യൂട്യൂബ് ചാനലിലൂടെയാണ് മകളുടെ പേര് വെളിപ്പെടുത്തിയത്

ജനുവരി 30 നാണ് ഗായകൻ വിജയ് മാധവിനും നടി ദേവിക നമ്പ്യാർക്കും പെൺകുഞ്ഞ് ജനിച്ചത്. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് മകന്‍ ആത്മജക്ക് സഹോദരിയെ കിട്ടിയ സന്തോഷം ഇരുവരും പങ്കുവെച്ചത്. ഇപ്പോൾ മകളുടെ പേരും ഇവർ ആരാധകരോട് വെളിപ്പെടുത്തിയിരിക്കുകയാണ്. മകന്റേതു പോലെ വ്യത്യസ്തതയുള്ള ഒരു പേരാണ് മകൾക്കും ഇവർ നൽകിയിരിക്കുന്നത്.

'ഓം പരമാത്മ' എന്നാണ് ദേവികയുടെയും വിജയ് മാധവിന്റെയും രണ്ടാമത്തെ കുഞ്ഞിന് പേരു നൽകിയിരിക്കുന്നത്. കുട്ടി ആണാണോ പെണ്ണാണോ എന്ന് അറിയുന്നതിനു മുൻപേ തന്നെ തന്റെ മനസില്‍ വന്ന പേരാണിതെന്നും വിജയ് പറഞ്ഞു. ''ആണായാലും പെണ്ണ് ആയാലും ഈ പേര് തന്നെ ഇടാനാണ് ഞാന്‍ ആഗ്രഹിച്ചത്. ഞാന്‍ അത് ദേവികയോട് പറയുകയും ചെയ്തിരുന്നു. അത് കേട്ടപ്പോള്‍, ഭഗവാനേ.. ഇത് ആത്മജയ്ക്കും മുകളില്‍ പോകുമല്ലോ എന്നാണ് ദേവിക പറഞ്ഞത്'', വിജയ് മാധവ് കൂട്ടിച്ചേർത്തു.

കുട്ടി ആണാണോ പെണ്ണാണോ എന്നതിലുപരി കുട്ടിയുടെ പേര് എന്താണ് എന്നായിരുന്നു സ്വന്തം സഹോദരി വരെ ചോദിച്ചു കൊണ്ടിരുന്നതെന്നും വിജയ് വീഡിയോയിൽ പറയുന്നു. ''ഞങ്ങൾ പുറത്തിറങ്ങിയാല്‍ അപ്പോള്‍ തന്നെ ആളുകള്‍ ചോദിക്കുന്നത് കുഞ്ഞിന്റെ പേരാണ്. ചെക്കപ്പിന് പോയപ്പോൾ പോലും അടുത്ത കുഞ്ഞിന്റെ പേര് ആയിരുന്നു പലരും ചോദിച്ചിരുന്നത്. ആത്മജയുടെ പേരില്‍ ചില കോലാഹലങ്ങൾ ഉണ്ടായതു കൊണ്ടായിരിക്കണം അടുത്ത കുഞ്ഞിന്റെ പേര് ചിലർ തിരക്കിയത്. ഞാന്‍ കഷ്ടപ്പെട്ട് പേര് കണ്ടു പിടിക്കുന്നതോ, അതിനായി പരിശ്രമിക്കുന്നതോ അല്ല. എനിക്ക് ഒരു വിഷന്‍ കിട്ടുന്നതാണ്. ആത്മജ എന്ന പേര് സഹോദരിയുടെ കുട്ടിക്ക് ഇടാൻ നിർദേശിച്ച പേരാണ്. അവർ അത് ഇട്ടില്ല. ആ പേര് ഞങ്ങളുടെ കുട്ടിക്കിട്ടു. ആത്മജ മഹാദേവ് എന്ന പേര് ഞങ്ങളുടെ മനസില്‍ തനിയെ വന്നതാണ്. ഗുരുവായൂര്‍ അമ്പലനടയില്‍ വെച്ചാണ് ആ പേര് മനസിലേക്കു വന്നത്'', എന്നും വിജയ് മാധവ് പറഞ്ഞു.

അതേസമയം, നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ വിമർശനങ്ങളുമായി രംഗത്തെത്തുന്നത്. ഇങ്ങനെയൊരു പേരു വേണമായിരുന്നോ എന്നാണ് പലരും ചോദിക്കുന്നത്. മകന് ആത്മജ എന്നു പേരിട്ടതിലും ഇരുവര്‍ക്കമെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയർന്നു വന്നിരുന്നു.

ALSO READ : 'ഈ പേര് കേൾക്കുമ്പോൾ തന്നെ നെഞ്ചിടിപ്പേറുന്നു': ഹൃദയം തൊടുന്ന കുറിപ്പുമായി സീമ ജി നായർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം