കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ നടന്ന ദാരുണ സംഭവത്തിന്‍റെ ചിത്രം എന്ന രീതിയില്‍ ഷെയര്‍ ചെയ്യപ്പെടുന്ന ഫോട്ടോയുടെ വസ്‌തുത
പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ഒരു മുളംകമ്പില്‍ കെട്ടിയിട്ടിരിക്കുന്ന മൃതദേഹം. അത് ചുമന്നുകൊണ്ടുപോകുന്ന രണ്ട് പൊലീസുകാര്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഇങ്ങനെയൊരു ചിത്രം പലരും കണ്ടുകാണും. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ നിന്നുള്ളതാണ് ഈ കണ്ണീര്‍ ചിത്രം എന്നാണ് ഫോട്ടോ പോസ്റ്റ് ചെയ്യുന്നവര്‍ പറയുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ യാഥാര്‍ഥ്യം മറ്റൊന്നാണ്. വിശദമായി അറിയാം പ്രചാരണവും വസ്‌തുതയും.
പ്രചാരണം
'ഖാൻഗ്രസിന്‍റെ കർണാടക മോടൽ. മൃതദേഹത്തോട് ഈ തെണ്ടിത്തരം കാണിക്കുന്നത് പോലിസുകാരാണേ...'- എന്ന കുറിപ്പോടെയാണ് ചിത്രം ഫേസ്ബുക്കില്‍ അഭിനയ മോഹി എന്ന അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

വസ്‌തുതാ പരിശോധന
കര്‍ണാടകയില്‍ നിന്നുള്ള ചിത്രം എന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകളെ കുറിച്ച് പലരും സംശയമുന്നയിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഫോട്ടോ വസ്‌തുതാ പരിശോധനയ്ക്ക് വിധേയമാക്കി. മലയാളം കുറിപ്പോടെ ഇപ്പോള്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഫോട്ടോ ഗൂഗിളില്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ ദൈനിക് ഭാസ്‌കര്‍ ഓഗസ്റ്റ് 28ന് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്താ റിപ്പോര്‍ട്ട് ലഭ്യമായി. ഹിന്ദിയിലുള്ള ഈ വാര്‍ത്ത ട്രാന്‍സ്‌ലേറ്ററിന്‍റെ സഹായത്തോടെ പരിശോധിച്ചു. ബിഹാറിലെ മനേറില്‍ ബലാല്‍സംഗത്തിനിരയായി കൊലചെയ്യപ്പെട്ട 10 വയസുകാരിയെ കുറിച്ചാണ് വാര്‍ത്തയില്‍ പറയുന്നത്. ഈ പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസുകാര്‍ സംഭവ സ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിന്‍റെ ചിത്രമാണ് വാര്‍ത്തയില്‍ ദൈനിക് ഭാസ്‌കര്‍ നല്‍കിയിരിക്കുന്നത്. ചിത്രത്തിന്‍റെ വസ്‌തുത ഇതില്‍ നിന്ന് വ്യക്തമാണ്.

വസ്‌തുത
കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ ഒരു മൃതദേഹം പൊലീസുകാര്‍ മുളംകമ്പില്‍ കെട്ടിവച്ച് കൊണ്ടുപോകുന്നതായി ചിത്രം സഹിതമുള്ള പ്രചാരണം വ്യാജമാണ്. ഈ ഫോട്ടോ യഥാര്‍ഥത്തില്‍ ബിഹാറില്‍ നിന്നുള്ളതാണ്.



