പാട്ടുകാരുടെ കാര്യമല്ല
വീട്ടുകാരുടെ പ്രശ്‍നമല്ല
നാട്ടുകാരുടെ സ്വപ്നമാണ് 
എന്‍റെ ഈ പാട്ടില്‍
രണ്ട് ജില്ലകള്‍ തമ്മില്‍ ചേരും 
രണ്ടു റെയില്‍വേ ഗേറ്റൊഴിയും 
പൊന്നുമുനീറേ.. 

പൊതുവേദിയില്‍, തന്‍റെ മുഖത്തു നോക്കി ക്ഷണനേരത്തിനുള്ളില്‍ ചേലുള്ളൊരു പാട്ടുണ്ടാക്കി ഈണത്തില്‍ പാടുന്ന ആ ഗായകനെ കണ്ട് അമ്പരന്നുപോയി പാട്ടുകാരന്‍ കൂടിയായ മന്ത്രി എം കെ മുനീര്‍. ഒരു ദേശത്തിന്‍റെ, മൂന്നുപതിറ്റാണ്ടിലധികം പഴക്കമുള്ള സ്വപ്‍നങ്ങളായിരുന്നു ആ പാട്ടു നിറയെ. അങ്ങനെ പൊതുമരാമത്ത് വകുപ്പിനു നാട്ടുകാര്‍ വര്‍ഷങ്ങളായി സമര്‍പ്പിച്ചുകൊണ്ടിരുന്ന നിവേദനങ്ങള്‍ക്കാകെ ഫലമുണ്ടായി. കണ്ണൂര്‍-കാസര്‍കോട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ അതാ ഒരു പാലം റെഡി! പാട്ടുപാടി മഴ പെയ്യിച്ച ഗ്വാളിയാറുകാരന്‍ താന്‍സനെപ്പോലെ പാട്ടുപാടി പാലമുണ്ടാക്കിയ പയ്യന്നൂരുകാരനായ ഈ പാട്ടുകാരനാണ് അസീസ് തായിനേരി. 

അടുത്തകാലത്ത് റിയാലിറ്റി ഷോകളില്‍ തരംഗമായ 'ആരാലും മനസില്‍ നിന്നൊരിക്കലും മറക്കുവാന്‍ ആവാത്തവിധമുള്ളതായ' എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന്‍റെ ആദ്യശബ്‍ദം. മാപ്പിളപ്പാട്ടിന്‍റെ കളിത്തോഴന്‍ സാക്ഷാല്‍ മോയിന്‍കുട്ടി വൈദ്യരെ നിമിഷനേരം കൊണ്ട് പാട്ടിലാക്കിയ മിടുക്കന്‍. ഒരുകാലത്ത് മാപ്പിളപ്പാട്ട് മത്സരവേദികളിലെ താരവും ഇപ്പോള്‍ വിധികര്‍ത്താവും. ആചാരകലയായ ദഫ് മുട്ടിനെ ജനകീയ കലയാക്കി വളര്‍ത്തിയ കലാകാരന്‍. മായം ചേര്‍ക്കാത്ത മാപ്പിളപ്പാട്ടുകള്‍ ചൂടപ്പം പോലെ നിര്‍മ്മിക്കുന്ന പയ്യന്നൂരിലെ എസ് എസ് സ്റ്റുഡിയോ എന്ന പാട്ട് ഫാക്ടറിയുടെ അമരക്കാരന്‍. തനത് ഇശലുകളിലൂന്നി മാപ്പിളപ്പാട്ടിന്‍റെ പ്രാസവും സൗന്ദര്യവും സാഹിത്യവും നിലനിര്‍ത്താന്‍ സ്വന്തമായി പാട്ടുസംഘമുണ്ടാക്കിയ ആള്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അപൂര്‍വ്വമായ അറബി മലയാളം കൃതികളുടെ സൂക്ഷിപ്പുകാരന്‍. വടക്കേമലബാറിന്‍റെ താരാട്ട് പാട്ടുകളുടെ രാജകുമാരന്‍. പരമ്പാരഗത ഒപ്പന ഗുരു.  ഇങ്ങനെ വിരലിലെണ്ണിയാല്‍ തീരാത്ത വിശേഷണങ്ങളുള്ള അസീസിക്കയെ വീണ്ടും കാണണമെന്ന മോഹമുദിക്കുന്നത് അടുത്തിടെ ഗായകന്‍ താജുദ്ദീന്‍ വടകരയുമായി സംസാരിക്കുമ്പോഴാണ്. മംഗലാപുരത്തെ ഒരു വിവാഹവേദിയിലെ അസീസിക്കയുടെ പ്രകടനത്തെപ്പറ്റി പറയുമ്പോള്‍ താജുദ്ദീന്‍റെ ശബ്‍ദത്തില്‍ നിറയെ അമ്പരപ്പായിരുന്നു. ആ അമ്പരപ്പും നെഞ്ചിലേറ്റി തായിനേരിയിലെ എസ് എസ് സ്റ്റുഡിയോയിലെത്തുമ്പോള്‍ അവിടെ പാട്ടുംമൂളി ഇരിപ്പുണ്ടായിരുന്നു മാപ്പിളപ്പാട്ടുകളുടെ കുലപതി.

ആര്‍ക്കും പാട്ടെഴുതാമെന്നായി
ആരും പാടാനിതു തുണയായി
ആരുമെതിര്‍ക്കാനില്ലാതായി
മാപ്പിളപ്പാട്ട് ഹലാക്കായി
കൊഞ്ചം തമിഴും തോഡാ ഹിന്ദീം
തഞ്ചം അറബി പദമതും 
മാന്തിച്ചേര്‍ത്താലത്രേ പാട്ടിനു ഭംഗി
ഇങ്ങനെ പാട്ടിലെ മാപ്പിള പോയി..! 

മാപ്പിളപ്പാട്ടെന്ന പേരില്‍ പലതും പടച്ചുണ്ടാക്കുന്നവരെ പരിഹസിച്ച് അസീസിക്ക തന്നെ അടുത്തകാലത്തെഴുതിയ ഈ പാട്ടും നാട്ടില്‍ സൂപ്പര്‍ ഹിറ്റാണ്. എന്നാല്‍ അദ്ദേഹം തന്നെയത് പാടുന്നത് കേട്ടപ്പോള്‍ പരിഹാസത്തെക്കാളും അതില്‍ നിറയുന്നത് വേദനയാണെന്ന് തോന്നി. ദാരിദ്ര്യം മൂലം അഞ്ചാംക്ലാസില്‍ പഠനം ഉപേക്ഷിച്ച, മാപ്പിളപ്പാട്ടിന്‍റെ വലിയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ദേശക്കാരന്‍ ലോകമറിയുന്ന മാപ്പിളപ്പാട്ടുകാരനായത് ഇത്തരം ഗിമ്മിക്കുകള്‍ കൊണ്ടൊന്നുമല്ല, തീവ്രമായ അനുഭവങ്ങളുടെ ശ്രുതിപിടിച്ചാണ്. 

(അസീസ് തായിനേരി, ഫോട്ടോ: പ്രകാശ് മഹാദേവഗ്രാമം)

"തവിടും വെല്ലവും കുഴച്ചൂട്ടി ഉമ്മ പട്ടിണിയകറ്റിയ ഒരു കാലമുണ്ട്. ആ കാലമാണ് എന്നെ പാട്ടു പഠിപ്പിക്കുന്നത്.." അസീസിക്ക ഓര്‍മ്മകളുടെ കെട്ടഴിക്കുന്നു. "ഉപ്പ ചെറുപ്പത്തിലേ മരിച്ചു. ഞങ്ങള്‍ മൂന്നുമക്കള്‍.  ഇത്താത്തമാര്‍ ഒരു കൈകൊണ്ട് നെല്ലുവറുക്കും. മറുകൈകൊണ്ട് നെല്ലിടിക്കും. അപ്പോള്‍ കനം കിട്ടാന്‍ കച്ചിന്‍റെ മേലെ എന്നെ എടുത്തിരുത്തും. അതിനിടയില്‍ അവര്‍ പാടിയിരുന്ന സബീനപ്പാട്ടുകളാണ് എന്നെ ഒരു പാട്ടുകാരനാക്കുന്നത്.." തന്‍റെ കുട്ടിക്കാലത്ത് ഈ പാട്ടുശാഖയ്ക്ക് മാപ്പിളപ്പാട്ടെന്നൊന്നും വിളിപ്പേരു വന്നിട്ടില്ലെന്ന് അസീസിക്ക. സബീനപ്പാട്ടുകള്‍ അഥവാ കപ്പപ്പാട്ടുകള്‍ എന്നായിരുന്നു അവ അറിയപ്പെട്ടിരുന്നത്.  

"എല്ലാ മാപ്പിളയും മുസ്ലീമല്ല. എല്ലാ മുസ്ലീമും മാപ്പിളയുമല്ല. മാപ്പിളപ്പാട്ട് മാപ്പിളമാരുടേത് അല്ലേയല്ല. അത് ആദ്യം പാടിയത് മാപ്പിളമാരുമല്ല.

'മക്കത്തെപ്പള്ളിക്കൊപ്പിച്ച പള്ളി മലനാട്ടിലൊരു പള്ളി മാടായിപ്പള്ളി...' നാടന്‍പാട്ടിന്‍റെ ഈണത്തിലുള്ള ഈ മാപ്പിളപ്പാട്ട് പാടിയത് മാപ്പിളമാരല്ല, മാടായിപ്പാറയിലെ ഹരിജനങ്ങളാണ്. അത്രയും മനോഹരമായ പള്ളി പണിതതിലുള്ള അവരുടെ സന്തോഷമാണ് ഈ പാട്ടില്‍..." മാപ്പിളപ്പാട്ടുകളെക്കുറിച്ച് നിലപാട് വ്യക്തമാക്കുന്നു അസീസിക്ക.

"മനുഷ്യശരീരത്തെ ഒരു കപ്പലായി കണ്ടുകൊണ്ടുള്ള ദാര്‍ശനിക കാവ്യമാണ് കുഞ്ഞായിൻ മുസല്യാരുടെ കപ്പല്‍പ്പാട്ട്. അതാണ് കപ്പപ്പാട്ടായത്. കപ്പലിന് അറബിയിൽ സഫീനയെന്നാണ് പേര്. അതാവാം പില്‍ക്കാലത്ത് സബീന ആയത്..." കെസ് പാട്ടെന്നും കത്തുപാട്ടെന്നുമൊക്കെയുള്ള ഉപശാഖകളായിരുന്നു അക്കാലത്ത് സാധാരണക്കാര്‍ പാടിയരുന്നത്. അതില്‍ തന്നെ കെസായിരുന്നു ജനപ്രിയം. അന്നെന്നോ കേട്ട ആയിഷ ബീവിയുടെ കല്യാണപ്പാട്ട് ഓര്‍ക്കുമ്പോള്‍ വീണ്ടുമൊരു പന്ത്രണ്ട് വയസുകാരനാകും അസീസിക്ക. "പൊരുത്തം ബീ ആയിഷ പൂവി ചമഞ്ഞാനേ..  ലങ്കി മറിഞ്ഞാനേ.. പട്ടും പുതൈത്താനേ.."  നീട്ടി പാടുകയാണ് മുന്‍പാട്ടുകാരി. പക്ഷേ പിന്നിലെ അക്ഷരം അറിയാത്ത പാട്ടുകാരികളുടെ കാതുകളില്‍ അതെത്തുമ്പോള്‍ 'പട്ടും പോ സൈത്താനേ' എന്നാകും. അവര്‍ അത് അങ്ങന തന്നെ ഏറ്റുപാടും. ഓര്‍മ്മകളില്‍ ചിരിപുരളുന്നു.

14കാരന്‍ കണ്ട ആകാശവാണി
ദാരിദ്ര്യം അപശ്രുതി മുഴക്കുന്നത് പതിവായപ്പോള്‍ പഠനം അഞ്ചിലൊതുങ്ങി. ദഫിന്‍റെ താളത്തിനൊത്തായിരുന്നു അടുത്ത ചുവട്. എട്ടിക്കുളംകാരനായ മൊയ്‍തീന്‍ ഖലീഫ എന്ന ഉസ്‍താദായിരുന്നു ഗുരു. സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു അസീസിക്ക. അങ്ങനെയിരിക്കെ കോഴിക്കോട് ആകാശവാണിയില്‍ പരിപാടി അവതരിപ്പിക്കാന്‍ ദഫ് സംഘത്തിന് അവസരം കിട്ടി. "1962ലായിരുന്നു അത്. അന്നെനിക്ക് 14 വയസ് കാണും.  അവിടെ ചെല്ലുമ്പോള്‍ ദാ നില്‍ക്കുന്നു രാഘവന്‍ മാഷ്. മാപ്പളപ്പാട്ടിന്‍റെ ചക്രവര്‍ത്തി എസ് എം കോയയായിരുന്നു മുഖ്യാതിഥി. സ്റ്റുഡിയോ ഒന്നുമില്ല, കാക്കയെപ്പായിക്കാനൊക്കെ ആളെ നിര്‍ത്തി  പുറത്തൊരു മരത്തിന്‍റെ കീഴിലായിരുന്നു പരിപാടി അവതരണം." 

ഉച്ചയോടെ പരിപാടി കഴിഞ്ഞു. അപ്പോള്‍ കൂട്ടത്തില്‍ ചെറിയവനായ അസീസിനെ എസ്‍ എം കോയ അടുത്തുവിളിച്ചു. ഒരു പാട്ടു പാടാന്‍ പറഞ്ഞു. അങ്ങനെ കുഞ്ഞസീസ് സ്വന്തമായി എഴുതിയ ഒരു ബദര്‍ പാട്ടുപാടി.  'ബദര്‍ ബദര്‍ കമര്‍ പതിനേഴും മെളാനില്‍' എന്നു തുടങ്ങുന്ന ബദരീങ്ങളെ വാഴ്‍ത്തുന്ന ഗാനം പാടിക്കഴിഞ്ഞപ്പോള്‍ എസ് എം കോയയും രാഘവന്‍ മാഷും തലയില്‍ തലോടി അഭിനന്ദിച്ചത് ഇന്നലെയെന്നതു പോലെ ഓര്‍ക്കുന്നുണ്ട്. രാഘവന്‍ മാഷുമായി അന്നുതുടങ്ങിയ ആത്മബന്ധം അദ്ദേഹത്തിന്‍റെ അവസാനകാലംവരെ സൂക്ഷിച്ചിരുന്നു അസീസിക്ക. 'കായലരികത്ത്' എന്ന ജനപ്രിയ ഹിറ്റിനെക്കുറിച്ച് പില്‍ക്കാലത്ത് അതിന്‍റെ ഈണക്കാരനും ഗായകനുമായ രാഘവന്‍ മാഷിനു തന്നെയുണ്ടായ ചെറിയൊരു സംശയം അദ്ദേഹം തുറന്നു ചോദിച്ചത് ആ പഴയ പയ്യനോടാണെന്നു പറയുമ്പോള്‍ അസീസിക്കയുടെ ശബ്‍ദത്തില്‍ അഭിമാനം. 

(രാഘവന്‍ മാഷുടെ ഒപ്പം അസീസ് തായിനേരി)

ഹാര്‍മോണിയം പഠിപ്പിച്ച തൊപ്പിക്കമ്പനി
പതിനെട്ടാം വയസിലെ അവിചാരിതമായ ബോംബെ യാത്രയാണ് സംഗീതത്തിലെ അടുത്ത വഴിത്തിരിവ്. കാണാതായ സഹോദരീഭര്‍ത്താവിനെ തേടിയായിരുന്നു ആ യാത്ര. "അളിയനെ കുറേക്കാലമായി കാണാതായിരുന്നു. ഇത്തയുടെ കണ്ണീരു കണ്ടാണ് ഇറങ്ങിയത്. അദ്ദേഹം ബോംബെയിലുണ്ടൊന്നായിരുന്നു അറിവ്. സംസാരിച്ച് തിരിച്ചു കൊണ്ടുവരികയായിരുന്നു ലക്ഷ്യം. എന്നാല്‍ ഞാന്‍ അവിടെത്തുമ്പോഴേക്കും അളിയന്‍ മറ്റൊരിടത്തേക്ക് കടന്നു. പോയ കാര്യം സാധിക്കാത്തതിനാല്‍ തിരിച്ചുവരാനും തോന്നിയില്ല. അങ്ങനെ അവിടെ തങ്ങി..." 

അക്കാലത്ത് മലയാളികളുടെ സ്വര്‍ഗ്ഗമായിരുന്ന ബോംബെ മാഹിമിലെ ലേബര്‍ ക്യാമ്പിലായിരുന്നു താമസം. ഉപജീവനത്തിനായി അവിടെ ജിന്നത്തൊപ്പി ഉണ്ടാക്കുന്ന ജോലിക്കു ചേര്‍ന്നു അസീസിക്ക. അവിടെ വച്ച് പരിചയപ്പെട്ട കോഴിക്കോട്ടുകാരന്‍ കോയയില്‍ നിന്നാണ് ഹാര്‍മോണിയം വായന പഠിക്കുന്നത്. "ഒന്നരവര്‍ഷത്തെ ബോംബെ ജീവിതത്തിനൊടുവില്‍ അളിയന്‍ ഗോവയിലുണ്ടെന്ന് വിവരം കിട്ടി. അങ്ങനെ ഗോവയിലെത്തി. അവിടെയും കുറച്ചുകാലം താമസിച്ചു. അവിടെ വച്ചു പരിചയപ്പെട്ട രാഘവനെന്ന മനുഷ്യനാണ് എന്നെ മലയാളഭാഷ പഠിപ്പിക്കുന്നത്. അതിനിടെ അളിയനെ കണ്ടുപിടിച്ച് സംസാരിച്ചു. പിന്നെ ഞാന്‍ നാട്ടിലേക്ക് മടങ്ങി. വൈകാതെ അളിയനും നാട്ടില്‍ തിരികെയെത്തി.." ആ അളിയന്‍റെയും പെങ്ങളുടെയും മകനാണ് പ്രശസ്‍ത മാപ്പിളപ്പാട്ടുകാരന്‍ അഷ്റഫ് പയ്യന്നൂര്‍ എന്നു പറയുമ്പോള്‍ അസീസിക്കയുടെ മുഖത്ത് തന്‍റെ അലച്ചില്‍ വെറുതെയായില്ലല്ലോ എന്ന ഭാവം.

നാട്ടില്‍ തിരികെയെത്തിയ ശേഷം ഉപജീവനത്തിന്‍റെ ശ്രുതി വീണ്ടും ഇടറിത്തുടങ്ങി. അങ്ങനെ രാത്രിയില്‍ ദഫ് പഠിപ്പിക്കലും പുലര്‍ച്ചെ മദ്രസാ അധ്യാപനവും തുടങ്ങി. അതിനിടെ അഞ്ചുവരെ പഠിച്ച തായിനേരി സ്‍കൂളില്‍ താല്‍ക്കാലിക ശിപായിപ്പണിക്കു കയറി. അപ്പോള്‍ വയസ് ഇരുപത്.  "അതോടെ പാട്ടുപാടല്‍ ജോറായി. ശിപായി പണിയായതു കൊണ്ട് പാടാന്‍ ഇഷ്‍ടം പോലെ സമയം കിട്ടി. ടി നാരായണന്‍ അടിയോടി മാഷും എം കെ കൃഷ്‍ണന്‍ മാഷും സ്‍കൂള്‍ മാനേജര്‍ അബ്ദുല്‍ റഹ്മാന്‍ മൌലവിയുമൊക്കെ ഭയങ്കര പ്രോത്സാഹനമായിരുന്നു. മത്സരങ്ങള്‍ക്കൊക്കെ പങ്കെടുത്തു തുടങ്ങുന്നത് അക്കാലത്താണ്. സ്വന്തമായി എഴുതിയും സബീന പുസ്തകങ്ങളില്‍ നിന്നും പകര്‍ത്തിയുമൊക്കെ പാടിപ്പാടി ശബ്‍ദമുറച്ചതും ഇക്കാലത്ത് തന്നെ..."

റെക്കോഡിംഗിനു പോയി, കമ്പനി പൂട്ടി!
പാട്ടുകാര്‍ തങ്ങളുടെ പാട്ടുകള്‍ ഏതെങ്കിലും ഗ്രാമഫോണ്‍ കമ്പനിയില്‍ റെക്കോര്‍ഡ് ചെയ്യാന്‍ കൊതിച്ചുനടന്ന കാലമായിരുന്നു അത്. "മദ്രാസിലെ കൊളംബിയ ആയിരുന്നു അന്നത്തെ പ്രധാന റെക്കോഡിംഗ് കമ്പനി. ഒപ്പമുള്ള പാട്ടുകാരില്‍ പലരും അവിടെപ്പോയി റെക്കോര്‍ഡ് ചെയ്‍തു. ഒടുവില്‍ ഞങ്ങള്‍ കുറച്ചുപേരും പോകാന്‍ തീരുമാനിച്ചു. ആകാശവാണിയിലെ പരിചയത്തിന്‍റെ പുറത്ത് രാഘവന്‍ മാഷായിരുന്നു ഏര്‍പ്പാടൊക്കെ. പക്ഷേ ഞങ്ങള്‍ അവിടെ എത്തുമ്പോഴേക്കും ആ കമ്പനി പൂട്ടിപ്പോയി. പിന്നെ സംഗീത് കാസറ്റ്സിനു വേണ്ടി പാടി. രാഘവന്‍ മാഷ് തന്നെയായിരുന്നു അതിനു പിന്നിലും..." 

അസീസക്കയുടെ ഓര്‍മ്മകളുടെ പലയിടങ്ങളിലായി ഇങ്ങനെ പടര്‍ന്നു കിടപ്പുണ്ട് രാഘവന്‍ മാഷ്. ഒരിക്കല്‍ തലശേരിയിലെ വീട്ടില്‍ മാഷെ കാണാന്‍ പോയി അസീസിക്ക. പലതും സംസാരിച്ചിരിക്കുന്നതിനിടയില്‍ മാഷ് ചോദിച്ചു, "അസീസേ നമ്മുടെ കായലരികത്ത് ഒരു മാപ്പിളപ്പാട്ടിന്‍റെ ശൈലിയിലാണ് എന്ന് കുട്ടി മാഷ് ഉള്‍പ്പെടെ പലരും പറയുന്നുണ്ട്. അത് ശരിയാണോ? ഏതാണ് ആ പാട്ട്?" ഒരേ വൃത്തത്തില്‍ രണ്ട് താളത്തിലുള്ള മോയിന്‍കുട്ടി വൈദ്യരുടെ രണ്ട് പാട്ടുകളുണ്ട്. ബിലമതേറവേ അഹമ്മദാല്‍ തിരു, ആനപോല്‍ അസദുല്‍ എന്നിവയാണ് ആ പാട്ടുകള്‍. രണ്ടും രണ്ട് താളത്തിലാണ്. പക്ഷേ വൃത്തം ഒന്നാണ്. ഇക്കാര്യങ്ങള്‍ വ്യക്തമായി ചോദിച്ച് മനസിലാക്കിയ ശേഷമാണ് രാഘവന്‍ മാഷ് അസീസിക്കയെ യാത്രയാക്കിയത്.

ജീവിതം മാറ്റിയ താരാട്ടുകള്‍
താരാട്ടു പാട്ടുകളാണ് അസീസ് തായിനേരി എന്ന ഗായകനെ അക്ഷരാര്‍ത്ഥത്തില്‍ അടയാളപ്പെടുത്തുന്നത്. "വടക്കേ മലബാറില്‍ മുസ്ലീം സമുദായത്തില്‍ കുഞ്ഞുങ്ങളുണ്ടാകുമ്പോള്‍ തൊട്ടിലാട്ടല്‍ എന്നൊരു ചടങ്ങുണ്ട്. അതിനോടനുബന്ധിച്ചാണ് താരാട്ടു പാട്ടുകള്‍ പാടുന്നത്. ആവശ്യമനുസരിച്ച് പാട്ടുകാര്‍ വീടുകളില്‍ പോയി പാടുകയായിരുന്നു അന്നത്തെ പതിവ്. സത്യം പറഞ്ഞാല്‍ ഈ താരാട്ടു പാട്ടുകളാണ് എന്നെ കരകയറ്റുന്നത്..."  ഹാര്‍മോണിയം, തബല തുടങ്ങിയവയൊക്കെയെടുത്ത് വീടുകളില്‍ പോയി പാടുന്നതിന് സമയം തികയാതെ വന്നപ്പോള്‍ അസീസിക്കയ്ക്ക് പുതിയൊരു ആശയം തോന്നി. എന്തുകൊണ്ട് ഓഡിയോ കാസറ്റുകള്‍ ചെയ്‍ത് ആവശ്യക്കാര്‍ക്ക് നല്‍കിക്കൂട? അങ്ങനെ പാട്ടുകളുടെ മ്യൂസിക്ക് മൈനസ് ട്രാക്കുകള്‍ അഥവാ കരോക്കെ ഉണ്ടാക്കി. പിന്നീട് പുതിയ വരികള്‍ എഴുതി റെക്കോര്‍ഡ് ചെയ്‍ത് ആവശ്യക്കാര്‍ക്ക് നല്‍കിത്തുടങ്ങി. 

ഒരുപക്ഷേ വടക്കന്‍ കേരളത്തിന് കരോക്കെ എന്ന സംവിധാനത്തെ ആദ്യമായി പരിചയപ്പെടുത്തിയതും അസീസിക്കയും സംഘവും തന്നെയാവും. കരോക്കെയെപ്പറ്റി കേട്ടുകേള്‍വി പോലുമില്ലാതിരുന്ന കാലത്ത് മൈനസ് ട്രാക്ക് ഉണ്ടാക്കുന്നത് വളരെ ശ്രമകരമായിരുന്നു. "വലിയ ജപ്പാന്‍ കരോക്കെ സിസ്റ്റമായിരുന്നു ഇതിനായി ഉപയോഗിച്ചത്. തബല, ഹാര്‍മോണിയം, കൈമണി എന്നിവയൊക്കെ വച്ചായിരുന്നു കരോക്കെ റെക്കോര്‍ഡിംഗ്. പിന്നീട് വരികള്‍ എഴുതിച്ചേര്‍ത്ത് പാടി ഇതേ പോലെ വീട്ടില്‍ വച്ചു തന്നെ റെക്കോഡ് ചെയ്യും. എം കെ അഹമ്മദ് പള്ളിക്കര, പ്രേം സൂറത്ത്, പി ടി തുടങ്ങിയവരൊക്കെയായിരുന്നു പാട്ടെഴുത്ത്. കരോക്കെ ഉണ്ടാക്കുമ്പോഴും റെക്കോഡിംഗ് ചെയ്യുമ്പോഴുമൊക്കെ  ബഹളം ഒഴിവാക്കാന്‍ വീട്ടിലെ കുട്ടികളെയൊക്കെ അകറ്റി നിര്‍ത്തും..." 

(അസീസ് തായിനേരി റെക്കോര്‍ഡിംഗിനിടെ, ഫോട്ടോ: പ്രകാശ് മഹാദേവഗ്രാമം)

ഇക്കാലത്താണ് സല്‍ സബീര്‍ എന്ന പേരില്‍ ഒരു കലാവേദി തുടങ്ങിയത്. ഇതാണ് ഇന്നത്തെ പ്രശസ്‍ത ഗാനമേള ട്രൂപ്പായ എസ് എസ് ഓര്‍ക്കസ്‍ട്രയും സ്റ്റുഡിയോയുമാകുന്നത്. "നല്ല നീക്കം, നല്ല ഒഴുക്ക്, നല്ല വഴി എന്നിങ്ങനെയാണ് സല്‍ സബീര്‍ എന്ന അറബി വാക്കിന്‍റെ അര്‍ത്ഥം. കല്യാണ വീടുകളില്‍ മാപ്പിളപ്പാട്ട് ഗാനമേളകളായിരുന്നു ആദ്യം. അജിത ബഞ്ചമിന്‍, ഇബ്രാഹിം പയ്യന്നൂര്‍, അഷ്റഫ് പയ്യന്നൂര്‍, ബല്‍ഖീസ് ടീച്ചര്‍ തുടങ്ങിയവരായിരുന്നു ആദ്യകാല ഗായകര്‍. തൊണ്ണൂറുകളില്‍ എസ് എസ് ഓര്‍ക്കസട്ര കൂടി തുടങ്ങിയതോടെ നിരവധി ഗായകര്‍ ട്രൂപ്പിന്‍റെ ഭാഗമായി. അടുത്തിടെ അന്തരിച്ച പ്രശസ്‍ത ഗായകന്‍ ജോയി പീറ്ററൊക്കെ എസ് എസിലൂടെയാണ് വരുന്നത്.." അസീസിക്ക ഓര്‍ക്കുന്നു.

എസ് എസിനെക്കുറിച്ചും ആദ്യകാല ഗാനമേളകളെക്കുറിച്ചുമൊക്കെ ഓര്‍ക്കുമ്പോള്‍ പാപ്പിനിശേരി മൊയ്‍തു എന്ന ബീഡിത്തൊഴിലാളിയെ മറക്കാനാവില്ല അസീസിക്കയ്ക്ക്. "ഹാര്‍മോണിയത്തിലെ പുലിയായിരുന്ന മൊയ്‍തുവായിരുന്നു അന്ന് ഓര്‍ക്കസ്‍ട്രേഷന്‍. അദ്ദേഹത്തിന്‍റെ ശിഷ്യന്മാരാണ് മലബാറിലെ ഇന്നത്തെ ഉപകരണ സംഗീതജ്ഞരില്‍ പലരും.."  അന്ന് പതിവായി ഹാര്‍മോണിയം വായിച്ചിരുന്നത് ഒരു സുലൈമാനായിരുന്നു. ബര്‍ണശേരിക്കാരന്‍ മാണിക്യരാജായിരുന്നു തബലിസ്റ്റ്. പരിപാടികളുടെ ഇടവേളകളില്‍ മാണിക്യരാജിനെക്കൊണ്ട് പയ്യന്നൂരില്‍ ഒരു തബല ക്ലാസു തുടങ്ങിച്ചു അസീസിക്ക. ആ ക്ലാസില്‍ നിന്നും പഠിച്ചിറങ്ങിയ നിരവധി പേര്‍ പേരെടുത്ത തബലിസ്റ്റുകളുമായി. അന്ന് ഗിറ്റാറില്ല. പകരം ഷായിബാജ എന്ന ഉപകരണമാണ്, ബുള്‍ബുളിന്‍റെയൊക്കെ വേറൊരു രൂപം. പിന്നീട് മിക്സര്‍ വന്നു. ഓര്‍ഗണ്‍ വന്നു. കാസിയോയുടെ വിയല്‍ടോണ്‍ ഓര്‍ഗന്‍ വന്നതോടെ ഹാര്‍മോണിയം വിയല്‍ ടോണിലേക്ക് മാറി. വിവാഹം, തൊട്ടിലാട്ടല്‍, സുന്നത്ത് കല്യാണം തുടങ്ങിയ ചടങ്ങുകള്‍ക്കുള്ള പാട്ടുകളും തേടി ഇപ്പോഴും ധാരാളംപേര്‍ എത്തുന്നുണ്ട്. നിരവധി കലാകാരന്മാരുടെ ജീവനോപാധിയാണ് സ്റ്റുഡിയോയും ട്രൂപ്പുമെന്ന് തൊട്ടപ്പുറത്തിരുന്ന് പാട്ടെഴുതിക്കൊണ്ടിരുന്ന മനുഷ്യന്‍ ഓര്‍മ്മിപ്പിച്ചു.

 

ഇറച്ചിക്കടയില്‍ നിന്നും കിട്ടിയ ഹിറ്റ് പാട്ട്
'ആരാലും മനസില്‍ നിന്നൊരിക്കലും മറക്കുവാന്‍ ആവാത്ത' എന്ന ജനപ്രിയ ഹിറ്റ് അസീസിക്കയ്ക്ക് പാടാന്‍ കിട്ടിയതിനു പിന്നില്‍ രസകരമായൊരു കഥയുണ്ട്. ഈ പാട്ടെഴുതിയത് ഇറച്ചിവെട്ടിയും ഖബര്‍കുഴിയെടുത്തുമൊക്കെ ജീവിതം കൂട്ടിപ്പിടിച്ചൊരു മനുഷ്യനാണ്. ടി കെ കുട്ട്യാലി എന്ന ചാലാടുകാരന്‍. പണ്ട് ദഫുണ്ടാക്കാന്‍ ആട്ടിന്‍തോല്‍ വാങ്ങാന്‍ പോയപ്പോഴാണ് കുട്ട്യാലിക്കയുടെ ഈ ഹിറ്റ് പാട്ട് തനിക്ക് ലഭിക്കുന്നതെന്ന് അസീസിക്ക പറയുന്നു: "കുമുദു മരത്തില്‍ ആട്ടിന്‍റെ തോല് ചുറ്റി ചുണ്ണാമ്പ് കൊണ്ട് പൊതിഞ്ഞാണ് ദഫ് ഉണ്ടാക്കുന്നത്. ചുണ്ണാമ്പിട്ടാല്‍ രോമങ്ങള്‍ വേഗം പൊഴിഞ്ഞുവരും. പെണ്ണാടിന്‍റെ തോലാണ് ഇതിനു വേണ്ടത്. നെയ് കുറയും. എന്നാല്‍ പയ്യന്നൂരിലാണെങ്കില്‍ ആണാടുകളാണ് കൂടുതലും. അന്നെനിക്കൊരു ജാവ ബൈക്ക് ഉണ്ടായിരുന്നു. അതെടുത്ത് പെണ്ണാട്ടിന്‍റെ തോല് വാങ്ങാന്‍ കണ്ണൂര്‍ സിറ്റി മാര്‍ക്കറ്റില്‍ കുട്ട്യാലിക്കയുടെ അടുത്ത് പോകും. അങ്ങനെ അദ്ദേഹവുമായി നല്ല ബന്ധമായിരുന്നു. സിറ്റി മാര്‍ക്കറ്റിലെ ഇറച്ചിക്കടയിലെ ജോലിക്കിടയിലാണ് കുട്ട്യാലിക്ക ഈ പാട്ട് എഴുതി നല്‍കുന്നത്.." അസീസിക്ക ഓര്‍ക്കുന്നു. 

എന്നാല്‍ 'ആരാലും മനസില്‍' ആദ്യം റെക്കോഡ് ചെയ്യുന്നത് എം പി ഫൗസിയ എന്ന ഗായികയാണ്. പക്ഷേ ഫൗസിയയും അസീസിക്കയും പാടിയത് തമ്മില്‍ വലിയ വ്യത്യാസമുണ്ട്. "കുട്ട്യാലിക്ക എഴുതി നല്‍കിയ പാട്ടില്‍ സ്വരങ്ങള്‍ ഒരുപാടുണ്ടായിരുന്നു. പാട്ടിനെക്കാളും സ്വരങ്ങളാണ് കൂടുതലെന്നു തോന്നി. ആ മില്‍ മില്ലിനപ്പുറം ധാരാളം സ്വരങ്ങളുണ്ടായിരുന്നു. അവയില്‍ പലതും ഞാന്‍ വെട്ടി. പിന്നെ അല്‍പ്പം വേഗത കൂട്ടി പുതിയൊരു ഭാവത്തില്‍ പാടി. എന്നാല്‍ ഫൗസിയ അതേപടി തന്നെ പാടി..." അസീസിക്ക പറയുന്നത് ശരിയാണെന്ന് ഇരു ട്രാക്കുകളും കേള്‍ക്കുമ്പോള്‍ വ്യക്തം. ഇന്ന് റിയാലിറ്റി ഷോകളില്‍ കേള്‍ക്കുന്നതും അസീസിക്ക ചിട്ടപ്പെടുത്തിയ ഈണം തന്നെ. 


ഇങ്ങനെ വേറിട്ട രീതിയിലുള്ള ആലാപനം തന്നെയാണ് അസീസ് തായിനേരിയുടെ പ്രധാന പ്രത്യേകത. മോയിന്‍കുട്ടി വൈദ്യരുടെ മലപ്പുറം പടപ്പാട്ടിലെ ഇരന്ദവര്‍ അടങ്കലും, കൊയിലാണ്ടിക്കാരന്‍ അബ്‍ദുള്‍ റസാഖ് എന്ന മസ്‍താന്‍ ഉള്ളാളിലെ സയ്യിദ് മദനിയെക്കുറിച്ചെഴുതിയ 'വലിയുള്ളാ മദനി', ഓളിയില്‍ മുഹമ്മദ് കുഞ്ഞിയുടെ സൂര്യകുമാരി മാലയിലെ 'മണ്ടകത്ത് മംഗലപ്പൂ' എന്നിങ്ങനെ നിരവധി ഗാനങ്ങള്‍ അദ്ദഹേം സ്വന്തം ശൈലിയില്‍ ആലപിച്ചവയാണ്. 'ഇരന്തവര്‍ അടങ്കലും' എന്നത് കോല്‍ക്കളിയിലെ ഒരു കൊമ്പാണ്. അതാണ് അദ്ദേഹം അനായാസം മാറ്റിപ്പാടിയത്. അതുപോലെ 'മണ്ടകത്ത് മംഗലപ്പൂ' എന്ന ഗാനത്തില്‍ 'കിരികിരികിരിത്താലി തളത്തിപ്പൂട്ടി' എന്ന ഭാഗം കൂട്ടിച്ചേര്‍ത്താണ് പാടിയത്. ചുരുക്കിപ്പറഞ്ഞാല്‍ അസീസ് തായിനേരി പാടിയ പാട്ടുകളില്‍ പലതും മറ്റുള്ളവര്‍ പാടിയിട്ടില്ല, മറ്റുള്ളവര്‍ പാടിയതൊക്കെ അദ്ദേഹം പാടിയത് സ്വന്തം ശൈലിയിലാണുതാനും. അതിനെപ്പറ്റി ചോദിച്ചാല്‍ അസീസിക്ക ചിരിക്കും. "അങ്ങനെ ചെയ്യണമെന്ന് ബോധപൂര്‍വം വിചാരിച്ചിട്ടോ വെല്ലുവിളിയോ ഒന്നുമല്ല. അങ്ങനെ സംഭവിച്ചു പോകുന്നതാണ്. എനിക്കു പാടാനുള്ള ഒരു എളുപ്പം മാത്രം നോക്കിയങ്ങ് പാടുന്നു. അത്രമാത്രം.."

മാണിക്യമലരിന്‍റെ ഈണക്കാരനാര്?
അടുത്തിടെ വൈറലായ മാണിക്യമലരായ പൂവിയും അനുബന്ധവിവാദങ്ങളും ചിരിച്ചുതള്ളും അസീസിക്ക. ആ ഈണം ഈ പറയുന്നവരുടെ ആരുടേതുമല്ലെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. 'യാ നബീ സലാമലൈക്കും യാ റസൂല്‍ സലാമൈക്കും' എന്നു തുടങ്ങുന്ന ഒരു അറബി ട്യൂണാണ് അതെന്നാണ് അസീസിക്ക പറയുന്നത്. "പീര്‍ക്കയുടെ ഒരു പാട്ടും ഇതേ ഈണത്തിലുണ്ട്. പണ്ട് ഇതേ ട്യൂണില്‍ എം കെ മുഹമ്മദ് പള്ളിക്കരയെക്കൊണ്ട് ഞാനും ഒരു പാട്ടെഴുതിച്ചു. അതിങ്ങനെയായിരുന്നു. 

ഫാത്തിമന്‍ നബീന്‍റെ കുട്ടി.. 
കത്തിലങ്കും തങ്കക്കട്ടി 
മുത്തു ബീവി ഫാത്തിമത്തില്‍
പുതുമ കല്യാണം
പുതുമ കല്യാണം
പൊന്നണിക്കാന്‍ ആരുമില്ല.. 
പാട്ടുപാടാന്‍ ആളുമില്ല.. 
പൂവെടിക്കെട്ടും മട്ടില്ല 
പുതുമ കല്ല്യാണം..
പുതുമ കല്ല്യാണം..

പ്രവാസികള്‍ തന്ന സ്‍നേഹം
ഗള്‍ഫ് നാടുകളില്‍ നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള അസീസിക്ക അവിടെയും താരമാണ്. ഒരിക്കല്‍ കുവൈറ്റ് ഇന്ത്യാ ഫെസ്റ്റിവലില്‍ പാടാനെത്തിയ അസീസിക്കയ്ക്ക് പ്രവാസ ലോകം മറക്കാനാവാത്ത ഒരനുഭവവും സമ്മാനിച്ചു. "സന്തൂര്‍ വിദ്വാന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയെ ആദരിക്കുന്ന ചടങ്ങാണ് കുവൈറ്റ് ഇന്ത്യാ ഫെസ്റ്റിവലിലെ അന്നത്തെ മുഖ്യപരിപാടി. എന്നെ താമസിപ്പിച്ച ഹോട്ടല്‍ മുറിക്ക് 20000 രൂപയോ മറ്റോ ആയിരുന്നു ദിവസ വാടക. ഇതറിഞ്ഞ ഞാന്‍ സംഘാടക സുഹൃത്തിനോട് പറഞ്ഞു ആ പൈസ കൂടി എനിക്ക് തന്നാല്‍ ഞാന്‍ പരിപാടി നടക്കുന്ന ആ ഓഡിറ്റോറിയത്തിലോ മറ്റോ താമസിച്ചോളാം എന്ന്. തമാശക്കാണ് പറഞ്ഞതെങ്കിലും ഈ ചെങ്ങായി അത് മുഖ്യസംഘാടകനായ ഇന്ത്യന്‍ അംബാസിഡറോട് പറഞ്ഞു. പിന്നെയാണ് ഞാന്‍ ഞെട്ടിയത്, ശിവകുമാര്‍ ശര്‍മ്മയുടെ ഒപ്പം എന്നെയും വേദിയിലേക്ക് ക്ഷണിച്ചു, ആദരിച്ചു..!" അസീസിക്കയുടെ ശബ്‍ദത്തില്‍ ഇപ്പോഴും അവശേഷിക്കുന്നത് അദ്ഭുതം. ഗള്‍ഫിലെ ഓര്‍ഡറുകള്‍ക്ക് അനുസരിച്ച് നാട്ടില്‍ ഉണ്ടാക്കുന്ന പാട്ടുകള്‍ ആവശ്യക്കാര്‍ക്ക് നല്‍കാന്‍  ഇടക്കാലത്ത് അവിടൊരു കാസറ്റ് കടയും നടത്തിയിരുന്നു ഇദ്ദേഹം.  

വൈദ്യരെ പാട്ടിലാക്കിയ കഥ
പണ്ടൊരിക്കല്‍ അസീസിക്കൊരു മോഹമുദിച്ചു. മോയിന്‍കുട്ടി വൈദ്യരുടെ ഖബര്‍സ്ഥാന്‍ കാണണം. അപ്പോള്‍ത്തന്നെ രണ്ട് സുഹൃത്തുക്കളുമൊത്ത് നേരെ കൊണ്ടോട്ടിക്ക് വണ്ടിയും പിടിച്ചു. അന്ന് വൈദ്യര്‍ക്ക് സ്‍മാരകം ഒന്നും ആയിട്ടില്ല. ഖബര്‍സ്ഥാന്‍റെ അരികിലുള്ള ഓലമേഞ്ഞ ചായക്കടയിലിരിക്കുമ്പോള്‍ വൈദ്യരുടെ ബന്ധുവായ ഒരു ഉമ്മൂമ്മ കയറി വന്നു. അവര്‍ കേട്ടതും അവരുടെ ഉമ്മൂമ്മ കണ്ടതുമായ വൈദ്യരുടെ കഥകളൊക്കെ പറഞ്ഞു. പുട്ടും പപ്പടവും കട്ടന്‍ചായയും കഴിച്ചു കൊണ്ട് ആ കഥകള്‍ കേള്‍ക്കുന്നതിനിടെ ഇശലുകളുടെ താളം പേറിയൊരു കാറ്റു വന്നു പൊതിയുന്നതായി തോന്നി അസീസിക്കയ്ക്ക്. ആ ഇരിപ്പില്‍ ഒരു പാട്ടങ്ങ് കെട്ടിയുണ്ടാക്കി. അതാണ് 'മലയാളപ്പൂമണി മാറില്‍ പൊന്നരിഞ്ഞാണിന്‍ മുത്തുപതിച്ച്' എന്നു തുടങ്ങുന്ന ഗാനം. നിമിഷ കവിതകളുടെ പിന്നിലെ ടെക്നിക്ക് എന്തെന്ന് ചോദിച്ചാല്‍ താനൊരു കവിയേ അല്ലെന്ന് പറയും അസീസിക്ക. 

പടിയിറങ്ങും മുമ്പ് സ്റ്റുഡിയോയുടെ ചുവരുകളിലേക്ക് നോക്കി. പുരസ്‍കാര ശില്‍പ്പങ്ങള്‍ക്കും നൂറുകണക്കിനു പ്രശസ്‍തി ഫലകങ്ങള്‍ക്കുമൊക്കെയപ്പുറം ഒരു കൊച്ചലമാര. അതില്‍ നിറയെ കല്ലച്ചിലും മറ്റും അച്ചടിച്ച പുസ്‍തകങ്ങള്‍. മോയിന്‍കുട്ടി വൈദ്യരുടെ മൂലപുരാണം, ഇച്ചാമസ്‍താന്‍റെ സഭാവിളമ്പി പാട്ട്, മാനത്ത് പറമ്പില്‍ പരീക്കുട്ടിയുടെ സൗഭാഗ്യസുന്ദരി, പി കെ ഹലീമയുടെ ചന്ദിര സുന്ദരിമാല, മാനത്ത് വീട്ടില്‍ കുഞ്ഞിമരിക്കാറുടെ അദ്ഭുതരത്‍നമാല, മരക്കാര്‍ ഇബ്‍നു കമ്മുവിന്‍റെ ഇബ്രാഹിം ഖിസപ്പാട്ട്, മോയിന്‍കുട്ടി വൈദ്യരുടെ പിതാവ് ഉണ്ണി മമ്മദ് വൈദ്യര്‍  പൂര്‍ത്തീകരിച്ച ഹിജ്‍റത്തുന്നബി തുടങ്ങി നൂറ്റാണ്ടുകള്‍ പഴക്കമുള്ള അപൂര്‍വ്വമായ അറബി മലയാളം കൃതികളുടെ ശേഖരം. ഓളിയില്‍ കുഞ്ഞിമുഹമ്മദും ഹൈദ്രോസ് കുട്ടി മുസലിയാരും നടുത്തോപ്പില്‍ മമ്മൂഞ്ഞി മൗലവിയുമൊക്കെ ഇശലുകളും മൂളി അവിടിരിക്കുന്നു. അപ്പോള്‍ നെഞ്ചിലെത്തിയത് പഴയൊരു മാപ്പിളപ്പാട്ടാണ്. പ്രേം സൂരത്ത് എഴുതി വടകര കൃഷ്‍ണദാസ് ഈണമിട്ട 'ബദരീങ്ങളെപ്പെറ്റ നാടു കാണാന്‍' എന്ന ഗാനം. ആ നാടും പുരാതനമായ ഒരു പാട്ടുകാലവും ചുറ്റും നിറയുന്നതായി തോന്നി. പുറത്തേക്ക് നടക്കുമ്പോള്‍ അസീസിക്ക പതിയെ മൂളുന്നതു കേട്ടു.

ഞാന്‍ മരിച്ചു ഞാന്‍ മരിച്ചു     
എങ്കിലും ഞാന്‍ ജീവിപ്പൂ 
എന്നിലുള്ള ആശയും നിരാശയും ഒന്നിച്ചൂ
ചില്ലലമാരയില്‍ വച്ച ആദര ഫലകങ്ങള്‍
തെല്ലു ജാള്യതയോടെ എന്നെ പല്ലിളിച്ചു കാട്ടി
ഒക്കെയും പെറുക്ക്യേടുത്ത് പേരമക്കള്‍ക്കായി
നേരം പോക്കിനു കൊടുക്കാനുള്ള സമയമതായി

(ഫോട്ടോ: പ്രകാശ് മഹാദേവഗ്രാമം)

ഈ പംക്തിയിലെ മറ്റ് ലേഖനങ്ങള്‍ വായിക്കാം

അമ്മക്കുയിലിന്‍റെ പാട്ടുകാരന്‍

പിന്നൊരിക്കലും മണിക്ക് കാണാനായില്ല ഈ പാട്ടെഴുതിയ ആ പയ്യനെ..!

കാതരമൊരു പാട്ടായ് ഞാനില്ലേ..?!

ജീവിതം തന്ന ഫാത്തിമ...!

2018ന്‍റെ പാട്ടോര്‍മ്മകള്‍

"പട പൊരുതണം... വെട്ടിത്തലകള്‍ വീഴ്ത്തണം..." ഇതാണ് ആ പാട്ടിന്‍റെ യഥാര്‍ത്ഥ കഥ!

ശാന്തിഗീതമാണെനിക്ക് അയ്യന്‍..

"എന്നും വരും വഴി വക്കില്‍.." ആ കവിയും ഗായകനും മരിച്ചിട്ടില്ല!

പൂമുത്തോളിന്‍റെ പിറവി; ജോസഫിന്‍റെ പാട്ടുവഴി

ആരായിരുന്നു ജോയ് പീറ്റര്‍?