500ൽ പരം അവാർഡുകൾ സൂക്ഷിച്ച 43 കൊല്ലം പഴക്കമുള്ള തന്റെ വീടിനെക്കുറിച്ചും വിനോദ്.
മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ ഹാസ്യ പരമ്പരയാണ് എം 80 മൂസ. എം 80 മൂസ കണ്ടവരാരും പാത്തുവിനെയും മൂസാക്കയെയും മറക്കാനിടയില്ല. സുരഭിയും വിനോദ് കോവൂരുമായിരുന്നു ഈ കോമഡി പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തനിക്ക് നിരവധി അവസരങ്ങള്‍ നേടി തന്ന കോമഡി പരമ്പരയായിരുന്നു എം 80 മൂസയെന്നും ഇന്നും പലരും തന്നെ മൂസാക്കാ എന്നാണ് വിളിക്കുന്നതെന്നും വിനോദ് കോവൂർ പറയുന്നു. സൈന സൗത്ത് പ്ലസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
''എവിടെപ്പോലായാലും പലരും എന്നെ മൂസക്കായ് എന്നാണ് വിളിക്കുന്നത്. കൊച്ചുകുട്ടികൾ പോലും അങ്ങനെ വിളിക്കാറുണ്ട്. എം 80 മൂസ ഭയങ്കര ഹിറ്റ് ആയി നിൽക്കുന്ന സമയത്താണ് ഞാൻ മമ്മൂക്കയുടെ കൂടെ പരുന്ത് എന്ന സിനിമയിൽ അഭിനയിച്ചത്. ആ സമയത്ത് സെറ്റിലുള്ളവരെല്ലാം എന്ന മൂസക്കായ് എന്നാണ് വിളിച്ചിരുന്നത്. നിന്റെ പേര് വിനോദ് എന്ന് തന്നെയല്ലേ എന്ന് മമ്മൂക്ക ഒരു ദിവസം എന്നോട് ചോദിച്ചു. എല്ലാവരും മൂസക്കായ് എന്നാണ് വിളിക്കുന്നത് മമ്മൂക്കാ, എന്താ ചെയ്യുക എന്ന് ഞാൻ പറഞ്ഞു. അത് നല്ലതാടാ, നമ്മുടെ പേര് മാറി കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുക എന്നത് ഒരു ഭാഗ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. അപ്പോളാണ് ആ വിളി കേൾക്കുന്നത് എനിക്ക് ശരിക്കും ഇഷ്ടമായിത്തുടങ്ങിയത്'', എന്നാണ് വിനോദ് കോവൂർ അഭിമുഖത്തിൽ പറഞ്ഞത്.
500ൽ പരം അവാർഡുകൾ സൂക്ഷിച്ച 43 കൊല്ലം പഴക്കമുള്ള തന്റെ വീടിനെക്കുറിച്ചും വിനോദ് കോവൂർ സംസാരിച്ചു. ''അച്ഛൻ ഉണ്ടാക്കിയ വീടാണിത്. ആദ്യം ഓടിട്ടതായിരുന്നു. പിന്നീട് ആ പഴമ നിലനിർത്തിക്കൊണ്ടു തന്നെ ഞാൻ ചില മാറ്റങ്ങൾ വരുത്തി. ഇതൊരു മ്യൂസിയം പോലെ ആക്കണം എന്നാണ് എന്റെ ആഗ്രഹം'', എന്നും വിനോദ് കോവൂർ കൂട്ടിച്ചേർത്തു.



