വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് മധ്യേ ഒരു തീന്‍മേശയ്‌‌ക്ക് ചുറ്റുമിരുന്ന് നിരവധിയാളുകള്‍ ഭക്ഷണം കഴിക്കുന്നതാണ് ഫോട്ടോ

ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടല്‍ ഗാസയെ രക്തരൂക്ഷിതമാക്കിയിരിക്കുമ്പോള്‍ നിരവധി വീഡിയോകളും ചിത്രങ്ങളുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇക്കൂട്ടത്തിലൊരു ചിത്രമാണ് തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് മധ്യേ ഒരു തീന്‍മേശയ്‌‌ക്ക് ചുറ്റുമിരുന്ന് നിരവധിയാളുകള്‍ ഭക്ഷണം കഴിക്കുന്നതിന്‍റെത്. ഗാസയില്‍ നിന്നുള്ള ചിത്രം എന്ന കുറിപ്പോടെയാണ് ഈ ഫോട്ടോ സാമൂഹ്യമാധ്യമമായ എക്‌സില്‍ (പഴയ ട്വിറ്റര്‍) പ്രചരിക്കുന്നത്. എന്നാല്‍ ഈ ചിത്രം യാഥാര്‍ഥ്യമല്ല എന്നതാണ് വസ്‌തുത. 

പ്രചാരണം

'ജീവിക്കാനും പങ്കുവെക്കാനും പുനര്‍നിര്‍മിക്കാനുമുള്ള ആഗ്രഹത്തെ നിങ്ങള്‍ക്ക് കൊല്ലാനാവില്ല. പലസ്‌തീന്‍ ജനതയുടെ വീര്യത്തെ ഒരു ബോംബിനും തകര്‍ക്കാനാവില്ല' എന്നുമുള്ള തലക്കെട്ടോടെയാണ് ഷാഹിദ് സിദ്ദിഖീ എന്ന യൂസര്‍ ചിത്രം ട്വീറ്റ് ചെയ്‌തിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ ചിത്രത്തില്‍ പോരായ്‌മകള്‍ പ്രകടനമാണ് എന്നതിനാല്‍ ഫോട്ടോയെ കുറിച്ച് വിശദമായി പരിശോധിക്കാം.

Scroll to load tweet…
Scroll to load tweet…

വസ്‌തുതാ പരിശോധന

പ്രചരിക്കുന്ന ചിത്രത്തിന്‍റെ വസ്‌തുത മനസിലാക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീമിന് അധികം പാടുപെടേണ്ടിവന്നില്ല. തീന്‍മേശയ്ക്ക് ചുറ്റും കൂടിയിരിക്കുന്ന ആളുകളുടെ രൂപത്തിലുള്ള അപൂര്‍ണതയാണ് ഫോട്ടോ യാഥാര്‍ഥ്യമല്ല എന്ന ആദ്യ സൂചന നല്‍കിയത്. പലരുടെയും മൂക്ക്, ചെവി, കൈകള്‍ തുടങ്ങിയ പല ഭാഗങ്ങള്‍ക്കും സ്വാഭാവികത തോന്നിക്കുന്നില്ല എന്ന് ചിത്രം സൂം ചെയ്‌തതില്‍ നിന്ന് മനസിലാക്കി. ചിത്രത്തിലുള്ള മിക്കയാളുകളുടെയും മുഖത്തിന് ഈ രൂപവ്യത്യാസം പ്രകടമാണ്. ചിത്രത്തിലുള്ള പലരുടെയും കൈകള്‍ക്കും കാലുകള്‍ക്കും നാല് വിരലുകള്‍ മാത്രമേ കാണാനാകുന്നുള്ളൂ. ഒരു കുട്ടിക്ക് തന്നെ വലതുഭാഗത്ത് രണ്ട് കൈകള്‍ കാണാം. തെളിവായി താഴെയുള്ള ചിത്രങ്ങള്‍ ശ്രദ്ധിക്കുക. 

ഈ തെളിവുകള്‍ കൊണ്ടുതന്നെ ചിത്രം ആരോ കൃത്രിമമായി നിര്‍മിച്ചതാണ് എന്ന് ഉറപ്പായി. ഈ ഫോട്ടോ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സോ ഫോട്ടോഷോപ്പോ ഉപയോഗിച്ച് നിര്‍മിച്ചതാണ് എന്ന് പലരും ട്വീറ്റിന് താഴെ കമന്‍റ് ചെയ്‌തിട്ടുണ്ട് എന്നും കാണാനായി. ഇതും ചിത്രം വ്യാജമാണ് എന്ന് വ്യക്തമാക്കുന്ന തെളിവുകളാണ്. 

നിഗമനം

ഗാസയില്‍ നിന്നുള്ള ചിത്രം എന്ന അവകാശവാദത്തോടെയുള്ള ചിത്രം യഥാര്‍ഥമല്ല. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സുകളുടെ സഹായത്തോടെ നിര്‍മിച്ച ഫോട്ടോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ തെറ്റായി പ്രചരിക്കുന്നത്. 

Read more: '49-ാം ഏകദിന സെഞ്ചുറി ഗാസയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് വിരാട് കോലി', ഐക്യദാര്‍ഢ്യം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം