കേരളത്തെ നടുക്കിയ പല ഉരുള്‍പ്പൊട്ടല്‍ ദുരന്തങ്ങളും ഈ ദൃശ്യം കാണുമ്പോള്‍ നമുക്ക് ഓര്‍മ്മവരും

ഡെര്‍ന: ലോകത്തിന്‍റെ കണ്ണീരായിരിക്കുകയാണ് ആഫ്രിക്കന്‍ രാജ്യമായ ലിബിയ. കിഴക്കന്‍ ലിബിയയില്‍ ഡാനിയേല്‍ കൊടുങ്കാറ്റുണ്ടാക്കിയ താണ്ഡവം മനുഷ്യരാശിയെ സങ്കടത്തിലാഴ്‌ത്തിയിരിക്കുകയാണ്. ഡാനിയേലിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഇതുവരെ ആറായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നതോടെ തീരദേശ നഗരമായ ഡെര്‍ന പട്ടണത്തിന്‍റെ 25 ശതമാനം പ്രദേശം കടലിലേക്ക് ഒലിച്ചുപോയി. ഇതിനൊപ്പം വ്യാജ വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രളയമായിരിക്കുകയാണ് ലിബിയയില്‍ നിന്ന്. 

Scroll to load tweet…

ഹിമാചല്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും മേഘവിസ്‌ഫോടനങ്ങളെ തുടര്‍ന്ന് നമ്മള്‍ കണ്ടിട്ടുള്ള കനത്ത മണ്ണിടിച്ചിലിന്‍റേയും മണ്ണൊലിപ്പിന്‍റേയും സമാനമായ ഒരു വീഡിയോ ലിബിയയില്‍ നിന്നുള്ളതാണ് എന്ന പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമാണ്. കേരളത്തെ നടുക്കിയ പല ഉരുള്‍പ്പൊട്ടല്‍ ദുരന്തങ്ങളും ഈ ദൃശ്യം കാണുമ്പോള്‍ നമുക്ക് ഓര്‍മ്മവരും. കനത്ത ജലപ്രവാഹത്തെ തുടര്‍ന്ന് വീടുകള്‍ ഉള്‍പ്പടെയുള്ള കെട്ടിടങ്ങള്‍ ഒലിച്ചുപോകുന്നത് ഈ വീഡിയോയില്‍ കാണാം. ലിബിയയിലെ മിന്നല്‍ പ്രളയത്തിന്‍റെ ദൃശ്യമാണ് ഇത് എന്ന് പറഞ്ഞുകൊണ്ടുള്ള നിരവധി പോസ്റ്റുകള്‍ സാമൂഹ്യമാധ്യമമായ എക്‌സില്‍(ട്വിറ്റര്‍) കാണാം. പോസ്റ്റുകള്‍ 1, 2, 3. ഡെര്‍ന പട്ടണത്തിലേക്ക് അണക്കെട്ടുകള്‍ പൊട്ടിയുണ്ടായ ജലപ്രവാഹമാണ് ഇതെന്നും പ്രചാരണം തകൃതി. 

വസ്‌തുത

വൈറലായിരിക്കുന്ന വീഡിയോ ലിബിയയിലെ പ്രകൃതി ദുരന്തത്തിന്‍റേതല്ല. 2021 ജൂലൈ മൂന്നിന് ജപ്പാനിലുണ്ടായ ഉരുള്‍പൊട്ടലിന്‍റേതാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്ട് ചെക്കില്‍ വ്യക്തമായി. അറ്റോമി നഗരത്തിലുണ്ടായ ഉരുള്‍പൊട്ടലിനെ കുറിച്ച് അന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ വൈറലായിരിക്കുന്ന ദൃശ്യം അന്ന് നമ്മള്‍ നല്‍കിയ വാര്‍ത്തയിലും കാണാം.

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്

ഇതേ വീഡിയോ വച്ച് രാജ്യാന്തര മാധ്യമമായ സിഎന്‍എന്നും അന്ന് റിപ്പോര്‍ട്ട് പങ്കുവെച്ചിരുന്നു. സിഎന്‍എന്‍ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ചുവടെ. (ഇരു സ്ക്രീന്‍ഷോട്ടുകളിലും ചുവന്ന നിറത്തിലുള്ള കെട്ടിടം കാണാം). സമാന വീഡിയോ കീവേര്‍ഡ് സെര്‍ച്ചില്‍ ഗൂഗിളിലും യൂട്യൂബിലും ദൃശ്യമായി. 

അതിനാല്‍തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോ ലിബിയന്‍ പ്രകൃതി ദുരന്തത്തില്‍ നിന്നുള്ളതല്ല, ജപ്പാനിലെ അറ്റോമിയില്‍ നിന്നുള്ളതാണ്. കനത്ത മഴയെ തുടര്‍ന്ന് അറ്റോമിയിലുണ്ടായ മലയിടിച്ചിലില്‍ 27 പേര്‍ മരിച്ചിരുന്നു. 

Read more: ഇല്ല, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്‍റെ ഹോട്ടല്‍ മൊറോക്കോ ഭൂകമ്പ ബാധിതര്‍ക്കായി തുറന്നുകൊടുത്തിട്ടില്ല!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം