ദില്ലി: രാജ്യത്ത് പാചകാവശ്യത്തിന് ഉപയോഗിക്കുന്ന എല്‍പിജി ഗ്യാസ് സിലിണ്ടറിന്‍റെ വില ദിനംപ്രതിയോ അല്ലെങ്കില്‍ ആഴ്‌ചകള്‍ തോറുമോ പുതുക്കി നിശ്ചയിക്കാന്‍ ഒരുങ്ങുകയാണോ എണ്ണ കമ്പനികള്‍. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഗ്യാസ് വിലയില്‍ വമ്പന്‍ പരിഷ്‌കാരം വരുന്നതായി പറയുന്നത്. ഈ വാര്‍ത്തയ്‌ക്ക് പിന്നിലെ വസ്‌തുത പിഐബി ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി. 

പ്രചാരണം

സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഗ്യാസ് വില സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് പിന്നില്‍. ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ കമ്പനികള്‍ ദിവസേനയോ ആഴ്‌ചകളിലോ മാറ്റംവരുത്താന്‍ ആലോചിക്കുന്നതായി ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്നാണ് പ്രചാരണത്തില്‍ പറയുന്നത്. 

വസ്‌തുത

എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം(പിഐബി ഫാക്ട് ചെക്ക്) പറയുന്നത് ഇങ്ങനെ. 'ഗ്യാസ് വിലയുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്ത വ്യാജവും അടിസ്ഥാനരഹിതവുമാണ്. എല്‍പിജി ഗ്യാസ് വിലയില്‍ കേന്ദ്ര സര്‍ക്കാര്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല' എന്നും പിഐബി വ്യക്തമാക്കി. 

 

നിഗമനം

എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വില ദിവസേനയോ ആഴ്‌ചകള്‍ തോറുമോ പുതുക്കി നിശ്ചയിക്കാന്‍ എണ്ണ കമ്പനികള്‍ തയ്യാറെടുക്കുന്നു എന്ന പ്രചാരണം വ്യാജമാണ്. 

ഫൈസറിന്‍റെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച നഴ്‌സ് മരിച്ചു എന്ന പ്രചാരണം സത്യമോ

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​