ടിൽ നിന്നോ അങ്ങനെ ഒരു പ്രശ്നങ്ങളുമില്ല. ഇത്രയും വയസായി. ഇനിയിപ്പോൾ കുട്ടിയുണ്ടായാൽ വളർത്തണ്ടേ. ഇനിയൊരു കുഞ്ഞായി അതിന് നല്ല പ്രായമെത്തുമ്പോൾ ഞങ്ങൾ ഏത് പ്രായത്തിലായിരിക്കും. അവർക്ക് പത്തോ പന്ത്രണ്ടോ വയസുള്ളപ്പോൾ ഞങ്ങളെ അവർ അനാഥാലയത്തിൽ കൊണ്ട് വിടേണ്ടി വരും'', വൺ ടു ടോക്സിനു നൽകിയ അഭിമുഖത്തിൽ സാജു നവോദയ പറഞ്ഞു.
ആ സീനുകൾ കാണുമ്പോൾ പിടച്ചിലാണ്, കുറേ നാൾ അനുഭവിച്ചതാണ്
''വിശേഷം എന്ന സിനിമ കണ്ടപ്പോൾ അതിലെ പല സീനുകളും പലർക്കും തമാശയായിട്ടാണ് തോന്നിയത്. പക്ഷെ ഞങ്ങളെ പോലുള്ളവർക്ക് അതൊക്കെ ചങ്കിൽ കൊള്ളുന്ന സീനുകളാണ്. സിനിമയിൽ ടെസ്റ്റ് ചെയ്യാൻ പോകുന്ന ആൾ ജീവിതത്തിൽ ഞാനാണ്. ചമ്മിയാണ് അങ്ങോട്ട് പോകുന്നത്. അതിലും ചമ്മിയാണ് തിരിച്ച് വരുന്നത്. ആ സീനുകൾ കാണുമ്പോൾ പിടച്ചിലാണ്. കുറേ നാൾ അനുഭവിച്ചതാണ്. ഒരിക്കൽ ഞങ്ങൾ രണ്ട് പേരും ഉരുളി കമിഴ്ത്താൻ മണ്ണാറശാല ക്ഷേത്രത്തിൽ പോയി. അന്ന് ഉരുളി മേടിക്കാൻ പോലും പെെസയില്ല. ഞങ്ങൾ ഒപ്പിച്ചൊക്കെ പോയതാണ്. അവിടെ ചെന്നപ്പോൾ 55 വയസുള്ള ഒരു ചേട്ടനും ചേച്ചിയും ഉരുളി കമിഴ്ത്തുന്നു. ഞങ്ങൾക്കില്ലെങ്കിലും കുഴപ്പമില്ല, അവർക്ക് കുഞ്ഞിനെ കൊടുക്കണേ എന്നാണ് ഞാൻ പ്രാർത്ഥിച്ചത്. തിരിച്ച് വരുമ്പോൾ ആർക്ക് വേണ്ടിയാണ് പ്രാർത്ഥിച്ചതെന്ന് ഇവളോട് ചോദിച്ചു. ഞാൻ ആ ചേട്ടനും ചേച്ചിക്കും വേണ്ടിയാണ് പ്രാർത്ഥിച്ചതെന്നാണ് ഇവളും പറഞ്ഞത്'', സാജു നവോദയ കൂട്ടിച്ചേർത്തു.


