തുടര്‍ച്ചയായ വിജയ ചിത്രങ്ങള്‍ക്ക് ശേഷം വിശ്വസിച്ച് ടിക്കറ്റെടുക്കാവുന്ന താരമെന്ന പദവിയിലേക്ക് ഉയരുകയാണ് മലയാളത്തിന്‍റെ സ്വന്തം ടൊവിനോ തോമസ്. നവാഗതനായ ഫെല്ലിനിയുടെ തീവണ്ടി തിയേറ്ററില്‍ കയ്യടി നേടി മുന്നേറുകയാണ്. തീവണ്ടിക്ക് തൊട്ടുമുമ്പ് ഇറങ്ങിയ മറഡോണയും തിയേറ്റര്‍ വിട്ടിട്ടില്ല.  അതിനിടയിലാണ് ടൊവിനോ തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

നവാഗതനായ പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന കല്‍ക്കിയാണ് ടൊവീനോ പുതിയ ചിത്രമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൊവിനോ തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചു. പൊലീസ് വേഷത്തിലാണ് ടൊവിനോ കല്‍ക്കിയില്‍ എത്തുന്നത്. പൃഥ്വിരാജ് നായകനായ എസ്രയിലെ വേഷത്തിന് ശേഷം നായകനായി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ടൊവിനോ ചിത്രമാണ് കല്‍ക്കി.

ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.  സുചിന്‍ സുജാതനും സംവിധായകന്‍ പ്രവീണും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.  സലിം അഹമ്മദിന്‍റെ ദി ഓസ്കാര്‍ ഗോസ് ടു എന്ന ചിത്രവും ടൊവിനോയുടേതായി എത്തുന്നുണ്ട്. അനു സിത്താര നായികാ വേഷത്തിലെത്തുന്ന ചിത്രത്തില്‍ നിമിഷ സജയനും വേഷമിടുന്നുണ്ട്.