നന്ദമൂരി ബാലകൃഷ്ണയുടെ 'അഖണ്ഡ 2 താണ്ഡവം' എന്ന ചിത്രം സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ മികച്ച വിജയം നേടുന്നു. ബോയപതി ശ്രീനു സംവിധാനം ചെയ്ത ഈ ചിത്രം, 2021-ൽ പുറത്തിറങ്ങിയ 'അഖണ്ഡ'യുടെ രണ്ടാം ഭാഗമാണ്
തെലുങ്ക് ഇന്റസ്ട്രിയിലെ മാസ് താരമാണ് നന്ദമൂരി ബാലകൃഷ്ണ എന്ന ആരാധകരുടെ ബാലയ്യ. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ഒട്ടനവധി സിനിമകൾ ചെയ്തിട്ടുള്ള ബാലയ്യയുടെ സിനിമകൾക്ക് പലപ്പോഴും വരുന്നത് ട്രോളുകളും പരിഹാസവുമാണ്. മലയാളികൾ അടക്കം പരിഹാസവുമായി എത്തിയിട്ടുണ്ട്. എന്നാൽ ഇന്നക്കഥ മാറി. ബാലകൃഷ്ണയുടെ സിനിമകൾ കാണാൻ മലയാളികളും തിയറ്ററുകളിൽ എത്തുന്നുണ്ട്. അവ സ്വീകരിക്കുന്നുമുണ്ട്. അഖണ്ഡ 2 താണ്ഡവം എന്ന ചിത്രമാണ് ബാലയ്യയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ഡിസംബർ 12ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്രപ്രതികരണവും ട്രോളുകളും ലഭിക്കുന്നുണ്ട്. എന്നിരുന്നാലും ബോക്സ് ഓഫീസിൽ മികച്ച കളക്ഷനാണ് അഖണ്ഡ 2ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
എന്റർടെയ്മെന്റ് സൈറ്റായ കോയ്മോയിയുടെ റിപ്പോർട്ട് പ്രകാരം 200 കോടിയാണ് അഖണ്ഡ 2വിന്റെ നിർമാണ ചെലവ്. റിലീസ് ചെയ്ത് ഇതുവരെ 83 കോടി രൂപ ചിത്രം നേടിയെന്ന് ട്രാക്കിംഗ് സൈറ്റായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. റിലീസ് ചെയ്ത് മൂന്ന് ദിവസത്തെ ആഗോള ബോക്സ് ഓഫീസ് കളക്ഷനാണിത്. സിനിമയുടെ ഇന്ത്യ നെറ്റ് 61.1 കോടിയാണ്. ഓവർസീസിൽ നിന്നും 10.6 കോടിയും ഇന്ത്യ ഗ്രോസായി 72.4 കോടി രൂപയും അഖണ്ഡ 2 നേടിയിട്ടുണ്ടെന്നാണ് സാക്നിൽക്ക് കണക്ക്.
ബോയപതി ശ്രീനു രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് അഖണ്ഡ 2. 2021ൽ പുറത്തിറങ്ങിയ അഖണ്ഡ എന്ന സിനിമയുടെ തുടർച്ചയാണിത്. റിലീസിന് പിന്നാലെ ചില ഭഗങ്ങള്‍ ചൂണ്ടിക്കാട്ടി വന്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം, സംയുക്ത മേനോൻ, ആദി പിനിസെട്ടി, ഹർഷാലി മൽഹോത്ര, കബീർ ദുഹാൻ സിംഗ്, ശാശ്വത ചാറ്റർജി, സംഗയ് ഷെൽട്രിം, റോൺസൺ വിൻസെൻ്റ്, വിജി ചന്ദ്രശേഖർ എന്നിവരാണ് പടത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. തമൻ എസ് സംഗീതവും സി രാംപ്രസാദ് ഛായാഗ്രഹണവും തമ്മിരാജു എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.



