ഈ വര്‍ഷം ഫെബ്രുവരിയില്‍ തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലായുണ്ടായ ഭൂകമ്പത്തില്‍ കുട്ടിയെ രക്ഷിക്കുന്ന വീഡിയോയാണ് ഗാസയിലെത് എന്ന പേരില്‍ പ്രചരിക്കുന്നത്

ഹമാസിന്‍റെ ആക്രമണത്തിന് ശക്തമായ തിരിച്ചടിയാണ് ഇസ്രയേല്‍ സൈന്യം ഗാസയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ഇതിനിടയില്‍ കുടുങ്ങിക്കിടക്കുന്ന ഒരു പിഞ്ചുകുഞ്ഞിനെ രക്ഷിക്കുന്നു എന്ന പേരിലൊരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വീഡിയോയ്‌ക്ക് നിലവിലെ ഇസ്രയേല്‍- ഹമാസ് സംഘര്‍ഷങ്ങളുമായി ബന്ധമൊന്നുമില്ല. ഈ വര്‍ഷം ഫെബ്രുവരിയില്‍ തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ കുട്ടിയെ രക്ഷിക്കുന്ന വീഡിയോയാണ് ഗാസയിലെത് എന്ന പേരില്‍ പ്രചരിക്കുന്നത്. 

പ്രചാരണം

ഗാസ മുനമ്പില്‍ നിന്ന് രക്ഷിച്ച കുട്ടി എന്ന തലക്കെട്ടിലാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. വാര്‍ ന്യൂസ് റിപ്പോര്‍ട്ട് എന്ന ഇന്‍സ്റ്റ അക്കൗണ്ടാണ് 2023 ഒക്ടോബര്‍ 13-ാം തിയതി വീഡിയോ പങ്കുവെച്ചത്. കെട്ടിടാവശിഷ്‌ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടിയെ സാഹസികമായി പുറത്തെടുക്കുന്നതാണ് ദൃശ്യത്തില്‍ കാണുന്നത്. മുഖ്യധാര മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ കാണാനാകില്ലെന്ന് പലരും വീ‍ഡിയോയ്‌ക്ക് താഴെ കമന്‍റ് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. 

ഇന്‍സ്റ്റഗ്രാം വീഡിയോ

View post on Instagram

വസ്‌തുത

ഗാസയില്‍ നിന്നുള്ള വീഡിയോ എന്ന പേരില്‍ പ്രചരിക്കുന്ന ഈ ദൃശ്യം രാജ്യാന്തര മാധ്യമങ്ങള്‍ ഫോളോ ചെയ്യുന്നവര്‍ക്ക് സുപരിചിതമായ ഒന്നാണ്. ഈ വര്‍ഷാദ്യം തുര്‍ക്കിയെയും സിറിയയെയും പിടിച്ചുലച്ച കനത്ത ഭൂകമ്പത്തില്‍ കെട്ടിടാവശിഷ്‌ടങ്ങളില്‍ കുടുങ്ങിയ കുട്ടിയെ രക്ഷിക്കുന്നതിന്‍റെ വീഡിയോയാണിത്. ഫെബ്രുവരി ആറിന് തുര്‍ക്കിയുണ്ടായ ഭൂകമ്പത്തില്‍ കുറഞ്ഞത് അമ്പതിനായിരം പേരെങ്കിലും മരണപ്പെട്ടു എന്നാണ് കണക്ക്. ഗാസയില്‍ നിന്നുള്ളത് എന്ന അവകാശവാദത്തോടെ ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ സിറിയ സിവില്‍ ഡിഫന്‍സ് 2023 ഫെബ്രുവരി 11ന് ട്വീറ്റ് ചെയ്‌തിരിക്കുന്നു. 

ഒറിജിനല്‍ വീഡിയോ

Scroll to load tweet…

നിഗമനം

ഗാസയില്‍ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന വ്യോമാക്രമണങ്ങളില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങളില്‍ നിന്ന് പി‌ഞ്ചുകുട്ടിയെ രക്ഷിക്കുന്നതായുള്ള വീഡ‍ിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ വര്‍ഷാദ്യം തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലുണ്ടായ ഭൂകമ്പ ശേഷം കുട്ടിയ രക്ഷിക്കുന്ന ദൃശ്യങ്ങളാണിത്.

Read more: 'ഗാസയിലേക്ക് ചുമടായി ഭക്ഷണവും വെള്ളവും എത്തിച്ച് നൂറുകണക്കിന് ഈജിപ്‌തുകാര്‍', വീഡിയോ വ്യാജം- Fact Check