വിജേഷ് കെ വി അന്തരിച്ചു. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജില്‍ നാടക പരിശീലനത്തിനിടയിൽ വിജേഷ് കുഴഞ്ഞ് വീഴുകയായിരുന്നു.

കോഴിക്കോട്: പ്രമുഖ നാടക പ്രവർത്തകൻ വിജേഷ് കെ വി അന്തരിച്ചു. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജില്‍ നാടക പരിശീലനത്തിനിടയിൽ വിജേഷ് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

നാടകപ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട കലാകാരനായിരുന്നു വിജേഷ്. ഒപ്പം കുട്ടികളുടെ പ്രിയ അധ്യാപകനും. നാടക രചയിതാവ്, സംവിധായകന്‍, അഭിനയ പരിശീലകന്‍ എന്നീ നിലകളിലെല്ലാം അറിയപ്പെട്ട വിജേഷിന്‍റെ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധേയമാണ്. 'ഈ ഭൂമിയുടെ പേരാണ് നാടകം' എന്നതടക്കം ഒരുപാട് പ്രശസ്തമായ പാട്ടുകള്‍ വിജേഷ് പാടിയിട്ടുണ്ട്. 

'കുഞ്ഞു കുഞ്ഞു പക്ഷി', ‘നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ’, 'പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്' തുടങ്ങി മലയാളികള്‍ ഏറ്റുപാടിയ ഒരുപിടി മികച്ച ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് വിജേഷ്. 

കോഴിക്കോട് സ്വദേശിയാണ് വിജേഷ്. ഗുരുവായൂരപ്പൻ കോളേജിൽ വിദ്യാർത്ഥിയായിരിക്കേയാണ് അദ്ദേഹം നാടക മേഖലയിലേക്ക് കടന്നുവന്നത്. ശേഷം സ്കൂൾ ഓഫ് ഡ്രാമയിൽ പഠനം. ഇതോടെ നാടക മേഖലയിൽ സജീവമായി. നാടകപ്രവര്‍ത്തകയായ കബനിയാണ് വിജേഷിന്റെ ഭാര്യ. വിവാഹ ശേഷം ഇരുവരും ചേർന്ന് 'തിയ്യറ്റര്‍ ബീറ്റ്‌സ്' എന്ന പേരിൽ ഒരു നാടക പരിശീലനം ആരംഭിച്ചു. ഇതേറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

നാടകത്തിന് പുറമെ നിരവധി സിനിമകള്‍ക്ക് വേണ്ടിയും വിജേഷ് അഭിനയ പരിശീലന കളരി നടത്തിയിട്ടുണ്ട്. മങ്കിപ്പെന്‍, മാല്‍ഗുഡി ഡെയ്‌സ്, മൈ ഗോഡ്, മൈഗ്രേറ്റ് ഫാദര്‍, ഗോള്‍ഡ് കോയിന്‍, മഞ്ചാടിക്കുരു പുള്ളിമാന്‍ ആമി, ക്ലിന്റ് തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming