ചെന്നൈ: തമിഴ്‌നാട് മുഴുവന്‍ ഒറ്റക്കെട്ടായി ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ചെന്നൈ മറീന ബീച്ചില്‍ ഒത്തു ചേര്‍ന്ന ജനസമുദ്രത്തിനിടയില്‍ ആരുമറിയാതെ ഐക്യദാര്‍ഢ്യവുമായി ഇളയദളപതി വിജയ്. സിനിമ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘവും വ്യാപകമായ പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ നടികര്‍ സംഘത്തിന്റെ പരിപാടികള്‍ക്ക് മുന്‍പ് മറീനയിലെത്തിയ സൂപ്പര്‍ സ്റ്റാര്‍ വിജയ് ജനങ്ങള്‍ക്കൊപ്പം അവരിലൊരാളായി രാത്രിമുഴുവന്‍ അണിനിരക്കുകയായിരുന്നു.

തമിഴ്മക്കളുടെ വികാരത്തില്‍ പങ്കുചേരാനാണ് വിജയ്ക്ക് താല്‍പ്പര്യമെന്നും അതിനാലാണ് അദ്ദേഹം ആരുമറിയാതെ രാത്രി മറീനയില്‍ എത്തിയതെന്നും വിജയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

തൂവാല ഉപയോഗിച്ച് മുഖം മറച്ചെത്തിയ നേരം രാത്രി നീളും വരെ പ്രക്ഷോഭക്കാരില്‍ ഒരാളായി പങ്കെടുത്തു. അവസാനം തിരിച്ചു പോകുമ്പോഴാണ് പലരും വിജയിയെ തിരിച്ചറിയുന്നത്.

കഴിഞ്ഞ ദിവസം വീഡിയോയിലൂടെയും ജെല്ലിക്കെട്ട് തിരിച്ചു പിടിക്കണമെന്ന് വിജയ് പറഞ്ഞിരുന്നു. ഇന്ന് നടികര്‍ സംഘം നടത്തുന്ന സമരത്തിനൊപ്പവും പങ്കാളിയാണ് ഇളയദളപതി.