എതിര്‍ക്കാനില്ല, കമല്‍ഹാസൻ ശത്രുവല്ല: രജനികാന്ത്

കാവേരി മാനേജ്‍മെന്റ് ബോർഡ് രൂപീകരിക്കാത്ത കേന്ദ്രസർക്കാർ നിലപാടിനെതിരെ തമിഴ്‍നാട്ടിലെ സിനിമാതാരങ്ങളുടെ സംഘടനയായ നടികർ സംഘം പ്രതിഷേധിച്ചു. രജനികാന്തും കമല്‍ഹാസനും പ്രതിഷേധത്തില്‍ പങ്കെടുത്തു.

പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനു മുമ്പ് മാധ്യമങ്ങളെ കണ്ട് രജനികാന്ത് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശമനുസരിച്ചുള്ള കാവേരി മാനേജ്‍മെൻറ് ബോർഡ് രൂപീകരിക്കാതെ കേന്ദ്രം സമയം കളയുകയാണെന്ന് രജനികാന്ത് പറഞ്ഞു. എല്ലാ തമിഴനും കാവേരി മാനേജ്‍മെന്റ് ബോര്‍ഡ് ആവശ്യപ്പെടുന്നുണ്ടെന്ന് ഞാൻ കേന്ദ്രത്തോട് പറയുന്നു. അതില്‍ കാലതാമസം വരുത്തിയാല്‍ എല്ലാ തമിഴരുടെയും ദേഷ്യത്തിനും നിരാശയ്‍ക്കും നിങ്ങള്‍ കാരണമാകും. സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും തമിഴ്‍നാട്ടിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പോരാടണം. സ്വന്തം കൃഷിയിടങ്ങളില്‍ നിന്ന് വരുമാനം കണ്ടെത്തുന്ന പാവപ്പെട്ട കര്‍ഷകര്‍ക്ക് വേണ്ടിയാണ് പോരാടേണ്ടത്. അഞ്ച് ഘടകങ്ങള്‍ കൊണ്ടാണ് പ്രകൃതിയുണ്ടായിരിക്കുന്നത്. ജലം, ഭൂമി, മണ്ണ്, അഗ്നി, വായു എന്നിവ കൊണ്ട്. മനുഷ്യനും ഇത് എല്ലാം ആവശ്യമാണ്. ഇതില്‍ ഏതെങ്കിലും ഒന്നു നമ്മള്‍ നശിപ്പിച്ചാല്‍ ലോകത്തെ മനുഷ്യവര്‍ഗത്തിന്റെ തന്നെ നാശമാകും. ജലവും ഭുമിയും വായുവും മലിനമാക്കാൻ നമ്മള്‍ അനുവദിച്ചുകൂട. സര്‍ക്കാരിന് നൂറു കോടിയിലധികം വരുമാനമുണ്ടാക്കുകയോ ജനങ്ങള്‍ക്ക് ആയിരക്കണക്കിനു ജോലികള്‍ ലഭ്യമാക്കുകയോ ചെയ്‍താലും നമ്മള്‍ ഭൂമി മലിനമാക്കുന്ന ഒന്നിനും തയ്യാറായിക്കൂട- രജനികാന്ത് പറഞ്ഞു. രജനികാന്ത് ആദ്ധ്യാത്മിക രാഷ്‍ട്രീയം സ്വീകരിച്ചാല്‍ അതിനെ എതിര്‍ക്കുമെന്ന കമല്‍ഹാസന്റെ പ്രസ്‍താവനയോടും അദ്ദേഹം പ്രതികരിച്ചു. ഞാൻ അദ്ദേഹത്തെ എതിര്‍ക്കാനില്ല. അദ്ദേഹം എന്റെ ശത്രുവല്ല. ദാരിദ്ര്യം, അഴിമതി, തൊഴിലില്ലായ്‍മ, പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും കണ്ണുനീര്‍- അതൊക്കെയാണ് എന്റെ ശത്രുക്കള്‍- രജനികാന്ത് പറഞ്ഞു.