ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് പോളിംഗിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണം

ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് ആവേശം മുറുകിയിരിക്കേ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം തകൃതി. ദില്ലി ഇലക്ഷനില്‍ 70ല്‍ 47 സീറ്റുകളുമായി ബിജെപി വന്‍ വിജയം നേടുമെന്ന് ഹിന്ദി ചാനലായ എബിപി ന്യൂസ് അഭിപ്രായ സര്‍വെ ഫലം പുറത്തുവിട്ടതായാണ് വീഡിയോ സഹിതം സോഷ്യല്‍ മീഡിയയിലെ പ്രചാരണം. എന്നാല്‍ ബിജെപിക്ക് 47 സീറ്റുകള്‍ പ്രവചിക്കുന്ന അഭിപ്രായ സര്‍വേ ഫലം ചാനലിന്‍റേതല്ലെന്നും വ്യാജ പ്രചാരണങ്ങളില്‍ നിന്ന് ആളുകള്‍ വിട്ടുനില്‍ക്കണമെന്നും എബിപി ന്യൂസ് അഭ്യര്‍ഥിച്ചു. 

പ്രചാരണം

ബ്രേക്കിംഗ് ന്യൂസ് എന്ന ഗ്രാഫിക്സോടെ 1.26 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് എക്സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായിരിക്കുന്നത്. ബിജെപി 47 ഉം, എഎപി 17 ഉം, കോണ്‍ഗ്രസ് 6 ഉം സീറ്റുകള്‍ ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് 2025ല്‍ വിജയിക്കുമെന്ന് ഗ്രാഫിക്സില്‍ പറയുന്നു. 

Scroll to load tweet…

വസ്തുത

ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനത പാര്‍ട്ടിക്ക് 47 സീറ്റുകള്‍ പ്രവചിക്കുന്ന സര്‍വെ ഫലം ചാനല്‍ പുറത്തുവിട്ടതല്ലെന്നും വീഡിയോ വ്യാജമാണെന്നും എബിപി ന്യൂസ് അറിയിച്ചു. ഇക്കാര്യം എബിപി ന്യൂസ് ഔദ്യോഗിക എക്സ് ഹാന്‍ഡിലിലൂടെ ട്വീറ്റ് ചെയ്തിട്ടുണ്ട്. 'എബിപി ന്യൂസിന്‍റെ പേരില്‍ ഒരു വ്യാജ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. വീഡിയോയില്‍ കാണുന്നത് പോലെയൊരു അഭിപ്രായ സര്‍വെ എബിപി ന്യൂസ് നടത്തിയിട്ടില്ല. വ്യാജ പ്രചാരണങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുന്നു'- എന്നുമാണ് എബിപി ന്യൂസിന്‍റെ ട്വീറ്റ്. 

Scroll to load tweet…

ദില്ലി നിയമസഭ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് (ഫെബ്രുവരി 3) അവസാനിക്കും. ബിജെപി, കോൺഗ്രസ്, ആം ആദ്മി പാർട്ടികള്‍ നേർക്കുനേർ മത്സരിക്കുന്ന ദില്ലിയിലെ 70 മണ്ഡലങ്ങളിലേക്ക് ബുധനാഴ്ച വോട്ടെടുപ്പ് നടക്കും. ഭരണതുടർച്ചക്ക് ആം ആദ്മി പാർട്ടി ശ്രമിക്കുമ്പോൾ, അട്ടിമറിയാണ് കോൺഗ്രസും ബിജെപിയും ലക്ഷ്യംവയ്ക്കുന്നത്.

Read more: അവിശ്വാസിയായ പ്രകാശ് രാജ് മഹാകുംഭമേളയില്‍ പങ്കെടുത്തോ? എന്താണ് ചിത്രത്തിന്‍റെ യാഥാര്‍ഥ്യം? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം