സോഷ്യൽ മീഡിയ താരമായ അഖിൽ എൻആർഡിയുടെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ അടുത്തിടെ വലിയ ചർച്ചയായിരുന്നു. ഇതിനുള്ള പരോക്ഷ മറുപടിയെന്നോണം അദ്ദേഹം പങ്കുവെച്ച പുതിയ വീഡിയോ ഇപ്പോൾ ശ്രദ്ധേയമാകുന്നു.

സോഷ്യൽ മീഡിയയിൽ സുപരിചിതമായ താരമാണ് അഖിൽ എൻആർഡി. അഖിലിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചില സംഭവ വികാസങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതിനെല്ലാമുള്ള പരോക്ഷ മറുപടിയാണ് അഖിലിന്റെ പുതിയ പോസ്റ്റ് എന്നാണ് ചിലർ വിലയിരുത്തുന്നത്. "ഈ പ്രശ്നങ്ങളൊക്കെ എങ്ങനെയാടാ നീ ഇത്ര സിംപിളായി ഹാൻഡിൽ ചെയ്യണേ?", എന്ന് സുഹൃത്ത് ചോദിക്കുന്നിടത്തു നിന്നാണ് പുതിയ റീലിന്റെ തുടക്കം. സുഹൃത്തിനെ ഒന്നു നോക്കി ദീർഘമായി നിശ്വസിച്ചു കൊണ്ടാണ് അഖിലിന്റെ മറുപടിയെത്തിയത്.

"എടാ, നിനക്ക് നിന്റെ ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടു എന്ന തോന്നലുണ്ടായ നിമിഷം ഉണ്ടായിട്ടുണ്ടോ? ഇല്ലെങ്കിൽ ഒരു വട്ടമെങ്കിലും അതൊന്ന് അനുഭവിക്കണം. നമ്മൾ നേരെ വീഴാൻ വേണ്ടി പോകുന്നത് ഒരു വലിയ കുഴിയിലേക്ക് ആയിരിക്കും. ചുറ്റും ഇരുട്ട് നിറഞ്ഞൊരു കുഴി. ആ കുഴിക്ക് പുറത്തു നിന്ന് ഒരുപാട് ആൾക്കാർ നമ്മളോടു സംസാരിക്കാൻ ശ്രമിക്കും. പക്ഷേ, നമുക്കൊന്നും കേൾക്കാൻ പറ്റില്ല. നമുക്ക് അവരോടൊന്നും സംസാരിക്കാനും പറ്റില്ല. നമ്മൾ ഏതൊരു നിമിഷത്തിലാണോ തോറ്റുപോയി എന്നു വിചാരിക്കുന്നത് അപ്പോൾ എവിടെന്നോ ഒരു സൂര്യപ്രകാശം കിട്ടും. അവിടുന്ന് എണീക്കണം. നടക്കണം. വീഴും, വീണ്ടും നടക്കണം! നടന്ന് നടന്ന് നടന്ന് അവസാനം നമ്മൾ ആ കുഴീന്ന് പുറത്തു വരും. ഒരിക്കൽ പുറത്തെത്തിക്കഴിഞ്ഞാൽ പിന്നെ ലോകത്തിൽ ഒന്നിനും നിങ്ങളെ തോൽപിക്കാൻ ആകില്ല. അതാണ് ജീവിതം'', എന്നാണ് ഈ ചോദ്യത്തിന് അഖിലിന്റെ മറുപടി. ഇത് വെറുമൊരു റീൽ അല്ലെന്നും അഖിലിന്റെ ജീവിതം തന്നെയാണ് എന്നുമാണ് അഖിൽ എൻആർഡിയുടെ വീഡിയോയ്ക്കു താഴെ ചിലർ കമന്റ് ചെയ്യുന്നത്.