മണിപ്പൂരില്‍ തല തകര്‍ക്കപ്പെട്ട കന്യാമറിയത്തിന്‍റെ പ്രതിമയുടെ ചിത്രം എന്ന അവകാശവാദത്തോടെയാണ് ഫോട്ടോ ഫേസ്‌ബുക്കില്‍ പ്രചരിക്കുന്നത്

തൃശൂര്‍: തൃശൂര്‍ ലൂര്‍ദ് പള്ളി മാതാവിന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി സ്വര്‍ണ കിരീടം 2024 ജനുവരി 15ന് അണിയിച്ചത് വലിയ വാര്‍ത്തയായിരുന്നു. കുടുംബസമേതമെത്തിയാണ് സുരേഷ് ​ഗോപി മാതാവിന് സ്വർണ കിരീടം സമർപ്പിച്ചത്. ഭാര്യ രാധിക, മക്കളായ ഭാ​ഗ്യ, ഭവ്യ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. തൃശൂർ ലൂർദ് പള്ളി മാതാവിന് സ്വർണ കിരീടം സമർപ്പിച്ചത് വലിയ ചര്‍ച്ചയായിരിക്കുന്ന പശ്ചാത്തലത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന ഒരു പ്രചാരണത്തിന്‍റെ യാഥാര്‍ഥ്യം എന്താണ് എന്ന് പരിശോധിക്കാം. 

പ്രചാരണം

മണിപ്പൂരില്‍ തല തകര്‍ക്കപ്പെട്ട കന്യാമറിയത്തിന്‍റെ പ്രതിമയുടെ ചിത്രം എന്ന അവകാശവാദത്തോടെയാണ് ഫോട്ടോ ഫേസ്‌ബുക്കില്‍ പ്രചരിക്കുന്നത്. സുരേഷ് ഗോപിയുടെയും തല തകര്‍ക്കപ്പെട്ട നിലയിലുള്ള കന്യാമറിയത്തിന്‍റെ ഒരു ശില്‍പത്തിന്‍റെയും ഫോട്ടോകള്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ള കൊളാഷാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 'സംഘികള്‍ തല അടിച്ചുതകര്‍ത്ത മണിപ്പൂരിലെ ഈ മാതാവിന് ഒരു തല വെച്ച് കൊടുക്കുമോ ഗോപിയേട്ടാ?' എന്ന ചോദ്യം ഈ കൊളാഷില്‍ എഴുതിയിരിക്കുന്നു. 'ഒരിടത്ത് തല അടിച്ച് തകർക്കുന്നു വേരോറിടത്ത് തലയിൽ കിരീടം അണിയിക്കുന്നു' എന്ന കുറിപ്പോടെയാണ് ഈ ചിത്രം എഫ്ബിയില്‍ ആര്‍ എസ് പ്രാണ്‍ എന്നയാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

മണിപ്പൂരിലെ സംഘര്‍ഷങ്ങളില്‍ നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടു എന്ന് ഏറെ വാര്‍ത്തകള്‍ മുമ്പ് പുറത്തുവന്നിരുന്നെങ്കിലും കന്യാമറിയത്തിന്‍റെ പ്രതിമയുടെ തല തകര്‍ക്കപ്പെട്ടു എന്ന തരത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം മണിപ്പൂരിലേത് തന്നെയോ? വിശദമായി പരിശോധിക്കാം. 

വസ്‌തുതാ പരിശോധന

കന്യാമറിയത്തിന്‍റെ രൂപത്തിന്‍റെ തല തകര്‍ക്കപ്പെട്ട രീതിയില്‍ പ്രചരിക്കുന്ന ചിത്രം മണിപ്പൂരിലേത് തന്നെയോ എന്ന് അറിയാന്‍ ഫോട്ടോ റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കുകയാണ് ചെയ്തത്. ഈ പരിശോധനയില്‍ ചിത്രത്തിന്‍റെ പൂര്‍ണരൂപത്തിലുള്ള ഫോട്ടോ ലഭിച്ചു. 2019 സെപ്റ്റംബര്‍ 30ന് 'Islamic State violence against Christians in Iraq, Syria focus of hearing' എന്ന തലക്കെട്ടില്‍ www.catholicregister.org എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ ഫോട്ടോയുള്ളത്. ഈ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇറാഖില്‍ ഐഎസ് തകര്‍ത്ത കത്തോലിക്ക ദേവാലയം പുരോഹിതന്‍ പരിശോധിക്കുന്ന ഫോട്ടോയാണിത് എന്നാണ്. 2018 സെപ്റ്റംബര്‍ 6ന് പകര്‍ത്തിയ ഫോട്ടോയാണിത് എന്നും ചിത്രത്തിന്‍റെ അടിക്കുറിപ്പില്‍ വിശദീകരിക്കുന്നു. 

ചിത്രം- വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്

കന്യാമറിയത്തിന്‍റെ രൂപം തകര്‍ക്കപ്പെട്ട സംഭവത്തിന്‍റെ വിശദാംശങ്ങള്‍ ഇത് തന്നെയോ എന്ന് കൂടുതല്‍ പരിശോധിച്ചപ്പോള്‍ പ്രമുഖ രാജ്യാന്തര മാധ്യമമായ ഫോക്സ് ന്യൂസ് 2019 ഫെബ്രുവരി 20ന് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയിലും ഇതേ ചിത്രം കാണാന്‍ സാധിച്ചു. വടക്കന്‍ ഇറാഖില്‍ ഐഎസ് തകര്‍ത്ത ക്രിസ്ത്യന്‍ ദേവാലയത്തിന്‍റെ ചിത്രം എന്നാണ് ഈ ഫോട്ടോയ്ക്ക് ഫോക്സ് ന്യൂസ് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. മണിപ്പൂരിലെ എന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രം ഇറാഖില്‍ നിന്നുള്ളതും വര്‍ഷങ്ങള്‍ പഴയതുമാണ് എന്ന് ഈ രണ്ട് മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാക്കാം. എന്നാല്‍ മണിപ്പൂരില്‍ കലാപവുമായി ബന്ധപ്പെട്ട് ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുകയും അഗ്നിക്കിരയാക്കുകയും ചെയ്യപ്പെട്ട സംഭവങ്ങള്‍ നടന്നത് 2023ലാണ്. 

ഫോക്സ് ന്യൂസ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്

നിഗമനം

മണിപ്പൂരില്‍ തകര്‍ക്കപ്പെട്ട കന്യാമറിയത്തിന്‍റെ പ്രതിമ എന്ന രീതിയില്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ചിത്രം ഇറാഖില്‍ നിന്നുള്ളതാണ്. 

Read more: അയോധ്യ രാമക്ഷേത്രത്തിന് നടന്‍ പ്രഭാസ് 50 കോടി രൂപ നല്‍കിയോ? സത്യമിത്