ന്യൂയോർക്ക്: കൊവിഡ് 19 വൈറസിനോളം പഴക്കമുണ്ട് അതുമായി ബന്ധപ്പെട്ട ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്കും. ചൈനയിലെ വുഹാനില്‍ നിന്ന് ആദ്യമായി വൈറസ് വാർത്ത ലോകമറിഞ്ഞത് മുതല്‍ നാം കേള്‍ക്കുകയാണ് പല സിദ്ധാന്തങ്ങളും. ചൈനയുടെ ജൈവായുധമാണ് കൊവിഡ് എന്നും, അതല്ല അമേരിക്കയുടെ സൃഷ്ടിയാണ് എന്നുമൊക്കെ പ്രചാരണങ്ങളുണ്ട്. 

Read more: 5ജി കാരണമോ കൊറോണ വന്നത്; അസംബന്ധ പ്രചാരണത്തിനെതിരെ ശാസ്ത്രലോകം

ഈ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ബലപ്പെടുത്തുന്ന തെളിവ് എന്ന പേരില്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കുകയാണ്. കൊവിഡിനെ സൃഷ്ടിക്കുകയും ആ വൈറസ് ചൈനയ്ക്ക് വില്‍ക്കുകയും ചെയ്ത ഹാർവാർഡ് സർവകലാശാല പ്രൊഫസർ ഡോ. ചാള്‍സ് ലീബറെ അമേരിക്ക അറസ്റ്റ് ചെയ്തു എന്നാണ് വീഡിയോയില്‍. ഫേസ്ബുക്ക്, ട്വിറ്റർ, വാട്‍സ്ആപ്പ് എന്നിവിടങ്ങളിലാണ് ഈ വീഡിയോ കൂടുതലായി പ്രചരിച്ചത്. 

 

പ്രൊഫ. ചാള്‍സ് ലീബർ അമേരിക്കയില്‍ അറസ്റ്റിലായിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍ ഇതിന് കൊവിഡ് 19നുമായി ബന്ധമില്ല. കൊവിഡ് 19 വൈറസിന്‍റെ ഉപജ്ഞാതാവ് എന്ന നിലയില്‍ ചാള്‍സിനെ കുറിച്ച് പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നാണ് ഇന്ത്യ ടുഡേ ആന്‍ഡി ഫേക്ക് ന്യൂസ് വാർ റൂമിന്‍റെ കണ്ടെത്തല്‍. ഈ നിഗമനത്തിലേക്ക് നയിച്ചത് ന്യൂയോർക്ക് ടൈംസ് അടക്കമുള്ള അമേരിക്കന്‍ മുഖ്യധാരാ മാധ്യമങ്ങളുടെ റിപ്പോർട്ടുകളാണ്. 

Read more: പഴങ്ങളും പച്ചക്കറികളും വഴി കൊവിഡ് മനുഷ്യരിലെത്തും? കത്തിപ്പടരുന്ന പ്രചാരണങ്ങളിലെ വസ്തുത

ചൈനയില്‍ നിന്ന് ലഭിച്ച സാമ്പത്തികസഹായത്തെ കുറിച്ച് വിവരങ്ങള്‍ മറച്ചുവെച്ചതിനും തെറ്റായ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയതിനുമാണ് ഈ വർഷം ജനുവരിയില്‍ ചാള്‍സിനെ അറസ്റ്റ് ചെയ്തത്. ചൈനയുടെ സാമ്പത്തിക സഹായം സ്വീകരിച്ചതിനാണ് അറസ്റ്റ് എന്നും ഇതിന് ചാരവൃത്തിയുമായോ രഹസ്യങ്ങള്‍ കൈമാറിയതുമായോ ബന്ധമില്ലെന്ന് ന്യൂയോർക്ക് ടൈംസിന്‍റെ റിപ്പോർട്ടില്‍ കാണാം. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക