ക്യാമറയ്ക്ക് മുന്നിൽ എപ്പോഴും വരാൻ ആഗ്രഹിക്കുന്നയാളല്ല ഭര്‍ത്താവെന്നും ലക്ഷ്മി നായര്‍.
പാചക പരിപാടികളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മലയാളി മനസിലേക്ക് വരുന്ന മുഖങ്ങളിലൊന്നാണ് ലക്ഷ്മി നായരുടേത്. പാചകത്തിന് പുറമേ, വിവിധ സ്ഥലങ്ങളിലെ വേറിട്ട രുചികളും ലക്ഷ്മി പരിചയപ്പെടുത്തിയിരുന്നു. ചാനല്‍ പരിപാടികള്‍ കൂടാതെ യൂട്യൂബ് ചാനലിലൂടെയും താരം വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ലക്ഷ്മിയുടെ കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്. ഭർത്താവിനെ എന്തുകൊണ്ട് വ്ളോഗുകളിൽ അധികം കാണുന്നില്ല എന്നതിന് ഉത്തരമാണ് ലക്ഷ്മി നായർ പുതിയ വീഡിയോയിൽ പറയുന്നത്.
''ഭർത്താവ് എവിടെ എന്ന് ധാരാളം പേർ ചോദിക്കാറുണ്ട്. ഞങ്ങൾ ഒന്നിച്ച് എത്തുന്ന വേദികൾ വളരെ കുറവാണ്. അതിന് രണ്ട് മൂന്ന് കാരണങ്ങളുണ്ട്. ക്യാമറയുടെ മുന്നിൽ വരാൻ ഇഷ്ടപ്പെടാത്ത ആളാണ് അദ്ദേഹം. ഞാനാകട്ടെ, ക്യാമറയ്ക്ക് മുന്നിൽ എപ്പോഴും വരാൻ ആഗ്രഹിക്കുന്നയാളും. അദ്ദേഹം വരാതിരിക്കുന്നതിൽ എനിക്ക് പരാതിയില്ല. ഇഷ്ടമില്ലാത്തയാളെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ല. അതിൽ ഞാൻ പരിഭവിച്ചിട്ട് കാര്യമില്ല. അതൊരു അഡ്ജസ്റ്റ്മെന്റാണ്. വരാൻ നിർബന്ധിച്ചാൽ അവിടെ വലിയ ബുദ്ധിമുട്ടുകളുണ്ടാകും'', എന്ന് ലക്ഷ്മി നായർ പറയുന്നു.
''എന്റെ ഇഷ്ടങ്ങളേ അല്ല അദ്ദേഹത്തിന്. അദ്ദേഹത്തിന് യാത്ര ചെയ്യാൻ ഇഷ്ടമല്ല. ഞാനിങ്ങനെ വഴിനീളെ ഭക്ഷണം കഴിച്ച് നടക്കുന്ന ആളാണ്. ബോബി ചേട്ടൻ പുറത്ത് നിന്നും ഭക്ഷണം കഴിക്കാൻ ഇഷ്ടമുള്ളയാളല്ല. ഓരോരുത്തരുടെ ഇഷ്ടാനിഷ്ടങ്ങൾ വ്യത്യസ്തമാണ്. എല്ലാവരും ഒരുപോലെയല്ല. അത് ഞാൻ മനസിലാക്കേണ്ട കാര്യമാണ്. അതു പോലെ എന്നെയും അദ്ദേഹം മനസിലാക്കുന്നു. ഞാൻ പെർഫെക്ട് അല്ല. എനിക്കും ഒരുപാട് കുറ്റങ്ങളും കുറവുകളുമുണ്ട്. എന്നെ എങ്ങനെ സഹിക്കുന്നെന്ന് ഞാൻ ചിലപ്പോൾ ആലോചിക്കും. അങ്ങോട്ടും ഇങ്ങോട്ടും സഹിച്ചും സ്നേഹിച്ചും മുന്നോട്ട് കൊണ്ട് പോകുന്നതാണ് ദാമ്പത്യം'', എന്നും ലക്ഷ്മി നായർ വ്ളോഗിൽ പറഞ്ഞു.



