ഏഷ്യാ കപ്പ് ഫൈനലിന് ശേഷം സ്റ്റേഡിയത്തില്‍ പാകിസ്ഥാന്‍ ആരാധകര്‍ ആക്രമണം അഴിച്ചുവിട്ടതായി എക്‌സും ഫേസ്ബുക്കും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോ വ്യാപകം. വസ്‌തുത പരിശോധിക്കാം.

തിരുവനന്തപുരം: ഇക്കുറി ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പാകിസ്ഥാനെ തോല്‍പിച്ച് ടീം ഇന്ത്യ ജേതാക്കളായിരുന്നു. അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ വിജയം. ഫൈനലില്‍ തോറ്റ പാകിസ്ഥാന്‍ ടീമിന്‍റെ ആരാധകര്‍ ഇതോടെ സ്റ്റേഡിയത്തിലെ കസേരകള്‍ തല്ലിപ്പൊളിച്ചോ? പാകിസ്ഥാന്‍ ടീമിന്‍റെ ജേഴ്‌സിയണിഞ്ഞ ആരാധകര്‍ സ്റ്റേഡിയത്തിനുള്ളില്‍ അക്രമാസക്തരാവുന്ന വീഡിയോ എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വെറലാണ്. എന്താണ് ഈ വീഡിയോയുടെ യാഥാര്‍ഥ്യം എന്ന് പരിശോധിക്കാം.

വസ്‌തുതാ പരിശോധന

2025ലെ ഏഷ്യാ കപ്പ് ഫൈനലിന് ശേഷം പാക് ആരാധകര്‍ സ്റ്റേഡിയത്തില്‍ അക്രമം അഴിച്ചുവിട്ടോ എന്നറിയാന്‍ കീവേഡ് സെര്‍ച്ച് നടത്തിയെങ്കിലും ആധികാരികമായ വാര്‍ത്തകളൊന്നും കണ്ടെത്താനായില്ല. അതിനാല്‍ വൈറല്‍ വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഈ പരിശോധനയില്‍ വീഡിയോ 2022 സെപ്റ്റംബര്‍ എട്ടിന്, അതായത് മൂന്ന് വര്‍ഷം മുമ്പ് മാധ്യമപ്രവര്‍ത്തകനായ ആദിത്യ റായ് കൗള്‍ എക്‌സില്‍ പോസ്റ്റ് ചെയ്‌തിരുന്നതാണെന്ന് വ്യക്തമായി. പാകിസ്ഥാന്‍-അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണിത് എന്ന് എക്‌സ് പോസ്റ്റില്‍ പറയുന്നു. എക്‌സ് പോസ്റ്റ് ചുവടെ ചേര്‍ക്കുന്നു.

Scroll to load tweet…

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പാക്-അഫ്‌ഗാന്‍ ഫാന്‍സ് ഏറ്റുമുട്ടിയതിന്‍റെ 2022 സെപ്റ്റംബറിലെ വാര്‍ത്തയും പരിശോധനയില്‍ കണ്ടെത്താനായി. 2025ലെ ഏഷ്യാ കപ്പ് ഫൈനലിന് ശേഷം നടന്ന സംഭവത്തിന്‍റെ വീഡിയോ അല്ല ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് എന്ന് ഈ രണ്ട് തെളിവുകളില്‍ നിന്ന് വ്യക്തമാണ്.

2022ലെ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്

നിഗമനം

ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിന് ശേഷം പാക് ആരാധകര്‍ സ്റ്റേഡിയം തല്ലിത്തകര്‍ത്തു എന്ന വീഡിയോ പ്രചാരണം വ്യാജമാണ്. പ്രചരിക്കുന്ന വീഡിയോ 2022 സെപ്റ്റംബറിലേതും, അന്ന് പാകിസ്ഥാന്‍- അഫ്‌ഗാനിസ്ഥാന്‍ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയതിന്‍റേതുമാണ്. ഈ വീഡിയോയ്‌ക്ക് അടുത്തിടെ അവസാനിച്ച ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റുമായി യാതൊരു ബന്ധവുമില്ല. ഇത്തവണത്തെ ഏഷ്യാ കപ്പ് ഫൈനലിന് ശേഷം ഇത്തരമൊരു സംഘര്‍ഷമുണ്ടായിട്ടില്ല.

Asianet News Live | Malayalam News Live | Kerala News | Breaking News Live | Actor Vijay Rally | TVK