Asianet News MalayalamAsianet News Malayalam

40 ശ്രമിക് ട്രെയിനുകള്‍ വഴിതെറ്റിയെന്ന വിവാദം; മറുപടിയുമായി കേന്ദ്രം; സംഭവിച്ചതെന്ത്?

എങ്ങനെയാണ് 40 ട്രെയിനുകള്‍ ഒരുപോലെ വഴിതെറ്റിയത് എന്നാരെങ്കിലും ആധികാരികമായി പറഞ്ഞുതരിക എന്നുപറഞ്ഞായിരുന്നു മറ്റൊരു ട്വീറ്റ്

40 Shramik Trains Did Not get Lost says PIB
Author
delhi, First Published May 28, 2020, 12:33 PM IST

ദില്ലി: രാജ്യത്ത് കൊവിഡ് 19 ലോക്ക് ഡൗണ്‍മൂലം വിവിധയിടങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ തുടങ്ങിയ പ്രത്യേക ട്രെയിന്‍ സര്‍വീസുകളാണ് ശ്രമിക്. ലോക്ക് ഡൗണ്‍ ഇളവുവന്നതോടെ ഇതിനോടകം 3274 ശ്രമിക് ട്രെയിനുകള്‍ റെയില്‍വെ ഓടിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സാമൂഹ്യമാധ്യമങ്ങളിലെ ഒരു പ്രചാരണം കുറച്ചുദിവസങ്ങളായി വലിയ വിവാദത്തിന് വഴിതുറന്നിരിക്കുന്നു. 

'റൂട്ട് തെറ്റിയ' പ്രചാരണമോ?

40 Shramik Trains Did Not get Lost says PIB

40 ശ്രമിക്ക് ട്രെയിനുകള്‍ വഴിതെറ്റി മറ്റിടങ്ങളിലെത്തി എന്നാണ് പ്രചാരണം. റെയില്‍വേക്കെതിരെ ഈ വിമര്‍ശനം ഏറ്റെടുത്ത് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. 40 ട്രെയിനുകള്‍ വഴിമാറി ഓടിയെന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് സഹിതം കോണ്‍ഗ്രസ് വക്‌താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല ട്വീറ്റ് ചെയ്തു. 'ഷെയിം ഓണ്‍യു പീയുഷ് ഗോയല്‍' എന്ന് സഹിതമായിരുന്നു ട്വീറ്റ്. 

എങ്ങനെയാണ് 40 ട്രെയിനുകള്‍ ഒരുപോലെ വഴിതെറ്റിയത് എന്നാരെങ്കിലും ആധികാരികമായി പറഞ്ഞുതരിക എന്നുപറഞ്ഞായിരുന്നു മറ്റൊരു ട്വീറ്റ്. താനായിരുന്നു റെയില്‍വേ മന്ത്രി എങ്കില്‍ ആദ്യ ട്രെയിന്‍ വഴിതെറ്റിയപ്പോഴേ രാജിവെക്കുമായിരുന്നു എന്ന് മറ്റൊരാള്‍ ട്വീറ്റ് ചെയ്‌തു. 40 ട്രെയിനുകള്‍ വഴിതെറ്റിയിട്ടും ഭക്ഷണം ലഭിക്കാതെ 10 യാത്രക്കാര്‍ മരിച്ചിട്ടും പീയുഷ് ഗോയല്‍ മന്ത്രി സ്ഥാനത്ത് തുടരുകയാണ് എന്നും ട്വീറ്റിലുണ്ട്. ഇത്തരത്തില്‍ നിരവധി ട്വീറ്റുകളാണ് കണ്ടെത്താനായത്. 

വസ്‌തുത ഇതെന്ന് കേന്ദ്രം

എന്നാല്‍, ട്രെയിനുകള്‍ വഴിമാറി ഓടി എന്ന വിമര്‍ശനം തള്ളിക്കളയുകയാണ് കേന്ദ്ര സര്‍ക്കാര്‍. വിശദീകരണവുമായി റെയില്‍വേ മന്ത്രാലയവും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും രംഗത്തെത്തി. 

Read more: 'രാജ്യത്തെ സ്‌കൂളുകളെല്ലാം തുറക്കാന്‍ പോകുന്നു, കേന്ദ്രാനുമതി'; പ്രചാരണം ശരിയോ?

വസ്‌തുതാ പരിശോധനാ രീതി- അവലംബം കേന്ദ്ര സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാരിന്‍റെ ഔദ്യോഗിക വസ്‌തുതാ പരിശോധനാ വിഭാഗമായ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി)യുടെ ട്വീറ്റ് ഇങ്ങനെ. 'പ്രചാരണം വസ്‌തുതാപരമല്ല. 80 ശതമാനം ട്രെയിനുകളും ഉത്തര്‍പ്രദേശിലേക്കും ബിഹാറിലേക്കുമായിരുന്നത് പാതയില്‍ തിരക്കുണ്ടാക്കി. ട്രെയിനുകള്‍ വഴി തെറ്റിയിട്ടില്ല. സാധാരണ ചെയ്യാറുള്ളത് പോലെ ഉചിതമായ റൂട്ടുകളിലൂടെ ട്രെയിനുകള്‍ വഴിതിരിച്ചുവിടുക മാത്രമാണ് ചെയ്തത്'. 

ശ്രമിക് ട്രെയിനില്‍ പട്ടിണിമൂലം 10 പേര്‍ മരിച്ചോ? സര്‍ക്കാര്‍ ഭാഷ്യം...

ശ്രമിക് ട്രെയിനില്‍ യാത്ര ചെയ്ത 10 കുടിയേറ്റ തൊഴിലാളികള്‍ ഭക്ഷണം ലഭിക്കാത്തത് മൂലം പട്ടിണി കിടന്ന് മരിക്കേണ്ടി വന്നിരുന്നുവെന്ന് മുന്‍പ് പ്രചരിച്ചിരുന്നു. സര്‍ക്കാര്‍ അവര്‍ക്ക് ഭക്ഷണം നല്‍കിയില്ലെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഈ പ്രചാരണത്തിനും മറുപടിയുമായി വിഭാഗം രംഗത്തെത്തിയിരുന്നു. 

Read more: 'കൊവിഡ് സഹായമായി എല്ലാവര്‍ക്കും 5000 രൂപ'; വൈറല്‍ സന്ദേശം കണ്ട് അപേക്ഷിക്കണോ?

'പട്ടിണി മൂലം ശ്രമിക് ട്രെയിനില്‍ തൊഴിലാളികള്‍ മരണപ്പെട്ട ഒരു സംഭവം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൃത്യമായ നടപടിക്രമങ്ങളോടെ നടക്കുന്ന പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ ഒരു മരണത്തിന്‍റെ കാര്യം വ്യക്തമാകൂ. സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് ദയവായി വിട്ടുനിൽക്കണം' എന്നും പിഐബി ട്വിറ്ററില്‍ കുറിച്ചു.

Follow Us:
Download App:
  • android
  • ios