വുഹാന്‍: കൊവിഡ് 19 വൈറസ് വ്യാപനത്തിന് കാരണമാകുന്നത് 5ജി ടെലികോം സിഗ്നലുകളാണെന്ന സന്ദേശത്തെ തുടർന്ന് ഇംഗ്ലണ്ടില്‍ ടവറുകള്‍ അഗ്നിക്കിരയാക്കുന്നതായി കഴിഞ്ഞദിവസം വാർത്ത പുറത്തുവന്നിരുന്നു. ഇതേ കാരണം പറഞ്ഞ് ചൈനയില്‍ 5ജി ടവർ മറിച്ചിടാന്‍ ആളുകള്‍ ശ്രമിക്കുന്നു എന്ന തലക്കെട്ടോടെ ഒരു വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. 

Read more: 5ജി കൊറോണയ്ക്ക് കാരണമാകുമെന്ന് പ്രചാരണം; ബ്രിട്ടനില്‍ 5ജി ടവറുകള്‍ക്ക് തീ ഇടുന്നു

ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം 26 സെക്കന്‍റ് ദൈർഘ്യമുള്ള ഈ വീഡിയോ വൈറലായി. 

എന്നാല്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. ഹോങ്കാംഗില്‍ 2019 ഓഗസ്റ്റില്‍ നടന്ന പ്രക്ഷോഭങ്ങളുടെ വീഡിയോയാണ് തെറ്റായ തലക്കെട്ടില്‍ ഇപ്പോള്‍ പ്രചരിക്കുന്നത് എന്ന് എഎഫ്പി ഫാക്ട് ചെക്ക് കണ്ടെത്തി. വീഡിയോയ്ക്ക് കൊവിഡുമായി യാതൊരു ബന്ധവുമില്ല. വുഹാനില്‍ 2019 ഡിസംബർ മാസത്തിലാണ് ആദ്യമായി കൊവിഡ് 19 സ്ഥിരീകരിച്ചത്. 

Read more: 5ജി കാരണമോ കൊറോണ വന്നത്; അസംബന്ധ പ്രചാരണത്തിനെതിരെ ശാസ്ത്രലോകം

ഒരാഴ്ചയോളമായി ബ്രിട്ടനിലെ സാമൂഹ്യമാധ്യമങ്ങളില്‍ 5ജിക്ക് എതിരായ വ്യാജ പ്രചാരണം ശക്തമാണ്. മൊബൈല്‍ നെറ്റ്വര്‍ക്ക് സിഗ്നലുകളുടെ പുതിയ സാങ്കേതിക വിദ്യയായ 5ജി കൊറോണയ്ക്ക് കാരണമാകുന്നു എന്നാണ് ഈ സന്ദേശങ്ങളുടെ ഉള്ളടക്കം. ഇതേ വാദങ്ങള്‍ അമേരിക്കയിലും നേരത്തെ ശക്തമായിരുന്നു. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ബ്രിട്ടണ്‍ വ്യക്തമാക്കിയിട്ടുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക