ഇന്ത്യന്‍ ഗ്രാമത്തില്‍ കണ്ടെത്തിയ പുരാതന ബഹിരാകാശ പേടകങ്ങളോ ഇത്? ചിത്രങ്ങളുടെ വസ്തുത- Fact Check
ഇന്ത്യന്‍ ഗ്രാമത്തിലാണ് പുരാതന ബഹിരാകാശ പേടകങ്ങള്‍ പര്യവേഷണം ചെയ്തെടുത്തത് എന്ന് ചിതങ്ങള്‍ സഹിതമുള്ള എഫ്ബി കുറിപ്പില്‍ പറയുന്നു

ഇന്ത്യയില്‍ പുരാതന ബഹിരാകാശ പേടകങ്ങള്‍ കണ്ടെത്തിയോ? കണ്ടെത്തി എന്ന തരത്തില്‍ മൂന്ന് ചിത്രങ്ങള്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുകയാണ്. ഈ മൂന്ന് ഫോട്ടോകളുടെ വസ്‌തുത പരിശോധിക്കാം.
പ്രചാരണം
സീക്രട്ട് ഓഫ് ദി ഓള്‍ഡ് എര്‍ത്ത് എന്ന ഫേസ്ബുക്ക് പേജിലാണ് ഒരു കുറിപ്പ് സഹിതം മൂന്ന് ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. അതിശയിപ്പിക്കുന്ന പര്യവേഷണം അന്‍റാര്‍ട്ടിക്കയില്‍ നടന്നിരിക്കുന്നു എന്നാണ് കുറിപ്പിന്‍റെ തുടക്കത്തില്‍ പറയുന്നത്. എന്നാല്‍ ഈ കണ്ടെത്തല്‍ ഇന്ത്യയിലാണെന്നും, ഇന്ത്യന്‍ ഗ്രാമത്തിലാണ് ഇവ പര്യവേഷണം ചെയ്തെടുത്തത് എന്നും കുറിപ്പിന്‍റെ അവസാന ഭാഗത്ത് വിശദീകരിക്കുന്നു.
വസ്‌തുതാ പരിശോധന
ഇന്ത്യയില്‍ ഇത്തരമൊരു കണ്ടെത്തല്‍ നടന്നിട്ടുണ്ടോ എന്നറിയാന്‍ വിശദമായ പരിശോധന നടത്തിയെങ്കിലും ആധികാരികമായ വാര്‍ത്തകളൊന്നും കണ്ടെത്താനായില്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലും ചിത്രങ്ങളില്‍ കാണുന്ന ബഹിരാകാശ പേടകങ്ങളെ കുറിച്ച് പരാമര്‍ശമില്ല. അതിനാല്‍ തന്നെ ഈ ചിത്രങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയവയാണോ എന്ന് പരിശോധിക്കുകയും ചെയ്തു. ഹൈവ് മോഡറേഷന്‍ പോലുള്ള എഐ ഫോട്ടോ ഡിറ്റക്ഷന്‍ വെബ്‌സൈറ്റുകള്‍ പറയുന്നത് ഈ ഫോട്ടോകള്‍ എഐ നിര്‍മിതമാവാന്‍ 90 ശതമാനത്തിലധികം സാധ്യതയുണ്ടെന്നാണ്.
നിഗമനം
ഇന്ത്യന്‍ ഗ്രാമത്തില്‍ പ്രാചീന ബഹിരാകാശ പേടകങ്ങള്‍ കണ്ടെത്തി എന്ന സോഷ്യല്‍ മീഡിയ പ്രചാരണം നടക്കുന്നത് എഐ നിര്‍മിത ചിത്രങ്ങള്‍ ഉപയോഗിച്ചാണ്.
Read more: ദില്ലി തെരഞ്ഞെടുപ്പ്; ബിജെപി 47 സീറ്റുകള്‍ നേടുമെന്ന അഭിപ്രായ സര്‍വെ വീഡിയോ വ്യാജം- Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
