കേരളത്തിന്‍റെ പുറംകടലിൽ അപകടത്തിൽപ്പെട്ട വാൻ ഹായി 503 കപ്പലിന്‍റെ ദൃശ്യങ്ങള്‍ എന്ന അവകാശവാദത്തോടെയുള്ള വീഡിയോയുടെ വസ്തുത
കേരളത്തിന്‍റെ പുറംകടലിൽ അപകടത്തിൽപ്പെട്ട വാൻ ഹായി 503 കപ്പല്‍ രണ്ട് ദിവസമായി കത്തിയമര്‍ന്നുകൊണ്ടിരിക്കുകയാണ്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന സിംഗപ്പൂർ പതാകയുള്ള ചരക്ക് കപ്പലാണ് ബേപ്പൂർ തുറമുഖത്തിന് ഏകദേശം 76 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ഭാഗത്ത് വച്ച് അറബിക്കടലില്‍ അപകടത്തില്‍പ്പെട്ടത്. ഈ കപ്പല്‍ അപകടത്തിന്‍റെ ഏറെ ദൃശ്യങ്ങള്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് തന്നെ പുറത്തുവിട്ടിരുന്നു. ഇതിന് പുറമെ മറ്റൊരു വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്‌ബുക്കില്‍ പ്രചരിക്കുന്നത് കാണാം. ഈ വീഡിയോ യഥാര്‍ഥമോ എന്ന് പരിശോധിക്കാം.
പ്രചാരണം
'ഉൾക്കടലിൽ ചരക്കുകപ്പലിന് തീപിടിച്ചു; അപകടത്തിന്‍റെ ആകാശ ദൃശ്യങ്ങൾ'- എന്ന തലക്കെട്ടില്‍ #kozhikode #Beypore എന്നീ ഹാഷ്‌ടാഗുകള്‍ സഹിതമാണ് 41 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പെരുനാട് കഥകൾ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്തിരിക്കുന്നത്.

വസ്‌തുതാ പരിശോധന
കേരള തീരത്ത് വാൻ ഹായി 503 കപ്പല്‍ കത്തിയമര്‍ന്നതിന്‍റെയും, രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്‍റെയും കോസ്റ്റ് ഗാര്‍ഡ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ കാണുന്ന കപ്പല്‍ അല്ല ഫേസ്ബുക്ക് വീഡിയോയില്‍ കാണുന്നത് എന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമാണ്. അതിനാല്‍ തന്നെ ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ കീഫ്രെയിമുകളാക്കി നടത്തിയ പരിശോധനയില്‍, എഫ്‌ബിയില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഗോവന്‍ പുറംകടലില്‍ നടന്ന ഒരു കപ്പല്‍ അപകടത്തിന്‍റെതാണ് എന്ന് വ്യക്തമായി. ഈ സമാന ദൃശ്യങ്ങള്‍ സഹിതം ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ 2024 ജൂലൈ 19ന് ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത വാര്‍ത്ത ചുവടെ ചേര്‍ക്കുന്നു. കേരള തീരത്ത് അപകടത്തില്‍പ്പെട്ട വാൻ ഹായി 503 കപ്പലിന്‍റെത് എന്ന പേരില്‍ പലരും പങ്കുവെക്കുന്ന വീഡിയോ പഴയതും ഗോവയുടെ പുറംകടലില്‍ നിന്നുള്ളതുമാണ് എന്ന് ഇതില്‍ നിന്നുറപ്പിക്കാം.
നിഗമനം
കേരളത്തിന്‍റെ പുറംകടലിൽ അപകടത്തിൽപ്പെട്ട വാൻ ഹായി 503 കപ്പലിന്‍റെ ദൃശ്യങ്ങള്‍ എന്ന അവകാശവാദത്തോടെയുള്ള വീഡിയോ പഴയതും ഗോവന്‍ തീരത്ത് നിന്നുള്ളതുമാണ്.


