ദില്ലി: കൊവിഡ് 19 മഹാമാരിക്ക് തടയിടാന്‍ മരുന്നിനും വാക്‌സിനുമായി തീവ്ര പരിശ്രമങ്ങളിലാണ് ലോകം. അത്യാഹിത ഘട്ടങ്ങളില്‍ ഹൈഡ്രോക്സി ക്ളോറോക്വിൻ അടക്കമുള്ള മരുന്നുകള്‍ ചികിത്സയ്‌ക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും പൂര്‍ണ വിജയമാണ് എന്ന് തെളിഞ്ഞിട്ടില്ല. ഇതിനിടെയാണ് ലോകത്തിന് പ്രത്യാശ നല്‍കി ആന്റിവൈറല്‍ മരുന്നായ റെംഡെസിവിറിന്‍റെ പേര് കടന്നുവന്നത്. റെംഡെസിവിറിനെ ചൊല്ലി ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഒരു പ്രചാരണം സജീവമാണ്.

പ്രചാരണം ഇങ്ങനെ

കൊവിഡിന് മരുന്ന് കണ്ടെത്തിയോ ഇന്ത്യ?. ഹൈദരാബാദില്‍ കണ്ടെത്തി എന്ന തലക്കെട്ടിലാണ് പ്രചാരണങ്ങള്‍. മരുന്നിന്‍റെ പേര് റെംഡെസിവിര്‍ എന്നും പ്രചാരണങ്ങളില്‍ പറയുന്നു. ഇക്കാര്യം പറയുന്ന ചില മാധ്യമ വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. 

വാര്‍ത്ത സത്യമോ 

കൊവിഡ് രോഗികള്‍ക്ക് ആന്റിവൈറല്‍ മരുന്നായ റെംഡെസിവിര്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. രോഗികള്‍ക്ക് അഞ്ച് ഡോസ് മരുന്ന് നല്‍കാനാണ് അനുമതി. കൊവിഡ് രോഗികള്‍ക്ക് റെംഡിസിവിര്‍ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ ഫലം കാണുന്നുവെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് മരുന്നിന് അനുമതി നല്‍കിയത്. ഇക്കാര്യമാണ് കൊവിഡിന് എതിരെ ഇന്ത്യ കണ്ടെത്തിയ മരുന്ന് എന്ന തരത്തില്‍ പ്രചാരണം നേടിയത്.

വസ്‌തുതാ പരിശോധനാ രീതി 

'ജൂണ്‍ ഒന്നുമുതല്‍ അത്യാഹിത ഘട്ടത്തില്‍ റെംഡിസിവിര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നു' എന്നാണ് ഇന്ത്യയുടെ ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ജനറല്‍ അറിയിച്ചത്. ഈ അറിയിപ്പാണ് വസ്‌തുതാ പരിശോധനയ്ക്കായി പരിഗണിച്ച ആധികാരിക രേഖ. വാക്‌സിനായോ കൊവിഡ് രോഗത്തിന് പൂര്‍ണമായ മരുന്നായോ റെംഡിസിവിറിന് അനുമതി നല്‍കിയിട്ടില്ല. കൊവിഡ് രോഗം തീവ്രമായ പ്രായപൂര്‍ത്തിയായവരിലും കുട്ടികളിലുമാണ് മരുന്ന് ഉപയോഗിക്കാന്‍ അനുമതി. അനുവദനീയമായ 10 ദിവസത്തിന് ശേഷം മരുന്ന് തുടരണമോയെന്ന് അധികൃതര്‍ക്ക് തീരുമാനിക്കാം എന്നും അറിയിപ്പില്‍ പറയുന്നു. 

Read more: എയ്‌ഡ്‌സും സാര്‍സ് വൈറസും കൂടിച്ചേര്‍ന്നുണ്ടായതോ കൊറോണ? തായ്‌വാന്‍ ഡോക്‌ടര്‍മാരുടെ കണ്ടെത്തല്‍ ശരിയോ

അടിയന്തര ഘട്ടത്തില്‍ കൊവിഡ് രോഗികള്‍ക്ക് റെംഡിസിവര്‍ നല്‍കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് വിഭാഗം നേരത്തെ അനുമതി നല്‍കിയിരുന്നു. രോഗികളില്‍ റെംഡിസിവര്‍ ഫലം കാണുന്നുവെന്ന് യുഎസ് മരുന്ന് നിര്‍മാതാക്കള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. എന്നാല്‍ മരുന്ന് നിര്‍മാതാക്കളായ ഗിലീഡ് വാര്‍ത്തയോട് പ്രതികരിച്ചില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. റെംഡിസിവിര്‍ കൊവിഡിന് ഫലപ്രദമാകുമെന്ന നിഗമനത്തില്‍ ബ്രിട്ടനില്‍ ക്ലിനിക്കല്‍ ടെസ്റ്റ് നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.

Read more: സാനിറ്റൈസറിന്‍റെ അമിത ഉപയോഗം കാന്‍സറിന് കാരണമാകുമോ? ആരോഗ്യവിദഗ്ധര്‍ പറയുന്നത്

നേരത്തെ, ഹൈഡ്രോക്സി ക്ളോറോക്വിൻ മരുന്ന് സമാനമായി കൊവിഡ് ചികിത്സയ്‌ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. കൊവിഡിനെതിരെ ഇന്ത്യയുടെ തുറുപ്പുചീട്ട് എന്ന് വിശേഷിപ്പിച്ച് ഈ മരുന്ന് സമ്മർദ്ദം ചെലുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വാങ്ങിക്കൂട്ടിയിരുന്നു. എന്നാല്‍, മരുന്ന് പ്രയോഗിച്ച് ചികിത്സിച്ച രോഗികളിൽ മരണനിരക്ക് അല്ലാത്തിടങ്ങളിലേക്കാൾ കൂടുതലാണ് എന്ന രീതിയിലുള്ള ഫലങ്ങളാണ് അമേരിക്കയിലെ കൊവിഡ് രോഗികൾക്കിടയിൽ നടത്തിയ ഒരു പഠനത്തിൽ പുറത്തുവന്നത്. 

നിഗമനം

കൊറോണ വൈറസിന് മരുന്ന് കണ്ടെത്തി എന്ന പ്രചാരണം വസ്‌തുനിഷ്‌ഠമല്ല. കൊവിഡിന് മരുന്നോ വാക്‌സിനോ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അത്യാഹിത ഘട്ടത്തില്‍ ഹൈഡ്രോക്സി ക്ളോറോക്വിൻ, റെംഡിസിവര്‍ തുടങ്ങിയ വൈറല്‍ മരുന്നുകള്‍ ഉപയോഗിക്കാനുള്ള താല്‍ക്കാലിക അനുമതി മാത്രമാണ് നല്‍കിയിരിക്കുന്നത്. വിവിധ രാജ്യങ്ങള്‍ ഈ മരുന്നുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​