കുഞ്ഞുങ്ങള്‍ക്ക് വീട്ടില്‍ പോലും സുരക്ഷയില്ലാത്ത അതിദയനീയമായ കാഴ്ചകളിലൂടെയാണ് നാമിപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അച്ഛന്‍ മകളെ, സഹോദരന്‍ സഹോദരിയെ, അമ്മാവന്‍ അനന്തരവളെ, മുത്തച്ഛന്‍ പേരകുട്ടിയെ ഇങ്ങനെ ബന്ധമോ സ്ഥലകാലബോധമോ ഇല്ലാതെ എത്രയെത്ര കുഞ്ഞുങ്ങളാണ് ദിവസേന പീഡനത്തിനിരയാവുന്നത്. ഓരോ സംഭവങ്ങളും ഉണ്ടാകുമ്പോള്‍ ഇനി ഉണ്ടാവല്ലേയെന്നും മനസാക്ഷിയുള്ള ഓരോ ആളും നെഞ്ചുരുകി പ്രാര്‍ത്ഥിക്കും. 

 പിഞ്ചുകുഞ്ഞുങ്ങള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം അനുദിനം വര്‍ധിക്കുമ്പോള്‍ അതിന് കാരണക്കാരായവരെ നിഗ്രഹിക്കാന്‍ അവള്‍ എത്തിയിരിക്കുകയാണ് നാഗവല്ലി. റിവഞ്ച് ഓഫ് നാഗവല്ലി എന്ന മ്യൂസിക് ആല്‍ബം പറയുന്നത് ഇതാണ്.

മണിച്ചിത്രത്താഴിന്‍റെ തീമിലാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്. ശങ്കര്‍ ലോഹിതാക്ഷനാണ് വീഡിയോ ഒരുക്കിയത്. ക്യാമറ, എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് മണി ബിടിയാണ്. ആതിര, അനൂപ് എന്നിവര്‍ ചേര്‍ന്ന് അഭിനയിച്ചിരിക്കുന്ന വീഡിയോയുടെ വി എഫ് എക്‌സ് ഒരുക്കിയിരിക്കുന്നത് ഡിബിനാണ്.

അരുണ്‍ പെരിയാലിന്‍റെതാണ് ആശയം. മിഥുന്‍ രാജ് കളറിംഗും ചെയ്തിരിക്കുന്നു. സുമേഷ് സുകുമാരനാണ് നിര്‍മ്മാണം.ഗോവിന്ദ് മേനോന്റെ നാഗവല്ലി റോക്‌സും മഞ്ജിത്ത് സുമന്‍റെ സംഗീതവും ചേര്‍ത്താണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.