കരൂരിലെ റാലിക്കിടെയുണ്ടായ ദുരന്തത്തിന് ശേഷം വിജയ് അനുകമ്പയില്ലാതെ പെരുമാറിയോ? പ്രചരിക്കുന്ന വീഡിയോയുടെ സത്യമറിയാം.
ചെന്നൈ: കരൂരിലെ റാലിക്കിടെ തിക്കിലും തിരക്കിലും വലിയ ദുരന്തമുണ്ടായതിന് പിന്നാലെ, വിജയ് സംഭവ സ്ഥലത്തു നിന്ന് അതിവേഗം ചെന്നൈയിലെ വീട്ടിലേക്ക് പോയതിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്. 39 ജീവനാണ് വിജയ്‍യെ കാണാനുള്ള തിക്കിലും തിരക്കിലും പൊലിഞ്ഞത്. ദുരന്തത്തിന് പിന്നാലെ വേദി വിട്ട വിജയ് തിരുച്ചിറപ്പള്ളി വഴി വിമാനത്തിലാണ് ചെന്നൈയിലെ വീട്ടിലെത്തിയത്. ചെന്നൈയിൽ എത്തിയ വിജയ് ആരാധകർക്കൊപ്പം ചിരിച്ചു കൊണ്ടു സെൽഫി എടുത്തു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആ വീഡിയോ സത്യമാണോയെന്ന് പരിശോധിക്കാം...
പ്രചാരണം
"കരൂരിൽ തന്‍റെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരെയും മുറിവേറ്റവരെയും ദുരിതത്തിലേക്ക് തള്ളിവിട്ട് വിജയ് സുരക്ഷിതമായി ചെന്നൈയിൽ എത്തി. വിമാനമിറങ്ങി അനുകമ്പയില്ലാതെ ക്യാമറകൾക്ക് മുന്നിൽ നിന്നു. സെൽഫി എടുത്തു. ഒരു നേതാവിന് യോജിച്ച പ്രവൃത്തി അല്ല ഇത്. വിജയ് നേതാവാകാൻ യോഗ്യനല്ല"- വീഡിയോയ്ക്കൊപ്പം ഈ വാക്കുകൾ സമൂഹ മാധ്യമമായ എക്സിൽ പ്രചരിക്കുന്നുണ്ട്.
വസ്തുത
എന്നാൽ ഈ വീഡിയോ ഇന്നലത്തേതല്ല. കഴിഞ്ഞ ശനിയാഴ്ച അർദ്ധരാത്രിയോടെ വിജയ് ചെന്നൈയിൽ തിരിച്ചെത്തിയപ്പോഴുള്ള വീഡിയോ ആണിത്. പഴയ വീഡിയോ ആണ് ഇന്നലത്തേതെന്ന പേരിൽ പ്രചരിക്കുന്നത്.
ദുരന്തത്തെ കുറിച്ച് വിജയ്‍യുടെ പ്രതികരണം
കരൂരിലെ ദുരന്തത്തിന് ശേഷം എക്സിലൂടെ വിജയ് പ്രതികരിച്ചതിങ്ങനെയാണ്- "എന്റെ ഹൃദയം തകർന്നിരിക്കുന്നു. അസഹനീയമായ വേദനയിലും ദുഃഖത്തിലും ആണ് ഞാൻ. കരൂരിൽ ജീവൻ നഷ്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങളെ എന്‍റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു" എന്നാണ് വിജയ് പ്രതികരിച്ചത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തിയ വിജയ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. വിജയ് യുടെ വീടിന് മുന്നിൽ പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. പൊലീസ് അനുവദിച്ചാൽ കരൂരിലേക്ക് പോകുമെന്ന് പിന്നീട് വിജയ് പ്രതികരിച്ചു. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചു. വിജയ് സംസ്ഥാന പര്യടനം നിർത്തിവയ്ക്കുകയും ചെയ്തു.


