ഡിഎംകെ എംഎല്‍എ മന്‍സൂര്‍ മുഹമ്മദ് ഡ്യൂട്ടിയിലുള്ള തമിഴ്നാട് പൊലീസ് ഇന്‍സ്‌പെക്ടറെ തല്ലുകയാണ് എന്ന കുറിപ്പോടെയാണ് വീഡിയോ

ചെന്നൈ: തമിഴ്നാടിലെ ഭരണ പാര്‍ട്ടിയായ ഡ‍ിഎംകെയുടെ ഒരു എംഎല്‍എ ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ ക്രൂരമായി മര്‍ദിക്കുന്നതായി ഒരു ദൃശ്യം സാമൂഹ്യമാധ്യമമായ എക്‌സില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. എന്നാല്‍ ആരോപിക്കപ്പെടുന്നത് പോലെയല്ല ഈ വീഡിയോയുടെ യാഥാര്‍ഥ്യം. വീഡിയോ പ്രചാരണവും വസ്തുതയും വിശദമായി നോക്കാം.

പ്രചാരണം

'ഡിഎംകെ എംഎല്‍എ മന്‍സൂര്‍ മുഹമ്മദ് ഡ്യൂട്ടിയിലുള്ള തമിഴ്നാട് പൊലീസ് ഇന്‍സ്‌പെക്ടറെ തല്ലുകയാണ്. ജാതിയുടെയും ഭാഷയുടെയും അടിസ്ഥാനത്തില്‍ സര്‍ക്കാരിനെ തെരഞ്ഞെടുത്താല്‍ ഇതാണ് പ്രശ്നം. തമിഴ്നാട് പശ്ചിമ ബംഗാളായിക്കൊണ്ടിരിക്കുകയാണ്' എന്ന കുറിപ്പോടെയാണ് റിഷവ് സിംഗ് എന്ന എക്‌സ് യൂസര്‍ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ എക്‌സില്‍ പങ്കുവെച്ചിരിക്കുന്നത്. പൊലീസുകാരനെ ഒരാള്‍ ക്രൂരമായി മര്‍ദിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. 'തമിഴ്നാട്ടിലെ നിയമവാഴ്ചയുടെ അവസ്ഥ ഇതാണ്, നിസ്സഹായരായ പൊലീസുകാരുടെ അവസ്ഥയും' എന്ന തലക്കെട്ടോടെയും വീഡിയോ ട്വീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ട്വീറ്റുകളുടെ ലിങ്കുകള്‍ 1, 2, 3 എന്നിവയില്‍ കാണാം.

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

വസ്തുതാ പരിശോധന

വീഡിയോ വ്യാപകമായി ഷെയ‍ര്‍ ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ വസ്തുത എന്താണ് എന്ന് നോക്കാം. വസ്തുത മനസിലാക്കാന്‍ വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കുകയാണ് ചെയ്തത്. ഇതില്‍ ഇംഗ്ലീഷ് മാധ്യമമായ ഡെക്കാന്‍ ക്രോണിക്കിള്‍ 2018 ഒക്ടോബര്‍ 20ന് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത ലഭിച്ചു. ബിജെപി കൗണ്‍സിലര്‍ റസ്റ്റോറന്‍റില്‍ വച്ച് ഉത്തര്‍പ്രദേശ് പൊലീസുകാരനെ മര്‍ദിച്ചു എന്ന തലക്കെട്ടിലാണ് വാര്‍ത്ത. മീറ്ററ്റിലെ 40-ാം വാര്‍ഡ് കൗണ്‍സിലറായ മുനീഷ് കുമാറാണ് എസ്ഐയെ മര്‍ദിച്ചത് എന്ന് വാര്‍ത്തയില്‍ പറയുന്നു. സംഭവം നടന്ന റസ്റ്റോറന്‍റിന്‍റെ ഉടമ കൂടിയാണ് മുനീഷ് കുമാര്‍. ഭക്ഷണം നല്‍കാന്‍ വൈകിയെന്ന പരാതിയെ തുടര്‍ന്നായിരുന്നു മര്‍ദനം. 

തമിഴ്നാട്ടിലേത് എന്ന അവകാശവാദത്തോടെ ഇപ്പോള്‍ പ്രചരിക്കുന്ന സമാന വീഡിയോയുടെ പൂര്‍ണ രൂപം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ 2018 ഒക്ടോബര്‍ 20ന് ട്വീറ്റ് ചെയ്തതും ഡെക്കാന്‍ ക്രോണിക്കിളിന്‍റെ വാര്‍ത്തയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വീഡിയോയുടെ വസ്തുത ഇതില്‍ നിന്ന് വ്യക്തം. 

Scroll to load tweet…

നിഗമനം

തമിഴ്നാടില്‍ ഡ‍ിഎംകെ എംഎല്‍എ ഒരു പൊലീസുകാരനെ മര്‍ദിച്ചതായി പ്രചരിക്കുന്ന വീഡിയോ 2018ലേതും ഉത്തര്‍പ്രദേശില്‍ നിന്നുള്ളതുമാണ്. മീററ്റിലെ ബിജെപി കൗണ്‍സിലറായ മുനീഷ് കുമാറാണ് സംഭവത്തിലെ പ്രതി. 

Read more: വിദ്യാര്‍ഥികള്‍ക്ക് സുവര്‍ണാവസരമോ, കേന്ദ്ര സര്‍ക്കാരിന്‍റെ സൗജന്യ ലാപ്ടോപ് പദ്ധതിയോ? സത്യമിത്- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം